Fri. Mar 29th, 2024
മുംബൈ:

മുംബൈയുടെ പടിഞ്ഞാറൻ തീരത്ത്, ക്യാർ ചുഴലിക്കാറ്റിനോടനുബന്ധിച്ച് കടലിലകപ്പെട്ട ബോട്ടില്‍ നിന്ന് 17 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ ബോട്ടിന്‍റെ എഞ്ചിൻ തകരാറിലായതാണ് മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിപ്പോകാന്‍ കാരണം.

ഇന്ത്യൻ നാവികസേനയുടെ ഐ‌എൻ‌എസ് ടെഗും, വെസ്റ്റേൺ ഫ്ലീറ്റിന്റെ ഒരു ഫ്രിഗേറ്റുമാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനായി നേതൃത്വം നല്‍കിയത്.

മുംബൈയിലെ വൈഷ്ണോ ദേവി മാതാ എന്ന ബോട്ടില്‍ നിന്ന് 17 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി നാവികസേന വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.

നിരവധി ശ്രമങ്ങള്‍ക്കു ശേഷമായിരുന്നു നാവികസേനയുടെ കപ്പല്‍, ഫിഷിംഗ് ബോട്ടില്‍ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. അതിനു ശേഷം ബോട്ട് മുങ്ങുകയായിരുന്നെന്നും നാവിക സേന വൃത്തങ്ങല്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് സാരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ക്യാർ ചുഴലിക്കാറ്റ് ഇന്ന് വടക്ക്പടിഞ്ഞാറ് ദിശയിലുള്ള ഒമാൻ തീരത്തേക്ക് നീങ്ങിയെന്നും, മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രക്ഷാപ്രവർത്തക സംഘത്തെ ഗോവന്‍ തീരം കേന്ദ്രീകരിച്ച് വിന്യസിച്ചിട്ടുണ്ട്. അതേസമയം, കർണാടകയിലും, മഹാരാഷ്ട്രയിലും, ഗുജറാത്തിന്‍റെ ചില ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

ശനിയാഴ്ച ഇന്ത്യൻ തീരസംരക്ഷണ സേന, തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ശക്തമാക്കിയിരുന്നു. കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടുകൾ കണ്ടെത്താനും രക്ഷപ്പെടുത്താനും തീരസംരക്ഷണ സേന 10 കപ്പലുകളും നാല് ഡോർനിയർ വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.