Wed. Nov 6th, 2024

തിരുവനന്തപുരം:

എൻഫോഴ്സ്മെന്‍റ് മൂന്നാം തവണയും നോട്ടീസ് നൽകിയതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനം ശക്തമാകുന്നു.

അതേസമയം, സിഎം രവീന്ദ്രനെ പിന്തുണച്ചുകൊണ്ട് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിഎം രവീന്ദ്രന്‍ സത്യസന്ധനാണ് എന്നാണ് അദ്ദേഹം പറയുന്നത്.

രവീന്ദ്രന് സുഖമില്ലാത്തത് കൊണ്ട് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കടകംപള്ളി പറഞ്ഞു. അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. രവീന്ദ്രന്‍ വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനുള്ള ശ്രമമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

https://www.youtube.com/watch?v=vl9xQJDg0eg

നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സി എം രവീന്ദ്രന് ഇ ഡി സമന്‍സ് അയച്ചിരുന്നത്. ഇത് മൂന്നാംവട്ടമാണ് ചോദ്യംചെയ്യലിന്‍റെ തൊട്ടുമുന്‍പേ രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആണ് അദ്ദേഹമിപ്പോള്‍. ചികിത്സ കൊവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെന്നാണ് ഇക്കുറി വിശദീകരണം.

കെ-ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സിഎം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നെങ്കിലും ആദ്യ തവണ കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്നും പിന്നീട് തുടര്‍ ചികിത്സയ തുടര്‍ന്നും സിഎം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.

 

 

By Binsha Das

Digital Journalist at Woke Malayalam