Tue. Apr 23rd, 2024
kerala-campaign

സംസ്ഥാനത്തെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ഈ ജില്ലകൾ തിങ്കളാഴ്ചയാണ് ബൂത്തിലെത്തുക. 16 ന് ആണ് വോട്ടെണ്ണൽ. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മൂന്നു ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കോഴിക്കോട് കോർപറേഷൻ ഭരണം നിലനിർത്താൻ ഇടതുമുന്നണിയും ജില്ല പഞ്ചായത്തിൽ അധികാരം പിടിക്കാൻ യു ഡി എഫും മത്സരിക്കുന്നു. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പമായിരുന്ന എൽജെഡിയും കേരള കോണ്‍ഗ്രസ് എമ്മും ഒപ്പം ചേര്‍ന്നത്  ശക്തി വര്‍ധിപ്പിക്കുമെന്ന് എല്‍ഡിഎഫ് വിലയിരുത്തുന്നു. ജില്ലയില്‍ 25,29,000 വോട്ടര്‍മാരുണ്ട്. 5,985 സ്ഥാനാര്‍ത്ഥികളുണ്ട്. കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റികള്‍, 12 ബ്ലോക്ക് പഞ്ചായത്ത്, 70 പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിര‍ഞ്ഞെടുപ്പ്  നടക്കുന്നത്.

എല്‍ജെഡി അടക്കം വിട്ടു പോയതോടെ എല്‍ഡിഎഫിനെ എതിര്‍ക്കാന്‍ ഇവിടെ ആര്‍എംപിയെ കൂട്ടു പിടിക്കുകയെന്ന തന്ത്രമാണ് യുഡിഎഫ് മെനഞ്ഞത്. ഇടതുമുന്നണിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വടകര മേഖലയിൽ ഇക്കുറി ആർഎംപിയുമായി പരസ്യസഖ്യത്തിൽ യുഡിഎഫ് നേതൃത്വം എത്തിയത്. ഒഞ്ചിയം അടക്കമുള്ള അഞ്ചോളം പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലെ അഴിയൂര്‍ ഡിവിഷനിലും വടകര നഗരസഭയിലേക്കും യുഡിഎഫ്-ആർഎംപി ജനകീയ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ കോണ്‍ഗ്രസിലെ ആശയക്കുഴപ്പം വിവാദമായത് യുഡിഎഫിനു ക്ഷീണമായി. എന്നാൽ ആർഎംപിക്ക് അനുവദിച്ച കല്ലാമല ഡിവിഷനിൽ കോൺഗ്രസ് മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തുകയും കൈപ്പത്തി ചിഹ്നം അനുവദിച്ചതോടെയുമാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഇതേത്തുടര്‍ന്ന് കോൺഗ്രസ് നേതൃത്വം വഞ്ചിച്ചുവെന്ന ആരോപണവുമായി ആർഎംപി രംഗത്തു വരികയായിരുന്നു.

കെപിസിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്ന ആക്ഷേപം കോൺഗ്രസിൽ കലാപത്തിന് വഴിയൊരുക്കി. മുല്ലപ്പള്ളിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് കെ മുരളീധരൻ എംപി ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്മാറുകയായിരുന്നു.

അതേസമയം സര്‍ക്കാരിന്‍റെ പോലിസ് നയങ്ങള്‍ക്കെതിരേ ശക്തമായ സ്ഥാനാര്‍ത്ഥിത്വമാണ് ആര്‍എംപി കോര്‍പ്പറേഷനിലേക്ക് നിര്‍ത്തിയിരിക്കുന്ന മുഹമ്മദ് ഷുഹൈബിന്‍റേത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായി ഏറെക്കാലം ജയിൽവാസം അനുഭവിച്ച അലൻ ഷുഹൈബിന്‍റെ പിതാവാണ് ഇദ്ദേഹം.  കോഴിക്കോട് കോർപറേഷനിലെ വലിയങ്ങാടി ഡിവിഷനിൽനിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. സിപിഎം കുറ്റിച്ചിറ തങ്ങൾസ് റോഡ് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് സിപിഎം പാർട്ടി അംഗങ്ങളായ അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇരുവർക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പുറമെ വയനാട്ടില്‍ ബാണാസുരസാഗര്‍ വനപ്രദേശത്ത് മാവോയിസ്റ്റ് മുരുകനെ തണ്ടര്‍ബോള്‍ട്ടസംഘം വധിച്ചതും സര്‍ക്കാരിനെതിരേ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത്  ലീഗിനെതിരേ സിപിഎം നേതൃത്വത്തില്‍ വിവിധകക്ഷികളുമായി മുന്നണിയുണ്ടാക്കിയിരുന്നു. ലീഗ് ഇതിനെ സാമ്പാര്‍ മുന്നണിയെന്ന് പരിഹസിച്ചെങ്കിലും ജില്ലയില്‍ 26 തദ്ദേശ സ്ഥാപനങ്ങളിലാണ് ജനകീയ മുന്നണി മത്സരിച്ചത്. പരപ്പനങ്ങാടി, കൊണ്ടോട്ടി നഗരസഭകളിലും എട്ടു പഞ്ചായത്തുകളിലും പൂർണമായും മറ്റിടങ്ങളിൽ ചില വാർഡുകളിലും അവര്‍ വിജയിച്ചു.

ഇത്തവണ അതു കൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ ലീഗ് തയാറായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്ക് വിജയസാധ്യത കുറവുള്ള പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയമുന്നണിക്ക് രൂപംകൊടുത്തു കൊണ്ടാണ് ലീഗ് തിരിച്ചടിക്കാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞതവണ കൊണ്ടോട്ടി നഗരസഭയിലും വാഴക്കാട്, ചേലേമ്പ്ര, മാറാക്കര പഞ്ചായത്തുകളിലും ലീഗിന് ഭരണം നഷ്ടമായി. പരപ്പനങ്ങാടിയിൽ വിമതരെ കൂടെനിർത്തിയാണ് ഭരണമുറപ്പിച്ചത്. പിന്നീട് യുഡിഎഫ് സംവിധാനം വിപുലീകരിച്ച് ഭരണം തിരിച്ചു പിടിക്കുകയായിരുന്നു.

അഞ്ചു വർഷത്തിനുള്ളിൽ മൂന്നു മേയർമാരായിരുന്നു കണ്ണൂർ കോർപ്പറേഷന്‌. ആദ്യ നാലുവർഷം ഭരിച്ച എൽഡിഎഫിനെ അട്ടിമറിച്ച യുഡിഎഫിന്‌ ഒരു വർഷത്തിനുള്ളിൽ രണ്ട്‌ മേയർമാരുണ്ടായി. കണ്ണൂർ നഗരസഭയോട്‌ സമീപ പഞ്ചായത്തുകളായ പള്ളിക്കുന്ന്‌, പുഴാതി, എടക്കാട്‌, എളയാവൂർ, ചേലോറ എന്നിവ ചേർത്ത്‌ 2015ലാണ്‌ കോർപ്പറേഷൻ രൂപീകരിച്ചത്‌.

ജില്ലയില്‍ ആകെ 20,00,922 വോട്ടര്‍മാരാണ് ഉള്ളത്. 9,31,400 പുരുഷന്‍മാരും 10,69,518 സ്ത്രീകളും നാല് ട്രാൻസ്ജൻഡറുമാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 71 ഗ്രാമ പഞ്ചായത്തുകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍, എട്ടു നഗരസഭകള്‍ എന്നിവിടങ്ങളിലെ 1682 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതിനായി 96 റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രശ്നസാധ്യതയുള്ള 940 ബൂത്തുകളില്‍ വെബ് കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ ഇടങ്ങളില്‍ കമാന്റോകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും തീരുമാനിച്ചു. മാവോയിസ്റ്റ് ഭീഷണിയുള്ള ഇടങ്ങളിൽ തണ്ടർബോൾട്ടിന്റെ സുരക്ഷയുമുണ്ടാകും.

എൽഡിഎഫിൽ സിപിഐ എം 42 സീറ്റിലും സിപിഐ ആറിലും ഐഎൻഎൽ മൂന്നിലും ജനതാദൾ–എസ്, കോൺഗ്രസ്‌ –എസ്‌, എൽജെഡി, കേരള കോൺഗ്രസ്‌ – എം എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. കോൺഗ്രസ്‌ 36 സീറ്റിലും മുസ്ലിംലീഗ്‌ 18ലും സിഎംപി ഒന്നിലും മത്സരിക്കുന്നു. തായത്തെരു, കാനത്തൂർ, തെക്കീബസാർ, താളിക്കാവ്‌ എന്നിവിടങ്ങളിലാണ്‌ കോൺഗ്രസിന്‌ വിമതസ്ഥാനാർഥികളുള്ളത്‌. ചാലാട്‌ ലീഗിനെതിരെ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്‍റ്  തന്നെ വിമതനായി നില്‍ക്കുന്നു.

കാസര്‍കോട്‌ മൂന്നു മുന്നണികള്‍ക്കും ശക്തി അവകാശപ്പെടാവുന്ന ജില്ലയാണ്‌. കരിവെള്ളൂരിന്റെ കാര്‍ഷികവിപ്ലവ ചരിത്രം മലബാറിലെ സിപിഎമ്മിന്റെ ആവേശപൂര്‍ണമായ ഏടാണ്‌. എന്നാല്‍ യുഡിഎഫിന്‌ , വിശിഷ്യ മുസ്ലിം ലീഗിന്‌ ഏറെ വേരോട്ടമുള്ള മണ്ണാണ്‌ കാസര്‍ഗോഡ്‌. രണ്ടു ദശാബ്ദത്തിലേറെയായി ബിജെപി നോട്ടമിടുന്ന പാര്‍ലമെന്റ്‌ മണ്ഡലം കൂടിയാണിത്‌. തങ്ങളുടെ വിജയം സുനിശ്ചിതമാകുമ്പോഴൊക്കെ സിഎമ്മും കോണ്‍ഗ്രസും കൂട്ടത്തോടെ വിജയ സാധ്യതയുള്ള എതിര്‍സ്ഥാനാര്‍ത്ഥിക്ക്‌ വോട്ട്‌ മറിച്ചു കുത്തി ജനവിധിയെ അട്ടിമറിക്കുന്നുവെന്ന ആരോപണത്തിനും അത്രയും കാലത്തെ തന്നെ പഴക്കമുണ്ട്‌.

മൂന്നര പതിറ്റാണ്ടോളം സ്ഥിരമായി സിപിഎം ജയിച്ചു വരുന്ന പാര്‍ലമെന്റ്‌ സീറ്റ്‌, രാജ്‌ മോഹന്‍ ഉണ്ണിത്താനിലൂടെ കോണ്‍ഗ്രസ്‌ കഴിഞ്ഞ തവണ തിരിച്ചു പിടിക്കുകയായിരുന്നു. ഇതിന്‍റെ ആവേശത്തിനു പുറമെ രാഷ്ട്രീയ കൊലപാതകങ്ങളടക്കമുള്ള രാഷ്ട്രീയ പ്രശ്നങ്ങളും ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതും അതിനെതിരേ എല്‍ഡിഎഫ് നടത്തിയ നീക്കങ്ങളുമാണ് കോണ്‍ഗ്രസ്  ഉന്നയിക്കുന്നത്. എന്നാല്‍ മുസ്ലിം ലീഗ് ‍ എംഎല്‍എയുടെ ജ്വല്ലറി തട്ടിപ്പ് കേസ് ഉപയോഗിച്ച് പ്രതിരോധം തീർക്കുകയുമാണ് എല്‍ഡിഎഫ് ചെയ്തത്. പൗരത്വ വിഷയത്തിനെതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും ഇടതുപക്ഷം കണക്കു കൂട്ടുന്നു.

നഗരസഭയിൽ എൽഡിഎഫിനാണ് മുൻതൂക്കം. ആകെയുള്ള മൂന്ന് നഗരസഭകളിൽ 2 ഇടത്തും എൽഡിഎഫിനാണ്. ബ്ലോക്ക് പഞ്ചായത്തിൽ നാലിടത്ത് എൽഡിഫും 2 ഇടത്ത് യുഡിഎഫുമാണ് ഭരിക്കുന്നത്. 38 ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന് 19 ഇടത്ത് ഭരണമുണ്ട്. എൽഡിഎഫ് 16 ഇടത്തും കോൺഗ്രസ് വിമത വിഭാഗമായ ഡിഡിഎഫ്-1 പഞ്ചായത്തിലും ഭരിക്കുന്നു.

ജില്ലയിലാകെ ഉള്ളത് 10,46,226 വോട്ടര്‍മാരാണ്.  പുരുഷന്മാര്‍- 501876, സത്രീകള്‍- 544344, ട്രാന്‍സ്‌ജെന്‍ഡര്‍ 6 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ കണക്ക്. ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 9,17,663 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍പട്ടികയുള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 4,42,113 പുരുഷന്മാരും 4,75,545 സ്ത്രീകളും അഞ്ച് ട്രാന്‍സ്‌ജെന്‍ഡേര്‍സുമാണുള്ളത്. 70 പ്രവാസി വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു.

വാശിയേറിയ തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ അവസാന ദിവസത്തില്‍ ചില സംഘര്‍ഷങ്ങള്‍ മലബാര്‍ മേഖലയിലുണ്ടായി. പ്രദേശവാസികളായ  മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റുമടക്കം പ്രധാന നേതാക്കളെല്ലാം ഇവിടെ സന്നിഹിതരായിരുന്നു. അടുത്ത രണ്ടു ദിവസം നിശബ്ദ പ്രചാരണത്തിന്‍റേതാണ്. പ്രശ്നബാധിത സ്ഥലങ്ങളായി കണക്കാക്കുന്നയിടങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കൊവിഡിനെ മറികടന്ന് ആദ്യ രണ്ടു ഘട്ടങ്ങളിലും ആവേശത്തോടെയാണ് ജനം വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രീയപ്രതികരണശേഷി എപ്പോഴും പ്രകടമാക്കുന്ന മലബാറും ആ വഴി പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.