Mon. Dec 23rd, 2024
അരവിന്ദ് കെജ്രിവാള്‍ സിംഘു അതിര്‍ത്തിയിലെത്തി കര്‍ഷകരോട് സംസാരിക്കുന്നു (Picture Credits: NDTV)

ഡല്‍ഹി:

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ ​കെജ്‌രിവാളിനെ പൊലീസ്​ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണെന്ന്​ ആം ആദ്​മി പാർട്ടി. സിംഘുവിലെത്തി സമരം നയിക്കുന്ന കർഷകരെ സന്ദർശിച്ചതിനെ തുടർന്ന്​ കെജ്​രിവാളിനെ പൊലീസ്​ വീട്ടു തടങ്കലിൽ ആക്കുകയായിരുന്നു. കര്‍ഷക പ്രതിഷേധ വേദി സന്ദര്‍ശിച്ച ഒരു സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്‌രിവാള്‍.

അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. അദ്ദേഹത്തെ സന്ദർശിക്കാൻ ശ്രമിച്ചവരെ പൊലീസ്​ മർദിച്ചതായും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. സിംഘുവില്‍ കര്‍ഷകരെ കണ്ടശേഷം പൊലീസ് നിയന്ത്രണം കൊണ്ടുവന്നുവെന്നാണ് എഎപിയുടെ ആരോപണം.

സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ കെജ്​രിവാൾ ഇന്നലെയായികരുന്നു സന്ദര്‍ശിച്ചത്. സമരത്തിനും ഇന്ന് നടക്കുന്ന ഭാരത് ബന്ദിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളെയും തങ്ങള്‍ പിന്തുണയ്ക്കുന്നെന്നും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ന്യായമാണെന്നുമായിരുന്നു കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

https://www.youtube.com/watch?v=2zCUAW7GfO4

അതേസമയം, കർഷക സമരം പതിമൂന്നാം ദിവസത്തിലേക്ക് എത്തിനില്‍ക്കുകയാണ്. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദും തുടങ്ങി. രാവിലെ പതിനൊന്ന് മുതൽ മൂന്ന് മണി വരെയാണ് ബന്ദ്.തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സർവീസുകൾ തടസപ്പെടുത്തില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകർ ദില്ലിയുടെ അതിർത്തികൾ വളയും. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം പതിനെട്ട് പ്രതിപക്ഷ പാർട്ടികളും ബന്ദിന് ഐകൃദാർഡ്യം അറിയിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പ് വരുത്താൻ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam