ചെന്നൈ:
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഡി.എം.കെ. അദ്ധ്യക്ഷന്‍ എം.കെ. സ്റ്റാലിന് ക്ഷണമില്ല. ഡി.എം.കെയുടെ 20 എം.പിമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്ഷണിക്കാത്തതില്‍ സ്റ്റാലിൻ അസംതൃപ്തനാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. തമിഴ്‌നാടിനോടുള്ള അവഗണനയാണ് ക്ഷണിക്കാത്തതിന് പിന്നിലെന്നും ഡി.എം.കെ. നേതാക്കള്‍ ആരോപിച്ചു.
അതേസമയം, സ്റ്റാലിന് ക്ഷണമുണ്ടെങ്കില്‍ മാത്രമേ ഡി.എം.കെ. അംഗങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയുള്ളുവെന്ന് രാജ്യസഭാ അംഗമായ ടി.കെ.എസ്. ഇളങ്കോവന്‍ പറഞ്ഞു. ഡി.എം.കെയ്ക്ക് 23 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. തമിഴ്‌നാട്ടില്‍ മോദി തരംഗം തടയുന്നതില്‍ നിര്‍ണ്ണായകമായത് സ്റ്റാലിന്റെ ഇടപെടലായിരുന്നു. സംസ്ഥാനത്തെ തങ്ങളുടെ നമ്പർ വണ്‍ ശത്രു സ്റ്റാലിനാണെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ആര്‍. ശ്രീനിവാസന്‍ പറഞ്ഞിരുന്നു.