Wed. Jan 22nd, 2025
Lawsuit filed for restoration of temple claimed to be situated inside the Qutub Minar complex
ഡൽഹി:

അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച് രാമ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള അനുമതി സുപ്രീം കോടതിയിലൂടെ നേടിയെടുത്തതിന് പിന്നാലെ ഖുത്തബ് മിനാറിൽ പണ്ട് ക്ഷേത്രമുണ്ടായിരുന്നുവെന്നും അവിടെ പ്രാർത്ഥിക്കാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹർജ്ജി. സൗത്ത് ഡൽഹിയിലെ സാകേത് ജില്ലാ കോടതിയിലാണ്  സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

സൗത്ത് ഡൽഹിയിലെ മെഹ്റുലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഖുത്തബ് മിനാറിൽ ഹിന്ദു, ജെയ്ൻ ദേവതകളുടെ പ്രതിഷ്ഠ വെയ്ക്കണമെന്നും ഇവിടെ ഹിന്ദു-ജൈന മത വിശ്വാസികൾക്ക് പ്രാർത്ഥിക്കാനുള്ള അനുമതി വേണമെന്നുമാണ് സാകേത് കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജ്ജിയിൽ പറയുന്നത്.

ഇവിടെ അധിനിവേശം നടക്കുന്നതിനു മുൻപ് ഈ  ഖുത്തബ് മിനാർ കോംപ്ലക്സിൽ ക്ഷേത്രമുണ്ടായിരുന്നു എന്നാണ് ഈ ഹർജ്ജിയിൽ പറയുന്നത്. ഹർജ്ജിയിന്മേൽ വാദം കേട്ട കോടതി അടുത്ത വാദത്തിനായി ഡിസംബർ 24ന് മാറ്റിവെച്ചു.

27 ക്ഷേത്രങ്ങളുടെ ദേവതകളുൾപ്പെടെ ഗണപതി, ശിവൻ, ഗൗരി ദേവി, സൂര്യ ദേവൻ, ഹനുമാൻ എന്നിവരോടൊപ്പം പ്രധാന ദേവതയായ തീർത്ഥങ്കർ റിഷഭ് ദേവ്, പ്രധാന ദേവൻ വിഷ്ണു എന്നിവരെ പ്രഖ്യാപിക്കണമെന്ന് കേസ് വാദിച്ചു. ഇവിടെ ശരിയായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടപ്പാക്കാൻ കോടതി നിർബന്ധിത ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹർജ്ജിക്കാർ ആവശ്യപ്പെട്ടു.

ട്രസ്റ്റ് ആക്റ്റ് 1882 അനുസരിച്ച് ഒരു ട്രസ്റ്റ് രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെടുന്നു.

ഡൽഹി സുൽത്താനായിരുന്ന ഖുതുബ്-ഉദ്-ദിൻ ഐബക്ക് പതിമൂന്നാം നൂറ്റാണ്ടിൽ ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റി സമുച്ചയത്തിനുള്ളിൽ മിനാർ നിർമ്മിച്ചുവെന്നാണ് ഹർജ്ജിയിലെ ആരോപണം.

https://www.youtube.com/watch?v=tu1L-2zAOgU

 

 

By Arya MR