തിരുവനന്തപുരം:
2022 ഓടെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ഗഗന്‍യാന്‍ മിഷന്റെ ഭാഗമാകാനൊരുങ്ങി വ്യോമസേന. ഗഗന്‍യാന് വേണ്ടിയുള്ള ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനും അവര്‍ക്ക് പരിശീലനം നല്‍കുന്നതിനുമായുള്ള ചുമതലയാണ് വ്യോമസേന ഏറ്റെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള കരാറില്‍ വ്യോമസേനയും ഐ.എസ്.ആർ.ഒയും ഒപ്പ് വച്ചു. എയര്‍വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ.കപൂര്‍, ഗഗന്‍യാന്‍ പദ്ധതി ഡയറക്ടര്‍ ആര്‍. ഹട്ടന്‍ എന്നിവരാണ് കരാറില്‍ ഒപ്പ് വച്ചത്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് ഗഗന്‍യാന്‍. യാത്രികരെ പരിശീലിപ്പിക്കുന്നതിനുള്ള ചുമതല വ്യോമസേനക്കായിരിക്കുമെന്ന് ഐ.എസ്.ആർ.ഒ. ചെയര്‍മാന്‍ കെ.ശിവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2022 ഓടെ മൂന്നു പേരെ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ആളുകളെ തെരഞ്ഞെടുക്കാന്‍ 12 മുതല്‍ 14 മാസം വരെ വേണ്ടി വരുമെന്നാണ് നിഗമനം. ഇതിനു ശേഷമായിരിക്കും പരിശീലനം ആരംഭിക്കുന്നത്. പരിശീലനത്തിന്റെ കൂടുതല്‍ ഭാഗവും ഇന്ത്യയിലായിരിക്കും, ഇതിന് പുറമെ വിദേശത്ത് നിന്നുള്ള വിദഗ്ദ്ധരുടെ സഹായവും ഉപയോഗിക്കുമെന്നും ഐ.എസ്.ആർ.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി.