ബാംഗ്ലൂർ:
കാറുകൾ ഇനി സ്വന്തമായി ഇല്ലെങ്കിൽ കുഴപ്പമില്ല, സ്വയം ഓടിച്ചു പോകാനും ഒലയിൽ കാറുകളുണ്ട്. സെൽഫ് ഡ്രൈവ് ക്യാബുകൾ വാടകയ്ക്ക് നൽകാനുള്ള സേവനമായ “ഒല ഡ്രൈവ്” ആരംഭിക്കാൻ ഒല തീരുമാനിച്ചു. ബാംഗ്ലൂർ അടക്കം ഹൈദരാബാദ്, മുംബൈ, ന്യൂ ഡൽഹി എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കായിരിക്കും തുടക്കത്തിൽ ഈ സേവനം ലഭ്യമാകുക.
ഒല ആപ്ലിക്കേഷനിൽ, ഒല ഡ്രൈവ് പുതിയ വിഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വിവിധ റെസിഡൻഷ്യൽ, കൊമേർഷ്യൽ കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന പിക്കപ്പ് സ്റ്റേഷനുകൾ വഴി ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാക്കാം.
രണ്ടായിരം രൂപ മുതൽ ആരംഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചാൽ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള കാർ രണ്ടു മണിക്കൂർ വരെ ഉപയോഗിക്കാം.
ഒല സെൽഫ് ഡ്രൈവ് സേവനം ഇന്ത്യയിലുടനീളം വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടി 2020 ഓടു കൂടി 20,000 ത്തോളം കാറുകൾ സ്വന്തമാക്കാൻ ഒല തീരുമാനിച്ചിട്ടുണ്ട്.
അടുത്ത ദശകത്തിൽ ഇന്ത്യയുടെ കാർ-ഷെയറിങ് വിപണിയിൽ ചരിത്രപരമായ മാറ്റം വരുത്താൻ ഒല ഡ്രൈവിന് സാധിക്കുമെന്ന് ഒലയുടെ ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഓഫീസർ അരുൺ ശ്രീനിവാസ് പറഞ്ഞു.
“ആദ്യ ഘട്ടത്തിൽ ഒലയുടെ സെൽഫ്-ഡ്രൈവ് സേവനം ഹ്രസ്വ കാലത്തേക്ക് മാത്രമേ ഉപോയോഗിക്കാൻ സാധിക്കുകയുള്ളു, എന്നാൽ ദീർഘകാല സബ്സ്ക്രിപ്ഷൻ, കോർപ്പറേറ്റ് ലീസിങ്ങ് തുടങ്ങി കൂടുതൽ സംവിധാനങ്ങൾ വരും നാളുകളിൽ വികസിപ്പിച്ചെടുക്കും,” അരുൺ ശ്രീനിവാസ് പറഞ്ഞു.
എല്ലാ ഒല ഡ്രൈവ് കാറുകളിലും ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീനിൽ ‘ഒല പ്ലേ’ ഉണ്ടാകും, അതിൽ ജിപിഎസ്, പ്ലേ ബാക്ക്, ബ്ലൂ ടൂത്ത് കണക്ടിവിറ്റി എന്നിവയും സജ്ജമായിരിക്കും. കൂടാതെ 24 മണിക്കൂർ ഹെൽപ് ലൈൻ, എമർജൻസി ബട്ടൺ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാണ്.
വിശ്വസനീയവും, സുരക്ഷിതവും, സൗകര്യപ്രദവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പുവരുത്തുന്നതിന് എല്ലാവിധ സംവിധാനങ്ങളും ക്രമീകരിക്കുമെന്ന് ഒലയുടെ പ്രസ്താവനയിൽ പറയുന്നു.