Fri. Mar 29th, 2024
തിരുവനന്തപുരം:

 

വാളയാര്‍ അട്ടപ്പളത്ത് ദളിത് പെണ്‍കുട്ടികളുടെ ദാരുണാന്ത്യത്തില്‍ പ്രതിഷേധം കനപ്പിച്ച് കേരളം. പ്രതികളെ രക്ഷപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ യുവജന സംഘടനകള്‍ പാലക്കാട് എസ്പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തും.

അതേസമയം, പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വിവാദ വിഷയമാകുമ്പോള്‍ പ്രതിരോധത്തിലാകുന്നത് ഭരണപക്ഷമാണ്. പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മയടക്കം ആരോപിക്കുമ്പോഴും, ഇല്ലെന്ന് തറപ്പിച്ച് പറയുകയാണ് മന്ത്രി എ കെ ബാലനെ പോലുള്ള സിപിഎം കുലപതികള്‍.

“പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന” പെണ്‍കുട്ടികളുടെ അമ്മയുടെ വാക്കുകള്‍ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പ്രതിയായ എം മധു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡിവൈഎഫ്ഐ നേതാവ് നിതിൻ കണിച്ചേരിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളുമുണ്ട്.

പൊലീസ് അന്വേഷണത്തിലാണോ, പ്രോസിക്യൂഷനിലാണോ വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, പ്രതികളുടെ രാഷ്ട്രീയബന്ധമാണ് കേസിനെ അട്ടിമറിച്ചതെന്ന സംശയത്തെ ബലപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടായത്.

പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് കേരളസമൂഹമൊന്നാകെ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണ്. വിഷയം ഏറ്റെടുത്ത സാമൂഹിക മാധ്യമങ്ങളില്‍ “ജസ്റ്റിസ് ഫോര്‍ വാളയാര്‍ ഗേള്‍സ്” എന്ന ഹാഷ് ടാഗോടു കൂടി നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്.