Fri. Apr 19th, 2024
ദുബായ്:

നേഴ്‌സുമാർക്ക് പുതിയ വിദ്യാഭ്യാസ യോഗ്യത അഭികാമ്യമാക്കിയതിനെ തുടർന്ന് യുഎഇയിൽ ഉള്ള ഡിപ്ലോമ ബിരുദമുള്ള ഇന്ത്യൻ നേഴ്‌സുമാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത.

നേഴ്‌സുമാർക്ക് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബാച്ചിലർ ബിരുദം ആക്കിയതിനെ തുടർന്ന് ഇരുനൂറിലധികം നേഴ്‌സുമാർക്ക് ജോലി നഷ്ടപ്പെടുകയും അതിലുമധികം ആളുകളെ തരം താഴ്ത്തുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള സർവ്വകലാശാലകളിൽ നിന്നും ബിഎസ്‌സി‌ നേഴ്‌സിങ് ചെയ്യുന്നവർക്ക് നിലനിൽക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

അതെ സമയം തന്നെ ഈ കോഴ്‌സുകളിൽ ചേർന്നവർ മറ്റൊരു വലിയ ബുദ്ധിമുട്ടുകൂടെ നേരിടേണ്ടി വരുന്നു. അവരുടെ ഡിപ്ലോമ കോഴ്‌സുകൾക്കുള്ള തുല്യത സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുമ്പോൾ അത് നിരസിക്കുകയാണ് ചെയ്യുന്നത്.

“കേരളത്തിൽ നിന്നും ഹാജരാക്കുന്ന ഡിപ്ലോമ സർട്ടിഫിക്കറ്റുകൾക്കു മാത്രമാണ് വിദ്യാഭ്യാസ മന്ത്രാലയം തുല്യത സർട്ടിഫിക്കറ്റ് നൽകുന്നത്.” പ്രതിസന്ധി നേരിടുന്ന നേഴ്‌സ് പറഞ്ഞു.

“കേരളമാണ് ഏറ്റവും കൂടുതൽ നേഴ്‌സുമാരെ അയക്കുന്നത്, ഞങ്ങളിൽ കൂടുതൽ പേരും മലയാളികളാണ് പക്ഷെ കേരളത്തിന് പുറത്തു നിന്നും ബിരുദം നേടിയവരും, ഞങ്ങളെ കൂടതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതേ പ്രശ്നം നേരിടുന്നുണ്ട്.” അവർ കൂട്ടിച്ചേർത്തു.

“ഞങ്ങളിൽ ഭൂരിഭാഗം ആളുകൾക്കും ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു, ഇപ്പോൾ തുടർപഠനത്തിനും അവസരമില്ലാതെയിരിക്കുകയാണ്, സത്യത്തിൽ ജീവിക്കണോ മരിക്കണോ എന്ന് പോലും ചിന്തിക്കാൻ കഴിയാത്ത അവസ്ഥ,” മറ്റൊരാൾ പറഞ്ഞു.

ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ വി മുരളീധരൻ അടുത്ത ആഴ്ച യു എ ഇ സന്ദർശനത്തിന് എത്തുമ്പോൾ പ്രശ്നം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും, ഇത് പരിഹരിക്കുന്നതിനായി അദ്ദേഹത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.