Mon. Dec 23rd, 2024
അജ്ഞാത രോദം ബാധിച്ച് എല്ലൂരില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ( Picture Credits: The Guardian)

ഭുവനേശ്വർ:

ഭീതിപരത്തി ആന്ധ്രപ്രദേശില്‍ അജ്ഞാത രോഗം പടരുന്നു. സംഭവത്തിൽ ഇനിയും ദുരൂഹത നീങ്ങുന്നില്ല. വെസ്റ്റ് ഗോദാവരി ജില്ലയിലെ എല്ലൂര്‍ എന്ന സ്ഥലത്താണു രണ്ടു ദിവസത്തിനിടെ 400ലധികം പേര്‍ ഛര്‍ദിയും അപസ്മാരവുമായി ചികില്‍സ തേടിയത്.

ഇന്നലെ 292 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നതെങ്കില്‍ ഇപ്പോള്‍ 450ലധികം പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഒരാള്‍ ഇന്നലെ മരണപ്പെടുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഏഴു പേരെ വിജയവാഡയിലെ ആശുപത്രിയിലേക്കു മാറ്റി.

എല്ലൂരിലെ ആശുപത്രികളിലെല്ലാം രോഗികളെ കൊണ്ട് നിറ‍ഞ്ഞ് കവിഞ്ഞ ഒരു അവസ്ഥയിലാണ്. എല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ മാത്രം ചികില്‍സയില്‍ കഴിയുന്നത് 270 ലധികം പേരാണ്.

https://www.youtube.com/watch?v=ID5tCg9uFyo

അജ്ഞാത രോഗം ബാധിച്ചിരിക്കുന്നവരില്‍ 300 ഓളം പേര്‍ കുട്ടികളാണ് എന്നതും ഏറെ ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരെയും തലകറക്കം, ബോധക്ഷയം, തലവേദന, ഛർദ്ദി എന്നി രോഗങ്ങള്‍ മൂലമായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഇവരെല്ലാം നെഗറ്റീവാണ് എന്നാണ് സ്ഥിരീകരണം.

ശനിയാഴ്ച വൈകീട്ടാണു രോഗം പടരാന്‍ തുടങ്ങിയത്. ഛര്‍ദിയോടെ തുടക്കം. പിന്നീട് പെട്ടെന്ന് അപസ്മാരം വന്നു തളര്‍ന്നു വീഴും. കുടിവെള്ളത്തില്‍ നിന്നുണ്ടായ അണുബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മലിനജലമല്ല പ്രശ്‌നമായിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഓര്‍ഗാനോക്ലോറെെഡ് എന്ന കീടനാശിനിയിലെ രാസവസ്തുവാണ് ഈ അജ്ഞാത രോഗത്തിന് പിന്നിലെന്നാണ് കുരുതുന്നതെന്ന് ബിജെപി എംപി ജിവിഎല്‍ നരസിംഹറാവു പറഞ്ഞു.

പല രാജ്യങ്ങളിലും ഓർഗാനോക്ലോറൈഡുകള്‍ 30 വര്‍ഷം മുമ്പ് തന്നെ നിരോധിച്ചിരുന്നു. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഓരുപോലെ ഭീഷണിയാണ് ഈ കീടനാശിനി. ക്യാന്‍സറിന് വരെ കാരണമായേക്കാമെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത് നിരോധിച്ചത്.

 

 

By Binsha Das

Digital Journalist at Woke Malayalam