Sun. Nov 17th, 2024
Kuttichira LDF-UDF tension
കോഴിക്കോട്

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊട്ടിക്കലാശം നടത്തിയ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ്.  തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള   അവസാനഘട്ട പ്രചാരണത്തിനൊടുവില്‍ കോഴിക്കോട്   കുറ്റിച്ചിറയിലുണ്ടായ സംഘർഷത്തിലാണ്  പോലീസ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും സംഘർഷമുണ്ടാക്കിയതിനും കണ്ടാലറിയാവുന്ന 400 പേർക്കെതിരെയാണ് കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തത്. കളക്റ്ററുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

കുറ്റിച്ചിറയിൽ കൊട്ടിക്കലാശത്തിനെത്തിയ ഇടത്- വലതു മുന്നണികളിലെ  പ്രവർത്തകർ തമ്മില്‍ ശനിയാഴ്ച വൈകുന്നേരം ഏറ്റുമുട്ടുകയായിരുന്നു. കൊട്ടിക്കലാശത്തിനും റാലികൾക്കും അനുമതി നൽകിയിരുന്നില്ലെങ്കിലും പ്രവർത്തകർ ഒത്തുകൂടുകയായിരുന്നു.

റാലികൾ ഒരുമിച്ചെത്തിയതോടെ ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ നടത്തിയ ഉന്തും തള്ളും സംഘർഷത്തിലേക്കു വഴിമാറുകയായിരുന്നു.  ഏറെ പണിപ്പെട്ടാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അരമണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. പോലീസ് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തെ തുടർന്ന് കുറ്റിച്ചിറയിലെ പ്രചരണം നാലരയോടെ പോലീസ് നിർത്തിവെപ്പിക്കുകയായിരുന്നു.

കൊട്ടിക്കലാശത്തിന് അനുമതി നിഷേധിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കളക്റ്റര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിട്ടും ജനം മാസ്കും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കാതെ അഴിഞ്ഞാടുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കുമെന്ന് കളക്റ്ററും തിരഞ്ഞെടുപ്പു കമ്മിഷനും വ്യക്തമാക്കിയിരുന്നു.