ലക്‌നൗ:
ഉത്തർ പ്രദേശിലെ ലക്‌നൗവിൽ മുസ്ലിം യുവാവും ഹൈന്ദവ യുവതിയും തമ്മിലുള്ള വിവാഹം നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം തടയാനെത്തിയ പൊലീസ് കേസെടുക്കാതെ മടങ്ങി. ഇരുവരും മതം മാറുന്നില്ലെന്ന് വ്യക്തമായതോടെയാണ് മടക്കം. ഇരുവർക്കും അഞ്ച് വർഷമായി പരസ്പരം അറിയാമെന്നും വിവാഹം തങ്ങളുടെ സമ്മത പ്രകാരമാണ് നടക്കുന്നതെന്നും വധുവിൻെറ മാതാവും വ്യക്തമാക്കി.
ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ യുവവാഹിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാത്രി വധുവിൻെറ വീട്ടിൽ നടക്കേണ്ടിയിരുന്ന ചടങ്ങ് തടയാനായി പൊലീസ് എത്തിയത്. എന്നാൽ തങ്ങളുടെ വിവാഹം ഹിന്ദു-മുസ്ലിം ആചാരങ്ങൾ പ്രകാരമാണ് നടക്കാൻ പോകുന്നതെന്ന് വരൻ വ്യക്തമാക്കുകയായിരുന്നു.
ലഖ്നോയിലെ ദൂഡ കോളനിയിലാണ് സംഭവം. വരന് 24ഉം വധുവിന് 22ഉം വയസുണ്ട്. “ഇവിടെ മതപരിവർത്തനം ഒരു ചർച്ചയേ അല്ല. രണ്ടുപേർ ഇഷ്ടപ്പെട്ടാൽ തന്നെ പരസ്പരം അംഗീകരിക്കപ്പെടണം എന്നാണ് എനിക്ക് തോന്നുന്നത്. അവൾ ഹിന്ദുവാണെങ്കിൽ അവളുടെ മതവും വ്യക്തിത്വവും ഞാൻ അംഗീകരിക്കണം അവളും അതുപോലെ തന്നെയാകണം.” വരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
https://www.youtube.com/watch?v=zkvmaFixlrQ