മുംബൈ:
മുംബൈ ആരെ കോളനിയിലെ മരങ്ങൾ മുറിക്കുന്നതിനു വന്ന സ്റ്റേ സുപ്രീം കോടതി നീട്ടി. മഹാരാഷ്ട്ര സർക്കാരിന്റെ, അടുത്ത ഹിയറിങ് തിയ്യതിയായ നവംബർ 15 വരെയാണ് സ്റ്റേ നീട്ടിയത്.
“മരങ്ങൾ മുറിക്കുന്നതിനു മാത്രമാണ് ഉത്തരവ് ബാധമാകുന്നത്, മെട്രോ റെയിലിന്റെ പണിക്കോ മെട്രോ റെയിലിനു വേണ്ടിയുള്ള കാർ ഷെഡിന്റെ പണിക്കോ ഇത് ബാധകമല്ല,” ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
കൂടുതൽ മരങ്ങൾ വെട്ടിമാറ്റില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിർമാണ പ്രവർത്തനങ്ങളിൽ സ്റ്റേ ഇല്ലെന്ന് കോടതി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിർമാണത്തിന്റെ ഭാഗമായി പുതിയതായി വെച്ച മരത്തൈകളുടെ എണ്ണവും, മാറ്റി നട്ട വൃക്ഷങ്ങളുടെ എണ്ണവും വ്യക്തമാക്കണമെന്ന് സർക്കാരിനോട് സുപ്രീം കോടതി ആജ്ഞാപിച്ചു.
മെട്രോ റെയിലിനു വേണ്ടി കാർഷെഡ് നിർമിക്കുന്നതിനായി മരങ്ങൾ മുറിക്കുന്നതിനു ബോംബെ ഹൈ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഉത്തരവിന്റെ മറവിൽ കൂടുതൽ മരം മുറിക്കുന്നു എന്ന പരാതിയെ തുടർന്നാണ് സുപ്രീം കോടതി സ്റ്റേ പുറപ്പെടുവിച്ചത്.
പ്രദേശത്തെ ഹരിത നിബിഢമാക്കുവാനുള്ള പദ്ധതികൾ എന്തൊക്കെയാണെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു.
പ്രദേശത്തെ മരങ്ങൾ തരംതിരിക്കാത്ത വനത്തിൽ പെടുന്നവയാണെന്നുള്ള പരാതിക്കാരന്റെ വധത്തെ തുടർന്ന് ഹർജി സ്വീകരിക്കുവാൻ കോടതി തയാറായി.
മരങ്ങൾ മുറിക്കുന്നത് നിർത്തണമെന്നാവിശ്യപെട്ടുകൊണ്ടു ഒരു കൂട്ടം നിയമ വിദ്യാർത്ഥികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കോടതി സ്വന്തം നിലക്ക് വിഷയത്തിൽ ഇടപെടുകയായിരുന്നു.
പ്രവർത്തകരുടെ ആവിശ്യം ബോംബെ ഹൈക്കോടതി തള്ളിയതിന്റെ അടുത്ത ദിവസം തന്നെയായിരുന്നു സുപ്രീം കോടതിയുടെ വിധി.