Thu. Jan 23rd, 2025
Leaders montage

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയതോടെ തങ്ങളുടെ നിലപാടുകള്‍ക്കുള്ള പിന്തുണയാണെന്ന അവകാശവാദവുമായി ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തെത്തി. എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു  സര്‍ക്കാരിനോടുള്ള  ജനത്തിന്‍റെ ഐക്യദാര്‍ഢ്യപ്രഖ്യാപനമാണ് ഉയര്‍ന്ന പോളിംഗെന്ന് മന്ത്രി കെടി ജലീല്‍ അവകാശപ്പെട്ടപ്പോള്‍ യുഡിഎഫിന് അനുകൂലമാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു.

എല്‍ഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ” ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഐതിഹാസിക വിജയം നേടും. സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും ക്ഷീണിപ്പിക്കാന്‍ എല്ലാ എല്ലാ പ്രതിലോമശക്തികളും ഒന്നിച്ചിരിക്കുകയാണ്. ഇതിനു വേണ്ടി കേന്ദ്ര ഏജന്‍സികളും ഒത്താശ ചെയ്തു. എന്നാല്‍ ഇടതുമുന്നണിയെ ക്ഷീണിപ്പിക്കാനും ഉലയ്ക്കാനുമാകില്ല.  16ന് വോട്ട് എണ്ണുമ്പോള്‍  ആരാണ് ഉലഞ്ഞതെന്ന് അറിയാം. ഈ തിരഞ്ഞെടുപ്പില്‍  ലീഗിന്റെ അടിത്തറ തകരാന്‍ പോകുകയാണ്” പിണറായി അവകാശപ്പെട്ടു

ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിന് ജനങ്ങള്‍ രേഖപ്പെടുത്തുന്ന വലിയ ഐക്യദാര്‍ഢ്യമാകും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്‍കുന്ന ഓരോ വോട്ടെന്നും ജലീല്‍ പറഞ്ഞു ” ഇടതുമുന്നണിക്ക് അനുകൂലമായി ജനം വോട്ട് ചെയ്യാന്‍ തീരുമാനിച്ചു എന്നതിന്റെ സൂചനയാണ് കനത്ത പോളിങ്. പല കാലത്തും വോട്ട് ചെയ്യാതിരുന്നവര്‍ ഇപ്പോള്‍ വോട്ട് ചെയ്യാനിറങ്ങിയിരിക്കുന്നു. ക്ഷേമ പെന്‍ഷനായും ഭക്ഷ്യകിറ്റായും നിരവധി ആനുകൂല്യങ്ങള്‍ എത്തി എന്ന ബോധ്യം അവര്‍ക്കുണ്ട്. അവരെ പരിഗണിച്ച സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കാനുള്ള ഒരു അവസരമായി ജനം വോട്ടെടുപ്പിനെ കാണുന്നതാണ്  പോളിംഗിലെ വര്‍ധന കാണിക്കുന്നത് ”, അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ മലപ്പുറത്ത് മികച്ച ഫലം ലഭിക്കുമെന്നാണ് കെ പി എ മജീദിന്‍റെ അവകാശവാദം. ” പരാജയഭീതിയിലായ സിപിഎം പലയിടത്തും എസ് ഡി പി ഐയുമായി സഖ്യത്തിലാണു മത്സരിക്കുന്നത്. എന്നാല്‍ ലീഗിന്റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ല. മലപ്പുറത്ത് പരമാവധി ഐക്യമുണ്ടായതിനാല്‍  കഴിഞ്ഞ തവണ നേടിയതിലും പതിന്മടങ്ങ് സീറ്റുകള്‍ നേടും” വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് വിജയം എൽഡിഎഫ് സർക്കാരിൻ്റെ ജനക്ഷേമപദ്ധതികൾക്കുള്ള അംഗീകാരമാകുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ”കള്ള പ്രചാരണങ്ങൾ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരായ വിധിയെഴുത്താവും തെരഞ്ഞെടുപ്പ് ഫലം. കോവിഡ് കാലത്ത്‌ പട്ടിണിക്കിടാതെ ജനങ്ങളെ സംരക്ഷിച്ച സർക്കാരിനല്ലാതെ ആർക്കാണ്‌ ജനം വോട്ട്‌ ചെയ്യുക. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താൻ കേരളം കൂട്ടുനിൽക്കില്ലെന്ന് ഈ തെരഞ്ഞടുപ്പ് തെളിയിക്കും. ജമാ അത്തെ ഇസ്‌ലാമിയുമായുള്ള കൂട്ടുകെട്ട്‌ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം അംഗീകരിക്കുമോ” എന്നും കോടിയേരി ചോദിച്ചു.