ന്യൂഡൽഹി:
സൈക്കിളും ഓലക്കുടിലും മാത്രം സ്വന്തമായുളള പ്രതാപ് ചന്ദ്ര സാരംഗി മോദി സര്‍ക്കാരില്‍ സഹമന്ത്രിയായ വാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറെ ആഘോഷിക്കുന്നത്. ഇദ്ദേഹത്തിന്റെ ലാളിത്യം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോൾ, സാരംഗിയുടെ ചരിത്രം ചികഞ്ഞെടുത്തിരിക്കുകയാണ് ബി.ബി.സി. ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും തീവ്ര ഹിന്ദുത്വശക്തികള്‍ കൊലപ്പെടുത്തിയ 1999 ല്‍ ബജ്‌രംഗ് ദള്‍ നേതാവായിരുന്നു സാരംഗി എന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര വലതുപക്ഷ സംഘടനയാണ് ബജ്‌രംഗ് ദള്‍.
ബജ്‌രംഗ് ദളാണ് ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ ആരോപിക്കുമ്പോൾ, ഈ ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും ഒരു സംഘത്തിന് പങ്കുളളതായി തെളിവില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. നീണ്ടക്കാലത്തെ വിചാരണയ്ക്ക് ഒടുവില്‍ 2003 ലാണ് കേസുമായി ബന്ധപ്പെട്ട് ബജ്‌രംഗ് ദളുമായി ബന്ധമുളള ധാരാസിങ്ങിനെയും 12 പേരെയും കോടതി ശിക്ഷിച്ചത്. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഒറീസ ഹൈക്കോടതി ഇദ്ദേഹത്തിന്റെ വധശിക്ഷ ഇളവുചെയ്തു. ഇതിനു പുറമേ മറ്റു പതിനൊന്നു പേരുടെ ജീവപര്യന്തം ശിക്ഷയും ഇളവു ചെയ്ത് കോടതി ഇവരെ വെറുതെ വിട്ടു.