#ദിനസരികള്‍ 773
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിനു ശേഷം ഇന്ത്യ വീണ്ടും തങ്ങളുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തിരിക്കുന്നു. വെറുമൊരു തിരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല അത്. മറിച്ച് ഇന്ത്യയില്‍ ഇനി തങ്ങളല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ആശയ സംഹിതകള്‍ക്കും നിലനില്പില്ല എന്ന് വ്യക്തമായ പ്രഖ്യാപനം കൂടിയായിരുന്നു. പ്രതിപക്ഷ നിര തകര്‍ന്നടിഞ്ഞു. പൊതു തിരഞ്ഞെടുപ്പിനു മുന്നേ ബി.ജെ.പിക്കെതിരെ ഐക്യനിര കെട്ടിപ്പടുക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ലെങ്കിലും ഇത്തരമൊരു പരാജയം അവര്‍ പ്രതീക്ഷിച്ചിരുന്നതേയില്ല എന്നതാണ് വാസ്തവം.
ഹിന്ദിമേഖലയിലെ നിയമസഭകളിലേക്കു 2016 ല്‍ നടന്ന തിരഞ്ഞെടുപ്പുകളിലെ വിജയങ്ങളെ പ്രതീക്ഷാ നിര്‍ഭരമായി നോക്കിക്കാണുകയും അവിടങ്ങളില്‍ ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാകില്ലെന്ന ശുഭപ്രതീക്ഷ പുലര്‍ത്തുകയും ചെയ്ത എന്‍.ഡി.എ. ഇതര കക്ഷികളെ ലോകസഭാ ഫലം പക്ഷേ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഞെട്ടിച്ചു കളഞ്ഞു. അതോടൊപ്പം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും തങ്ങളുടെ വിജയക്കൊടി പാറിക്കുവാന്‍ സംഘപരിവാരത്തിന് കഴഞ്ഞതോടെ പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്രമോദി ഉറച്ച ചുവടുകള്‍ വെച്ചു.
അച്ചടക്കമുള്ള തങ്ങളുടെ ഭടന്മാരെ ഉപയോഗിച്ച് ആര്‍.എസ്.എസ്. നടത്തിയ ദീര്‍ഘമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ബി.ജെ.പി. ഇലക്ഷനില്‍ കൊയ്തെടുത്തതെന്ന് നമ്മുടെ മാധ്യമങ്ങള്‍ വിലയിരുത്തി. അമിത് ഷായുടെ കുശാഗ്രബുദ്ധിയേയും മോഡിയുടെ തന്ത്രപരമായ ആവിഷ്കാരങ്ങളേയും പുകഴ്ത്തുവാനും അവര്‍ പിശുക്കു കാണിച്ചില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരികയും ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും ചെയ്തതോടെ അതുവരെ നാം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തിരുന്ന പലതും വിസ്മരിക്കപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെക്കുറിച്ചും വിവിപാറ്റിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ പ്രത്യേകിച്ചും.
ബി.ജെ.പി ഇലക്ഷനെ നേരിട്ടത് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി തങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിറുത്തിയായിരുന്നില്ല. ജനങ്ങളോട് പറയാന്‍ കഴിയുന്ന അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നുംതന്നെ ബി.ജെ.പി. കാഴ്ചവെച്ചിട്ടുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അടിക്കടി വില കൂടൂന്ന പെട്രോള്‍ ഡീസല്‍ മേഖലയും തെരഞ്ഞെടുപ്പു പത്രികയില്‍ നിരത്തിയ പൊള്ളയായ പ്രലോഭനങ്ങളും നോട്ടു നിരോധനവുമൊന്നും വോട്ടു നേടിത്തരില്ലെന്ന് മറ്റാരെയുംകാള്‍ ബി.ജെ.പിക്ക് തന്നെ അറിയാമായിരുന്നു.
എന്നു മാത്രവുമല്ല തിരഞ്ഞെടുപ്പു പത്രികയിലെ വാഗ്ദാനങ്ങളെ പരസ്യമായി ബി.ജെ.പിയുടെ പല നേതാക്കളും തള്ളിപ്പറയുകയും ചെയ്തു. അതോടൊപ്പം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചു വന്ന ആക്രമണങ്ങളും പശുവിന്റെ പേരില്‍ നടത്തിയ അഴിഞ്ഞാട്ടങ്ങളും ആഭ്യന്തര ക്രമസമാധാനത്തേയും ബാധിച്ചു. ജനതക്കിടയില്‍ അടിക്കടി അസ്വാരസ്യങ്ങള്‍ നിറച്ചുകൊണ്ട് ഭരണം തുടര്‍ന്ന മോദിയെ ഭിന്നിപ്പിന്റെ പ്രവാചകന്‍ എന്ന് ലോകമാധ്യമങ്ങള്‍ വിശേഷിപ്പിക്കുയുണ്ടായി.
ഹിന്ദുത്വവാദവും തീവ്ര ദേശീയതയുമല്ലാതെ അവര്‍ക്ക് ജനങ്ങളുടെ മുന്നില്‍ വെയ്ക്കാന്‍ മറ്റൊന്നും തന്നെയുണ്ടായിരുന്നില്ല. ബാലാക്കോട്ട് ആക്രമണവും സര്‍ജ്ജിക്കല്‍ സ്ട്രൈക്കുകളുമായി രാജ്യസുരക്ഷയെ സംബന്ധിച്ച വാദങ്ങളും മുസ്ലിംവിരുദ്ധ പരമാര്‍ശങ്ങളും കൊണ്ട് അവര്‍ രംഗത്തിറങ്ങി. ഗോഡ്സേയെ ദേശസ്നേഹിയെന്ന് വിളിച്ച പ്രജ്ഞാസിംഗിനെപ്പോലെയുള്ളവരായിരുന്നു ബി.ജെ.പിയുടെ മുഖം. ഭരണത്തിലെ വീഴ്ചകളേയും കൊള്ളരുതായ്മകളേയും അഴിമതികളേയും ഇങ്ങനെ സൃഷ്ടിക്കപ്പെട്ട അജണ്ടയില്‍ സംഘപരിവാരം മറി കടക്കാന്‍ ശ്രമിച്ചു.
താരതമ്യേന വിലക്കയറ്റംപോലെയോ നോട്ടുനിരോധനം പോലയോ നമ്മുടെ ജീവിതങ്ങളുമായി നേരിട്ടു ബന്ധപ്പെടാത്ത ഈ അജണ്ടയെ മുന്‍നിറുത്തിയാണ് ഇത്രയും വലിയ വിജയം ബി.ജെ.പി. കൈവരിച്ചതെന്നത് വിശ്വാസയോഗ്യമല്ല എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഇവിടെയാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ അഥവാ ഇ.വി.എമ്മിലെ തിരിമറികള്‍ എന്ന സാധ്യത മുന്നോട്ടു വരുന്നത്. ഇലക്ഷന്‍ സമയത്തുതന്നെ ഇതിനെക്കുറിച്ച് ധാരാളം ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നുവല്ലോ.
പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍ക്കു പകരം വോട്ടു ചെയ്യുന്ന സംഘപ്രവര്‍ത്തകരേയും യാതൊരു സുരക്ഷയുമില്ലാതെ തോന്നിയ പോലെ കൈകാര്യം ചെയ്യുന്ന ഇ.വി. എമ്മുകളുടേയും വാര്‍ത്തകള്‍ നിരന്തരമായി പുറത്തുവന്നു. കോണ്‍ഗ്രസിനു ചെയ്യുന്ന വോട്ടുകള്‍ ബി.ജെ.പിക്കു പോകുന്ന വാര്‍ത്തകള്‍ എത്രയോ അധികമുണ്ട്. അതൊക്കെ മെഷീനുകളുടെ കുഴപ്പം എന്നു പറഞ്ഞ് ഇലക്ഷന്‍ കമ്മീഷന്‍ നിസ്സാരമായി ന്യായീകരിച്ചു. എന്നാല്‍ അത്തരത്തില്‍ ചെയ്യപ്പെടുന്ന വോട്ടുകള്‍ എന്തുകൊണ്ട് ബി.ജെ.പിക്കു മാത്രം പോകുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.
അതോടൊപ്പം ഇരുപതു ലക്ഷം വോട്ടിംഗ് മെഷീനുകള്‍ കാണാതായിരിക്കുന്നുവെന്ന വാര്‍ത്തയും നാം കേട്ടു. അതത്ര നിസ്സാരമാക്കി പരിഗണിക്കേണ്ട ഒന്നായിരുന്നില്ല. വിവരാവകാശപ്രകാരം ലഭ്യമായ രേഖ അനുസരിച്ച് ഇലക്ഷന്‍ കമ്മീഷന്റെ കൈവശമുണ്ടായിരിക്കേണ്ട ഇ.വി.എമ്മുകളാണ് കാണാതായിരിക്കുന്നത്. രാജ്യത്തെ വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു സമീപം ഇ.വി.എം. നിറച്ച വാഹനങ്ങള്‍ കണ്ടെത്തി എന്ന വാര്‍ത്തയെക്കൂടി കൂട്ടി വായിക്കുക.
ഒരു കാലത്ത് ഇ.വി.എമ്മുകളില്‍ തിരിമറി നടത്താന്‍ കഴിയുമെന്നും അതുകൊണ്ട് പേപ്പര്‍ ബാലറ്റുകളാണ് അഭികാമ്യമെന്നും വാദിച്ചിരുന്ന ബി.ജെ.പി. ഇപ്പോള്‍ ഇ.വി.എമ്മുകളുടെ വക്താക്കളാണ്. ഒരു കാരണവശാലും അതിലൊരു തട്ടിപ്പും നടത്താന്‍ കഴിയുകിയില്ലെന്ന് അക്കൂട്ടര്‍ ആണയിടുന്നു. ഇലക്ഷന്‍ കമ്മീഷനെക്കൊണ്ട് വെല്ലുവിളി നടത്തിക്കുന്നു. പക്ഷേ എത്രയെത്ര ശക്തമായി ഇ.വി.എമ്മുകള്‍ ന്യായീകരിക്കപ്പെട്ടാലും അത്രക്കത്രക്ക് ജനങ്ങളില്‍ സംശയം കൂടി വരുന്നുവെന്നതാണ് വാസ്തവം. 2019 ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഫലങ്ങളിലും ഇ.വി.എമ്മുകളിലെ തിരിമറി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന സംശയത്തിന് ആക്കം കൂടുന്നു.
മോക് പോള്‍ നടത്തി ക്ലിയര്‍ ചെയ്യുന്ന മെഷീനുകളാണ് ഇലക്ഷന് ഉപയോഗിക്കുന്നതെന്നതാണ് കമ്മീഷന്‍ സാക്ഷ്യപ്പെടുത്തുന്നത്. വയര്‍ലെസ് കണക്ഷന്‍സൊന്നും തന്നെ ഘടിപ്പിക്കാന്‍ കഴിയാത്ത ഇ.വി.എം. ഹാക്കു ചെയ്യുക അസാധ്യമെന്ന വാദത്തെ പലരും വെല്ലുവിളിക്കുകയും ഹാക്കു ചെയ്യാമെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഹരി കെ. പ്രസാദിനെപ്പോലെയുള്ള വിദഗ്ദ്ധർ ഇത് ശരിവെയ്ക്കുകയും ചെയ്യുന്നു. നിശ്ചിത ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തു കഴിഞ്ഞാല്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്താമെന്ന വാദവും പ്രബലമാണ്. മോക് പോളിംഗ് സമയത്ത് നടത്തുന്ന അമ്പതോ നൂറോ വോട്ടുകളിലല്ല , അഞ്ഞുറിലധികമോ അല്ലെങ്കില്‍ നിശ്ചിത ശതമാനമോ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടാല്‍ മാത്രം അത്തരം പ്രോഗ്രാമുകളെ പ്രവര്‍ത്തിപ്പിക്കാനാകും.
അതിലൊക്കെയുപരി ഇ.വി.എമ്മുകളെ മാറ്റിക്കൊണ്ട് നടത്തുന്ന തിരിമറിയ്ക്കാണ് ഞാന്‍ ഏറെ സാധ്യത കാണുന്നത്. സൈന്യത്തെ അത്തരം ആവശ്യങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നത് മറ്റാരെക്കാളും മോഡിക്കും കൂട്ടര്‍ക്കും അറിയാം. കാണാതായ ഇ.വി.എമ്മുകള്‍ ഇത്തരം ആവശ്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തിയതെന്ന ആരോപണവും ശക്തമാണ്. എന്തായാലും ബി.ജെ.പിയുടെ ഈ വിജയത്തെ അനുകൂലിക്കുന്നവര്‍ പോലും ഇത്ര വലിയൊരു വിജയം നേടിയെടുക്കാനുള്ള സാധ്യതകള്‍ ഇല്ലാതിരുന്നുവെന്ന് അടിവരയിടുന്നുണ്ട്.
ജനാധിപത്യത്തിന്റേ പേരില്‍ വോട്ടു ചെയ്ത ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഇ.വി.എമ്മിലെ തിരിമറിവാദം എന്ന ആക്ഷേപം കാണാതിരിക്കുന്നില്ല.എന്നാല്‍ കേവലം അപരമത വിദ്വേഷവും ഹിന്ദുത്വ ദേശീയവാദവുമാണ് നമ്മുടെ ഇലക്ഷനില്‍ ഫലം നിര്‍ണയിച്ചതെന്ന വാദത്തിന്റെ അത്ര അപമാനകരമാകില്ല ഇതെന്നാണ് എന്റെ അഭിപ്രായം.ഒരു രാജ്യം ഒറ്റക്കെട്ടായി മതവര്‍ഗ്ഗീയതയെ ആശ്ലേഷിച്ചു എന്നു വാദിക്കുന്നത്ര അശ്ലീലം മറ്റെന്തുണ്ട് ?
വസ്തുകളെ നിരത്തി ഓരോ വാദങ്ങളും ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ ഏകഛത്രാധിപത്യത്തിനു കീഴിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയില്‍ അതിനി എത്രമാത്രം ഫലപ്രദമായി നടത്തുവാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഒന്നെതിര്‍ക്കാന്‍ പോലും കഴിയാതെ ഒരു മഹാരാജ്യം വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കുമുന്നില്‍ മുട്ടുമടക്കുന്നു. ബി.ജെ.പിക്ക് പിടിച്ചു കയറാനാകാത്ത സംസ്ഥാനങ്ങളിലേക്കുള്ള കടന്നു കയറ്റങ്ങളാണ് ഇനി നടക്കുക. നമ്മുടെ പ്രതിരോധങ്ങളെ ഇ.വി.എമ്മുകള്‍ കൊണ്ട് തടഞ്ഞു നിറുത്തുവാന്‍ സംഘപരിവാരത്തിന് അറിയാം.
അതുകൊണ്ട് ജനങ്ങളുടെയല്ല, ഇ.വി.എമ്മുകളുടെ പ്രധാനമന്ത്രിയാണ് ഇന്ന് അധികാരമേല്‍ക്കുന്ന നരേന്ദ്രമോദി എന്ന് പ്രഖ്യാപിക്കുവാന്‍ നാം സന്ദേഹിക്കേണ്ടതില്ല.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.