Tue. Nov 5th, 2024
തിരുവനന്തപുരം:

വാളയാര്‍ കേസില്‍ അട്ടിമറി നടന്നെന്ന പ്രസ്താവനയില്‍ ഉറച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് ആരോപിച്ച പ്രതിപക്ഷം, തിങ്കളാഴ്ച അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസ് സമര്‍പ്പിച്ചു. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് നോട്ടീസ് നല്‍കിയത്.

നിയമസഭാ സമ്മളനം പ്രക്ഷുബ്ധമാക്കികൊണ്ട് പ്രതിപക്ഷം, വാളയാര്‍ കേസില്‍ സ‍ര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും, വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികള്‍ രക്ഷപ്പെട്ടുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

“രണ്ടു കുട്ടികളെ കൊലപ്പെടുത്തിയവര്‍ പാട്ടുംപാടി നടക്കുന്നതാണോ അന്വേഷണം” എന്ന് എംഎല്‍എ ഷാഫി പറമ്പില്‍ പരിഹസിച്ചു.

പ്രതികള്‍ക്ക് വേണ്ടി ഹാജരായത്, പിന്നീട് പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ( സിഡബ്ല്യൂസി) ചെയര്‍മാനായ വ്യക്തിയാണെന്നും, സിഡബ്ല്യൂസി, സിപിഎമ്മിന്‍റെ പോഷക സംഘടനയായി പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സിബിഐ അന്വേഷണം ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കണമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.

എന്നാല്‍, വാളയാര്‍ സംഭവം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയില്ല. പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ വേണ്ടതെന്ന് പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി.

കേസില്‍ അട്ടിമറി സംഭവിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ അപ്പീലിനു പോകുമെന്നും, പ്രഗല്‍ഭനായ വക്കീലിനെ കേസ് വാദിക്കാന്‍ നിയമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും പിന്നാക്കവിഭാഗമന്ത്രി എ.കെ.ബാലനെയും ലക്ഷ്യമിട്ടായിരുന്നു പ്രതിപക്ഷത്തിന്‍റെ ആക്രമണം.

സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സും, യുവമോര്‍ച്ചയും പാലക്കാട് എസ്പി ഓഫീസിലേക്ക് തിങ്കളാഴ്ച മാര്‍ച്ച് നടത്തും.

അതേസമയം, വാളയാര്‍ കേസ് വാദിച്ച അഭിഭാഷകന്‍ മൗനി ബാബയെപ്പോലെയാണ് നിലകൊണ്ടതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. കെ സുരേന്ദ്രനും, വികെ ശ്രീകണ്ഠന്‍പിള്ള എംപിയും വാളയാര്‍ അട്ടപ്പള്ളത്തുള്ള, പെണ്‍കുട്ടികളുടെ വീട്, തിങ്കളാഴ്ച സന്ദര്‍ശിക്കും.