ഡൽഹി:
കർഷക സമരത്തെ അനുകൂലിച്ച് ട്വിറ്ററിൽ പോസ്റ്റിട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു. രക്തവും വിയര്‍പ്പും പരിശ്രമവും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങള്‍ ഉണ്ടാകുന്നത് അല്ലാതെ പനിനീര് കൊണ്ടല്ല എന്ന് അദ്ദേഹം കുറിച്ചു.
അനുകരണീയമായ പ്രതിഷേധസമരം നേരിനും നീതിക്കും വേണ്ടി പോരാടുന്ന ഓരോ ഇന്ത്യാക്കാരനും പ്രചോദനമാണ്. കര്‍ഷകനിയമങ്ങളില്‍ സര്‍ക്കാര്‍ തീര്‍ച്ചയായും ഭേദഗതി വരുത്തണം. മുറിപ്പെടുത്തിയ കൈകള്‍ തന്നെ അത് ഭേദമാക്കാനുള്ള ശുശ്രൂഷയും നല്‍കണം. പ്രയോജനശൂന്യമായ നിയമങ്ങള്‍ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും നീചമായ ശൈലിയാണെന്നും നവജ്യോത് സിദ്ദു പറഞ്ഞു. കർഷക പ്രതിഷേധത്തിന്റെ ഒരു വീഡിയോക്കൊപ്പമാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രാജ്യത്തെ ചില വ്യവസായ പ്രമുഖര്‍ക്ക് വേണ്ടി പഞ്ചാബിലെ രണ്ട് കോടി കര്‍ഷകരുടെ ഉപജീവനം കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം ഇതിനുമുൻപ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു.
അമൃത്‌സറിൽ നിന്നുള്ള കോൺഗ്രസ് എംപിയായ നവജ്യോത് സിങ് സിദ്ദു ഇതിനുമുൻപും കാർഷിക നിയമങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.