Wed. Jan 22nd, 2025
#ദിനസരികള്‍ 919

ചോദ്യം:- അരൂര്‍ എന്താണ് ഇടതിനെ കൈവിട്ടത്?

ഉത്തരം:- ഇടതിനെ കൈവിട്ടു എന്നതിനെക്കാള്‍ ഷാനിമോളോട് തോന്നിയ മമതയും സഹതാപവും വോട്ടായി മാറി എന്നതാണ് ശരി. ഒരു പക്ഷേ അതൊരുതരം പ്രായശ്ചിത്തവുമാകാം. ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഷാനിമോളോട് ചെയ്തത് കേരളത്തിന്റെ മതേതര ജനാധിപത്യ നവോത്ഥാന മനസ്സിനോട് ഇണങ്ങിപ്പോകാത്തതാണ് എന്ന കുറ്റബോധം ഒരു പക്ഷേ വോട്ടര്‍മാരെ സ്വാധീന് ച്ചേക്കാം. അവര്‍ക്കുണ്ടായ ദയനീയ പരാജയത്തിനു പിന്നില്‍ രാഷ്ട്രീയത്തിന് അപ്പുറമുള്ള, മതവുമായി ചെന്നു മുട്ടുന്ന മറ്റു ചില കാരണങ്ങളുണ്ടായിരുന്നുവെന്ന് നാം ഇതിനുമുമ്പും ചര്‍ച്ച ചെയ്തതുമാണ്.

(പ്രസ്തുത പരാജയത്തെ മുന്‍നിറുത്തി അന്ന് ഞാനെഴുതിയത്, “ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ പരാജയപ്പെട്ടതിന്റെ കാരണം മുസ്ലീം ന്യൂന പക്ഷത്തിന്റെ ഇടയിൽ നിലനില്ക്കുന്ന യാഥാസ്ഥിതികമായ താല്പര്യങ്ങളാണ് എന്ന് പറയേണ്ടി വരും. വേദനാജനകമാണെങ്കിലും ഈ സത്യത്തെ നാം അഭിമുഖീകരിച്ചേ തീരൂ. ഇത് ഉച്ചത്തിൽ വിളിച്ചു പറയുവാനും തിരുത്തുവാനും പൊതു സമൂഹം തയ്യാറാകുന്നില്ല എങ്കിൽ മത ജാതി വർഗീയതയുടെ പേരിൽ നാം എത്രമാത്രം തിരുത്തുവാൻ ശ്രമിച്ചാലും ഒരു ന്യൂന പക്ഷം നമ്മുടെ സങ്കല്പങ്ങൾക്കെല്ലാം അപ്പുറത്ത് തികച്ചും യാഥാസ്ഥിതികരായി ഇഴുകിക്കഴിയും. ആ അർത്ഥത്തിൽ ഏതൊരു ആശയത്തിനു വേണ്ടിയാണോ ആരിഫ് അടക്കമുള്ള ഇടതു പക്ഷം നിലയുറപ്പിച്ചത് അതേ ആശയത്തിന്റെ പരാജയമായിരുന്നു ആരിഫിന്റെ വിജയം എന്നു ഖേദപൂർവ്വം പറയേണ്ടി വരുന്നു” എന്നായിരുന്നു. (ലിങ്ക് ഇവിടെ.)

അതുകൊണ്ടു കൂടിയാണ് സഹതാപമെന്ന് സാധ്യതയ്ക്ക് ഞാന്‍ അടിവരയിടുന്നത്. 2006 മുതല്‍ എല്‍‌ഡിഎഫിലെ ആരിഫ് വിജയിച്ചുപോന്ന അരൂര്‍ പക്ഷേ താല്ക്കാലികമായൊരു സമാശ്വാസസമ്മാനമെന്ന നിലയിലാണ് ഷാനിമോള്‍ ഉസ്മാനെ വിജയിപ്പിച്ചത്.

ചോദ്യം:- വട്ടിയൂര്‍ക്കാവിലേത് പ്രതീക്ഷിച്ചിരുന്ന ഒന്നാണോ?

ഉത്തരം:- ആയാസ രഹിതമായ ഒരു വിജയമായിരുന്നില്ല അത്. ഫലമറിഞ്ഞ ശേഷം വി കെ പ്രശാന്ത് പറഞ്ഞതുപോലെ അവിടെ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച വികസനാത്മകമായ കേരളഭരണവും പ്രളയസമയത്ത് തിരുവനന്തപുരത്തിന്റെ മേയര്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങളും യുഡിഎഫിന്റെ മണ്ഡലത്തെ മാറ്റിച്ചിന്തിപ്പിച്ചു. അതോടൊപ്പം എന്‍എസ്എസ്സിന്റെ നിലപാടും നിര്‍ണായകമായി. അവര്‍ സമദൂരത്തില്‍ നിന്നും ശരിദൂരത്തിലേക്ക് എത്തിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇത്രയും ഉജ്ജ്വലമായ ഒരു വിജയം വട്ടിയൂര്‍ക്കാവില്‍ ഉണ്ടായില്ലെന്നു തന്നെ വരാം.

അതായത് ഒരു ജാതി സംഘടനയുടേയും തിട്ടൂരങ്ങള്‍ക്ക് വഴിപ്പെട്ടുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ ധാരണകളെ പണയപ്പെടുത്താന്‍ ബോധമുള്ളവര്‍ തയ്യാറല്ല എന്നുകൂടിയാണ് പ്രശാന്തിന്റെ വിജയം പ്രഖ്യാപിക്കുന്നത്. ഇത് നായന്മാരുടെ സംഘടനയുടെ പരാജയമായിട്ടല്ല വിലയിരുത്തേണ്ടത്, മറിച്ച് തങ്ങളെ മുന്‍കാലങ്ങളില്‍ നയിച്ചവരുടെ വഴിയില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് തെറ്റായ വഴിയിലൂടെ സംഘടനയെ ആനയിക്കാന്‍ ശ്രമിക്കുന്ന സുകുമാരന്‍ നായരുടെ മുഖത്തേറ്റ അടിയാണ്. അണികള്‍ നേരായ വഴിക്കാണ്, എന്നാല്‍ നേതൃത്വം പിഴച്ചു പോയിരിക്കുന്നുവെന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്.

ജനാധിപത്യത്തിന്റെ വഴിയിലേക്ക് എന്‍എസ്സ്എസ്സിനും എസ്എന്‍ഡിപിയുടെ ബിഡിജെഎസ്സിനും തിരിച്ചു വരാനുള്ള സുവര്‍ണ അവസരമാണ് ഇത്. ഈ സാഹചര്യം അവര്‍ ഉപയോഗിക്കുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.

ചോദ്യം:- ബിജെപി ഒരു ഘടകമേയല്ലാതായല്ലോ. അവരുടെ ദയനീയമായ …

ഉത്തരം:- ക്ഷമിക്കണം… അശ്ലീലം പറയാന്‍ ഞാനില്ല.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.