Sat. Apr 27th, 2024
മുംബൈ:

പഞ്ചാബ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്ക് അഴിമതിക്കേസിൽ മുഖ്യപ്രതിയായ, ബാങ്കിന്റെ മുൻ ചെയർമാൻ എസ് വാര്യം സിങ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ള്യു). സിങ്ങിന്റേയും, എച്ച്ഡിഐഎൽ ഡയറക്ടർമാരുടെയും റിമാൻഡ് കാലാവധി നീട്ടണമെന്ന ആവശ്യപ്പെട്ട് ഇഒഡബ്ള്യു സമർപ്പിച്ച ഹർജിയിൽ തട്ടിപ്പ്കേസിൽ സിങ് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ദീർഘകാലമായി അഴിമതി അടിച്ചമർത്തുകയാണെന്നും പറയുന്നു.

സിങ് അഴിമതിയിലൂടെ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും അവ മറച്ചു വയ്ക്കുന്നതിനായി അഴിമതിപ്പണം മറ്റ് പ്രവർത്തനങ്ങൾക്ക് കൈമാറിയതായി രേഖകൾ ഉണ്ടാക്കിയതാണെന്നും ഇഒഡബ്ള്യു ഹർജിയിൽ വ്യക്തമാക്കി.

പിഎംസി ബാങ്കിന് 4,335 നഷ്ടമുണ്ടായതിനാൽ മാനേജർ ജസ്ബീർ സിങ് മാട്ട, അന്നത്തെ മാനേജിങ് ഡയറക്ടർ ജോയ് തോമസ്, മറ്റ് ഉദ്യോഗസ്ഥർ, എച്ച്ഡിഐഎൽ ഡയറക്ടർമാരായ സാരംഗ് വാധ്‌വാൻ, രാകേഷ് വാധ്‌വാൻ, തുടങ്ങിയവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെപ്തംബർ അവസാനത്തോടെ ഇഒഡബ്ള്യു കേസ്‌ ഫയൽ ചെയ്തത്.

44 എച്ച്ഡിഐഎൽ വായ്‌പാ അക്കൗണ്ടുകൾക്കു പകരം 21,049 സാങ്കൽപിക വായ്പാ അക്കൗണ്ടുകൾ കോർ ബാങ്കിങ് സൊല്യൂഷനിലൂടെ കടന്നു പോകാതെ റിസർവ് ബാങ്ക് പരിശോധനക്കായി സമർപ്പിച്ച രേഖകളിൽ ഉൾപ്പെടുത്തുകയാണ് പ്രതികൾ ചെയ്തത്.

കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനുള്ള ഈ നടപടി ബാങ്കിന്റെ ഡയറക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും പരിപൂർണ സമ്മതത്തോടെയാണ് നടന്നത്.

തുടർച്ചയായി ചോദ്യം ചെയ്തിട്ടും സിങ് കേസിനെ വഴിതിരിച്ചു വിടാൻ നോക്കിയതല്ലാതെ വ്യക്തമായ ഉത്തരങ്ങൾ തന്നില്ല എന്നും ഇഒഡബ്ള്യു വ്യക്തമാക്കുന്നു.

പിഎംസി ബാങ്ക് നിക്ഷേപകർ കോടതിക്ക് പുറത്തു വൻ പ്രതിഷേധം നടത്തിയിരുന്നു. സിങ്ങിനെയും മറ്റ് പ്രതികളെയും ഈ മാസം 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.