Sun. Dec 22nd, 2024
#ദിനസരികള്‍ 906
മുത്തൂറ്റിലെ തൊഴിലാളികളുടെ സമരം വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനെതിരെ പല തരത്തിലും തലത്തിലുമുള്ള പ്രചാരണങ്ങള്‍ നടന്നു. അതില്‍ ഏറ്റവും പ്രധാനം സിഐടിയു കാരണം കേരളത്തില്‍ ഒരു തരത്തിലുള്ള വ്യവസായങ്ങള്‍ക്കും പിടിച്ചു നില്ക്കാനാകുന്നില്ല എന്നതായിരുന്നു.

മറ്റൊന്ന് മുത്തൂറ്റിലെ തന്നെ ഭുരിപക്ഷം വരുന്ന ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ സമരം അനാവശ്യമാണെന്നുമായിരുന്നു മറ്റൊരു കൂട്ടരുടെ വാദം. സമരംകാരണം കേരളത്തില്‍ നിന്ന് മുത്തൂറ്റു സ്ഥാപനങ്ങള്‍ പുട്ടിപ്പോകുമെന്നും അതോടെ ആ തൊഴിലാളികള്‍ക്കെല്ലാം ജോലി നഷ്ടമാകുമെന്നുമൊക്കെ പ്രചരിപ്പിച്ച് അവര്‍ തൊഴിലാളികളുടെ ഇടയില്‍ ആശങ്ക സൃഷ്ടിച്ചു.

ഇത് സിഐടിയുവിനെതിരേയും വിശിഷ്യാ സിപിഐഎമ്മിനെതിരേയുമുള്ള ബോധപൂര്‍വ്വമായ ഒരു നീക്കമായിരുന്നു. കേരളത്തിലെ മറ്റു തൊഴിലാളികളും ചില മാധ്യമങ്ങളുമെല്ലാം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മുന്‍‌പന്തിയിലുണ്ടായിരുന്നുവെന്ന കാര്യംകൂടി ഓര്‍മ്മിപ്പിക്കുക.

2016-ലാണ് സിഐടിയു മുത്തൂറ്റ് ഫൈനാന്‍സില്‍ നോണ്‍ ബാങ്കിംഗ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ എന്ന പേരില്‍ യൂണിയന്‍ രൂപീകരിക്കുന്നത്. യൂണിയന്‍ രൂപീകരണത്തില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച മാനേജ്മെന്റ് യൂണിയന്‍ പ്രവര്‍ത്തകരായവരോട് ശത്രുതാ പരമായി പെരുമാറാന്‍ തുടങ്ങി. അനാവശ്യമായ സ്ഥലംമാറ്റിയും ആനുകൂല്യങ്ങള്‍ അനുവദിക്കാതെയും ശബളപരിഷ്കരണം നടപ്പിലാക്കാതെയും അവര്‍ തൊഴിലാളികളെ പീഢിപ്പിക്കാന്‍ തുടങ്ങി.

കമ്പനി കോടിക്കണക്കിനു രൂപയുടെ ലാഭമുണ്ടാക്കുമ്പോഴും തൊഴിലാളികള്‍ക്ക് യാതൊരു വിധത്തിലുള്ള നേട്ടങ്ങളുമുണ്ടായിരുന്നില്ല. തൊഴിലാളികള്‍ സൂചനാ സമരങ്ങള്‍ നടത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടാകാതെ പോയ ഘട്ടത്തിലാണ് അവസാന പോംവഴിയെന്ന നിലയില്‍ ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരം എന്ന അവസ്ഥ സംജാതമായത്.

സമരത്തിന് മുന്നിട്ടിറങ്ങിയ സിഐടിയു വല്ലാതെ മറ്റൊരു തൊഴിലാളി സംഘടനയും പ്രശ്നത്തോട് അനുഭാവപൂര്‍വ്വം പെരുമാറിയില്ലെന്ന് മാത്രമല്ല, ഇത് സിഐടിയുവിന്റെ തെമ്മാടിത്തരമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചു. തൊഴിലാളികളെ ഗുണ്ടകളായി ചിത്രീകരിച്ചു. ജോലി ചെയ്തു ജീവിക്കാനായി ശ്രമിക്കുന്നവരെ തടയുന്നുവെന്ന് ആക്ഷേപമുന്നയിച്ചു.

അവര്‍‌ക്കെതിരെ കോടതിയെ സമീപിച്ച് സമരത്തിനിറങ്ങാത്ത ജീവനക്കാരെ തടയരുതെന്ന വിധി സമ്പാദിച്ചു. പൊതുസമൂഹത്തിനിടയില്‍ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നവരെ മോശമായി ചിത്രീകരിച്ചു. എന്നു മാത്രവുമല്ല മാനേജുമെന്റുമായി യോജിച്ചു പോകുന്ന ജീവനക്കാരെ കൂടെനിറുത്തി സമരം ചെയ്യുന്നവര്‍‌ക്കെതിരെ പ്രതികരിപ്പിച്ചു. അവരുടെ നേതൃത്വത്തില്‍ ചില നാടകങ്ങളും അരങ്ങേറി.

അതിനെയൊക്കെയും കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ ഇന്നാട്ടിലും ആളുണ്ടായി എന്നതാണ് ഖേദകരമായ വസ്തുത. ഒരു വ്യവസായവും കേരളത്തില്‍ വളരാന്‍ അനുവദിക്കാത്തവരാണ് സിഐടിയു എന്നു പോലും വാദിച്ചവരുണ്ട്.

ഒരു പണക്കച്ചവടസ്ഥാപനത്തിന്റെ ഉടമ പരസ്യമായി ജനാധിപത്യ ഭരണക്രമത്തിലെ സ്ഥാപനങ്ങളെ വെല്ലുവിളിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നതും നാം കണ്ടു. യൂണിയന്‍ അനുവദിക്കുന്ന പ്രശ്നമില്ലെന്നും കേരളത്തിലെ മുഴുവന്‍‌ സ്ഥാപനങ്ങളും പൂട്ടിപ്പോയാലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം വാശിപിടിച്ചു. തൊഴില്‍ വകുപ്പുമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ നിഷേധിച്ചു.

പ്രധാനമന്ത്രി പറഞ്ഞാലും താന്‍ പിന്നോട്ടില്ലെന്ന് അദ്ദേഹം ആണയിട്ടു. ഒരു പക്ഷ മുത്തൂറ്റിന്റെ ഉടമ ഇത്തരമൊരു നിലപാട് പരസ്യമായി സ്വീകരിച്ചത് ഒരു പക്ഷേ സമരത്തിന് ഗുണമായി എന്നു വേണം കരുതാന്‍. സിഐടിയുവിനെതിരേയും സമരത്തിനെതിരേയും തല്പരകക്ഷിക്കാര്‍ നടത്തിപ്പോന്നിരുന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കാന്‍ ജോര്‍ജ്ജിന്റെ പ്രകടനം സഹായകമായി.

അങ്ങനെയൊരു പ്രകടനം സംഭവിച്ചിരുന്നില്ലെങ്കില്‍ കേരളത്തിലെ സിപിഐഎം ഒഴിച്ചുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും മുത്തൂറ്റിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് രംഗത്തു വരുമായിരുന്നുവെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. ശ്രീ ജോര്‍ജ്ജിന്റെ പത്രമ്മേളനവും പ്രസ്താവനകളും പുറത്തു വരുന്നതു വരെ അതായിരുന്നു സാഹചര്യം.

എന്തായാലും തൊഴിലാളികളുടേയും അവരെ ന്യായമായി നയിച്ചവരുടേയും ഇച്ഛാശക്തി വിജയിച്ചു. തങ്ങളുന്നയിച്ച ആവശ്യങ്ങളെല്ലാംതന്നെ മുത്തൂറ്റിന്റെ മാനേജ്‌മെന്റ് അംഗീകരിച്ചു. മുതലാളികളുടെ പിടിവാശികളല്ല, മറിച്ച് തൊഴിലാളികഴുടെ ന്യായമായ ആവശ്യങ്ങളാണ് ശരിയെന്ന് ജനത്തിനും ബോധ്യമായി.

കേവലം ഒരു ശതമാനത്തില്‍ താഴെ വരുന്ന തൊഴിലാളികളാണ് ഈ സമരം നടത്തി വിജയത്തിലേക്ക് എത്തിച്ചത്. ബാക്കിയെല്ലാവരും തന്നെ മുതലാളിമാരോടൊപ്പം ചേര്‍ന്ന് സമരത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട നാടകങ്ങളില്‍ പങ്കെടുക്കുകയായിരുന്നു. സമരത്തിലുള്ള തൊഴിലാളികളെ ഗുണ്ടകളായി ചിത്രീകരിക്കാനും ഇവര്‍ ശ്രമിച്ചു. അതുകൊണ്ട് ഇപ്പോള്‍ സമരം ചെയ്തവര്‍ നേടിയെടുത്തിരിക്കുന്ന നേട്ടങ്ങളുടെ പങ്കു തങ്ങള്‍ക്കു വേണ്ടെന്ന് പറയുമോ? അങ്ങനെ പറയണമെന്നില്ല. പക്ഷേ അവര് ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന തൊഴിലാളികളെ ഒറ്റിക്കൊടുത്ത് കള്ളന്മാരാക്കാന്‍ ഇനിയെങ്കിലും  കൂട്ടുനില്ക്കില്ലയെന്ന പ്രതിജ്ഞ ചെയ്യുകയെങ്കിലും വേണം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.