Wed. Jan 22nd, 2025
കാശ്മീർ:

കാശ്മീരിൽ പോസ്റ്റ് പെയ്ഡ് വോയിസ് കോളുകള്‍ പുനസ്ഥാപിച്ച് ഉത്തരവിറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രീ-പെയ്ഡ് മൊബൈൽ കണക്ഷനുകൾ പുനരാരംഭിക്കുന്നതിന്റെ നടപടികളൊന്നും തുടങ്ങിയില്ല. ഇതിനാല്‍

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ തുടര്‍ച്ചയായ 85-ാം ദിവസവും താഴ്വരയില്‍ സാധാരണ ജീവിതത്തെ ഇത്  ബാധിച്ചു.

കാശ്മീരിൽ  ഏകദേശം  25 ലക്ഷം പ്രീ പെയ്ഡ് സെൽ ഫോൺ ഉപയോക്താക്കളുണ്ട്. അതുകൊണ്ടുതന്നെ താഴ്വരയിലെ ജനങ്ങള്‍ സര്‍ക്കാർ നടപടിയില്‍ അസ്വസ്ഥരാണ്.

”പോസ്റ്റ്-പെയ്ഡ് മൊബൈൽ സേവനങ്ങൾ പുന:സ്ഥാപിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെങ്കിൽ പിന്നെ എങ്ങനെ  പ്രീ-പെയ്ഡ് സേവനം  സുരക്ഷാ ഭീഷണി ഉയർത്തുന്നു? ഇത് വിവേചനപരമായ നടപടിയാണ്,” സ്കൂൾ അധ്യാപികയായ ആസിയ ഫിർദോസ് പറയുന്നു.

പ്രീ പെയ്ഡ് ഫോൺ കണക്ഷൻ ഉള്ളതിനാൽ തന്റെ തൊഴിലാളികളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കരാറുകാരനായ അബ്ദുൾ റഹിം പറഞ്ഞു. “ഞാൻ ഇപ്പോൾ ഒരു പോസ്റ്റ് പെയ്ഡ് കണക്ഷൻ എടുക്കാൻ ആലോചിക്കുകയാണ്,” റഹീം പറയുന്നു.

ഓഗസ്റ്റ് 5 ന്, ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് ഒരു ദിവസം മുമ്പാണ് കേന്ദ്രം താഴ്വരയിൽ ആശയവിനിമയ ഉപരോധം ഏർപ്പെടുത്തിയത്.

എന്നാല്‍, ആശയ വിനിമയ ഉപരോധം പിൻവലിച്ച് രണ്ട്  മാസത്തിന് ശേഷം എസ്എംഎസ് സൗകര്യമില്ലാത്ത പോസ്റ്റ് പെയ്ഡ് സെൽ ഫോണുകൾ സജീവമാക്കി. അതേസമയം, പ്രീ പെയ്ഡ് മൊബെെല്‍ കണക്ഷനുകള്‍ക്കുള്ള ഉപരോധം തുടരുകയായിരുന്നു.

പ്രീ-പെയ്ഡ് മൊബെെല്‍ കണക്ഷനുകളും ഇന്റര്‍നെറ്റ് സേവനങ്ങളും പുനസ്ഥാപിക്കുന്നത് ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ സുഗമമാക്കുമെന്നും കാശ്മീര്‍ താഴ്വരയുടെ ജനജീവിതം സാധാരണഗതിയിലാകുമെന്നുമാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.

എന്നിരുന്നാലും, തങ്ങളുടെ നീണ്ട കാത്തിരിപ്പ് എത്രയും പെട്ടെന്ന് അവസാനിക്കുമെന്നും കേന്ദ്രം  ഉചിതമായ നടപടിയെടുക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രീ-പെയ്ഡ് ഉപഭോക്താക്കൾ.

By Binsha Das

Digital Journalist at Woke Malayalam