Sat. Nov 23rd, 2024
രാജേഷ് ആത്മഹത്യാ സന്ദേശം അയച്ച വിഡിയോദൃശ്യം ഫോട്ടോ വാട്സാപ്പ്

 

കോഴിക്കോട്:

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ച് സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്തയാളുടെ മരണമൊഴിയെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കോഴിക്കോട് കക്കോട് സ്വദേശി രാജേഷ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കമ്മീഷന്‍ ഇടപെടല്‍.  സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

നിരപരാധിയായ തന്നെ  ക്രിമിനൽ കേസിൽ പോലീസുകാർ പ്രതിയാക്കിയതായി രാജേഷ് വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. പോലീസ് കംപ്ലയന്റ്അതോറിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ പോലീസുകാർ മറ്റു ചില കേസുകളിലും രാജേഷിനെ പ്രതിയാക്കി. തുടർന്ന് കോടതി റിമാന്റ് ചെയ്യുകയും 20 മാസത്തോളം ജയിലിൽ കിടക്കുകയും ചെയ്തു. സ്വന്തമായി അഭിഭാഷകനെ ഏർപ്പാടാക്കാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ജാമ്യം കിട്ടിയില്ല. ജയിൽ മോചിതനായ ശേഷവും നീതിക്ക് വേണ്ടി മുട്ടാത്ത വാതിലുകളില്ല. ഇതിനിടയിൽ താൻ ജന്മനാ ക്രിമിനലാണെന്ന് തെറ്റിദ്ധരിച്ച ഭാര്യ പിണങ്ങിപ്പോയിയെന്നും രാജേഷ് പറഞ്ഞു. തുടർന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കിയത്.

ഇലന്തൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷാലു, എസ്.ഐ. സജി, നടക്കാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് ഷാജി എന്നിവർക്കെതിരെയാണ് വീഡിയോയിൽ പരാമർശമുള്ളത്. ഇക്കാര്യങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവ്. കോഴിക്കോട് ജില്ലാ പോലീസ് മേധാവി ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹന്‍ ദാസ് ആവശ്യപ്പെട്ടു.