ന്യൂഡൽഹി:
നരേന്ദ്രമോദിയുടെ കീഴില്‍ കേന്ദ്രത്തില്‍ വീണ്ടുമൊരു മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉണ്ടാവില്ല. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്റ്റ്‌ലി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് 66 കാരനായ ജെയ്റ്റ്‌ലി ഇത്തവണ മന്ത്രിസഭയില്‍ നിന്നും മാറി നില്‍ക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. നേരത്തെ, കഴിഞ്ഞ വര്‍ഷം മെയ് 14ന് അദ്ദേഹം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
കഴിഞ്ഞ 18 മാസമായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെന്നും, എന്നാല്‍ അതില്‍ നിന്ന് കുറേയൊക്കെ അതിജീവിക്കാന്‍ ഡോക്ടര്‍മാര്‍ സഹായിച്ചുവെന്നും, ഇനി പുതിയ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ചികിത്സയും ആരോഗ്യവും ശ്രദ്ധിക്കാന്‍ അതിലൂടെ തനിക്കു കഴിയുമെന്നും, ബി.ജെ.പിയും എന്‍.ഡി.എയും മോദിയുടെ കീഴില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചുവെന്നും അദ്ദേഹത്തിന്റെ കത്തിൽ പറയുന്നു. തന്റെ ആരോഗ്യവും ചികിത്സയും മുന്നോട്ടുകൊണ്ടുപോകാന്‍ പുതിയ സര്‍ക്കാരിലെ ഉത്തരവാദിത്തത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും, മോദി സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരവുമായിരുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.