Sun. Dec 22nd, 2024
#ദിനസരികള്‍ 764

        എം. കൃഷ്ണന്‍ നായരുടെ നിഗ്രഹോത്സുകതയോട് പലപ്പോഴും വിപ്രതിപത്തി തോന്നിയിട്ടുണ്ട്. ഇങ്ങിനെ ഒരു നാമ്പുപോലും പൊടിച്ചു കൂടാ എന്ന നിര്‍‌ബന്ധത്തിലാണ് അദ്ദേഹം നമ്മുടെ പുതിയ ചില എഴുത്തുകാരെ സമീപിക്കുന്നതെന്നാണ് നാം ചിന്തിച്ചു പോകുക. അതുകൊണ്ടുതന്നെ വിമര്‍ശകന്റെ നിശിതമായ ആ മുനകളെ തഴഞ്ഞ് നാം എഴുത്തുകാരനോട് ഒരല്പം മമത കാണിച്ചു കൊണ്ട് അദ്ദേഹത്തോട് അടുത്തു നിന്നുകൊണ്ട് അത്രത്തോളം വേണ്ടിയിരുന്നില്ല എന്ന് ഐക്യപ്പെടുന്നു.

      എന്നാല്‍ ഇക്കാലങ്ങളില്‍, സത്യം പറയട്ടെ, എം. കൃഷ്ണന്‍ നായരെപ്പോലെയുള്ള ഒരു നിരൂപകന്റെ അഭാവം നമ്മുടെ എഴുത്തു ലോകത്ത് വല്ലാതെ അനുഭവപ്പെടുന്നുവെന്നതാണ് വാസ്തവം. കാരണം കവിയശപ്രാര്‍ത്ഥികളായ അല്പന്മാരുടെ കൂത്തരങ്ങായി നമ്മുടെ സാഹിത്യലോകം മാറിയിരിക്കുന്നു. നാലുവരി മുറിച്ചെഴുതിയാല്‍ കവിതയായി എന്നു കരുതി ഉദ്ധരിപ്പിച്ചു കൊണ്ടു നടക്കുന്ന ഇത്തരക്കാരെ പണ്ടൊക്കെ വീട്ടിലെ പൂച്ചയേയും പട്ടിയേയുമൊക്കെ ചാക്കിലാക്കി ദൂരെ കൊണ്ടുപോയി കളയുന്നതുപോലെ അതിര്‍ത്തി കടത്തി വിടണം. എന്നാല്‍ മാത്രമേ ഇനിയും നമ്മുടെ സാഹിത്യാന്തരീക്ഷത്തിന് ഒരല്പം ശുദ്ധവായു ശ്വസിക്കാനുള്ള ഇടമുണ്ടാകൂ.

      ഞാനീ പുതുക്കൂട്ടത്തിനെ വെറുതെ ഒരു നിര ചീത്ത പറഞ്ഞു പോകുകയല്ല. നമ്മുടെ നവ മാധ്യമങ്ങള്‍ വഴി പരസ്പരം പുറം ചൊറിഞ്ഞും കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചും രാവിലെ മുതല്‍ വന്നു വീഴുന്ന കവിതമഴ ദിവസവും നനയുന്ന ഒരാള്‍ക്ക് ഇത് നന്നായി ബോധ്യമാകും. (മഴയെന്നല്ല കല്ലുപെയ്ത്ത് എന്നാണ് പറയേണ്ടതെന്നതു വേറെ കാര്യം) കവിത എന്ന വിശേഷണത്തോടെ നമ്മുടെ വട്ടത്തിലേക്ക് വന്നെത്തുന്ന ഇത്തരം ശുഷ്കങ്ങളായ അക്ഷരനിരകളെ കാണുമ്പോള്‍ മലയാള ഭാഷയോട് മാപ്പു പറയുക!

        കവി ഇന്നതുപോലെയെ എഴുതാവൂ എന്ന വാശിയൊന്നുമല്ല. അങ്ങനെ ഒരു തരത്തിലുമുള്ള ചട്ടക്കൂടുകളിലേക്ക് കവിതയെ കൊണ്ടുപോയി കെട്ടുകയുമരുത്. എന്നാലോ ഏതു പഴന്തുണി നിറച്ച കീറച്ചാക്കും കവിതയെന്ന ലേബലില്‍ വിപണിയിലേക്കെത്തിക്കുന്ന പ്രവണത അവസാനിക്കുകയും ചെയ്യണം. കവിത എന്ന നിലയില്‍ എഴുതിക്കൂട്ടുന്നവനെക്കാളും അവനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും സിന്ദാബാദ് വിളിക്കാനും ഒരുങ്ങിയിരിക്കുന്ന സൌഹൃദക്കൂട്ടങ്ങളെയാണ് ആദ്യം പടിക്കു പുറത്താക്കേണ്ടത്. കാരണം ഇത്തരം ക്ഷുദ്രസാഹിത്യങ്ങളെ പ്രചരിപ്പിക്കുന്നവരാണ് എഴുതാനുള്ള പ്രോത്സാഹനം നല്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.

      വെറുതെ കൈയ്യടിച്ചു കൊടുക്കുമ്പോള്‍ നാം ചെയ്യുന്നത് ഇത്തരം അല്പത്തരങ്ങളെ വളരാന്‍ വിടുക എന്നതാണ്. ഇതാണ് കവിത എന്ന “ഠ” വട്ടത്തിലേക്ക് ഭാഷയേയും ഭാവനയേയും ഒതുക്കി നിറുത്താന്‍ ശ്രമിക്കുക എന്നതാണ്. ഇത്തരം കവിതക്കാരെ കൃഷ്ണന്‍ നായര്‍ ചെയ്തതുപോലെ തന്നെ ചെയ്യുക എന്ന ഒരൊറ്റ പോം വഴിയേ നമ്മുടെ മുന്നിലുള്ളു. അതെത്ര ജനാധിപത്യവിരുദ്ധമാണെങ്കിലും സമൂഹത്തിന്റെ പൊതുനന്മയെക്കരുതി നാം അതിനു തയ്യാറാകുക.

      നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ആഭാസങ്ങള്‍ക്ക് വിലക്കേര്‍‌പ്പെടുത്തുവാന്‍ നമുക്ക് പരിമിതികളുണ്ട്. എന്നാല്‍ അച്ചടി മാധ്യമങ്ങളിലോ? അവരാണ് ഇത്തരത്തിലൂടെ കോമാളിത്തരങ്ങള്‍ക്ക് വേദി നല്കുന്ന മറ്റൊരിടം. വെറും നാലാംകിട പ്രസിദ്ധീകരണങ്ങളുടെ കാര്യം വിടൂ. ഒന്നാം കിടക്കാരായി മുന്‍നിരയില്‍ നില്ക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാളം വാരികയുമൊക്കെ ഇത്തരം അഭ്യാസക്കാര്‍ക്ക് കേറി നിരങ്ങാനുള്ള ഇടങ്ങളായി മാറുമ്പോള്‍ നാം നിസ്സാഹായരാകുന്നു.

      മെയ് പന്ത്രണ്ടിന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇറങ്ങിയത് കവിതയുടെ അലകള്‍ എന്ന പേരില്‍ ഒന്നിച്ച് ഏഴു കവിതകളെ പ്രസിദ്ധീകരിച്ചു കൊണ്ടാണ്. കാര്യം നല്ലതുതന്നെ. കവിതയല്ലേ ഏഴല്ല എഴുപതായാലും അരുചി തോന്നില്ല. പക്ഷേ കവിതയാകണ്ടേ? കവിത എന്ന് പേജിന്റെ ഒരു മൂലക്ക് അച്ചടിച്ചാല്‍ കവിതയായെന്ന ധാരണയ്ക്ക് എന്താണ് പറയുക?

      ഷീജ വക്കം എഴുതിയ ഒരു കവിതയെ മാത്രം ചൂണ്ടിക്കാണിക്കാം പേര് ജാരന്‍‌ എന്നാണ്. കവിത പറയുന്നത് എന്തായാലും ഭാഷയെങ്കിലും കൃത്യമായും പ്രയോഗിക്കേണ്ടേ? നോക്കൂക:

        ഉച്ചിവരേയ്ക്കും ജലത്തിലാമഗ്നരായ്

      ദുര്‍ഘടമേതോ ഖനിയ്ക്കുള്ളില്‍ മുങ്ങി നാം – പോസ്റ്റുകാലിന്റെ തൂണ് എന്നപോലെ ആമഗ്നരായി മുങ്ങി നില്ക്കുന്നത് കണ്ടുവോ? എഡിറ്റര്‍ കാഴ്ചക്കാരനാണെന്നല്ല പറയേണ്ടത്, അന്തരിച്ചിരിക്കുന്നുവെന്നാണ്. ഭാഷാപരമായ വീഴ്ചകളിലെങ്കിലും കത്തിവെച്ചില്ലെങ്കില്‍പ്പിന്നെ എഡിറ്ററുടെ പണിയെന്താണ്?

      മാതൃദര്‍ശനം എന്ന പേരില്‍ എന്‍.എസ്. സുമേഷ് കൃഷ്ണന്‍ ഒരെണ്ണം എഴുതിയിട്ടുണ്ട്. അമ്മ എന്നു കേള്‍ക്കുമ്പോള്‍ മാതൃഭൂമിയിലുള്ളവര്‍ക്ക് കുളിരുകോരുമെങ്കിലും അതൊരു സാഹിത്യസൃഷ്ടിയെന്ന നിലയില്‍ ഉത്കൃഷ്ടമാകണമെങ്കില്‍ ചേരുവകള്‍ ഇനിയും ചേരണം. മാതൃഭൂമിയിലെ ആദ്യ കവിത എന്ന വിശേഷണത്തിലാണ് സംഭവമെങ്കിലും നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കിട്ടുന്നവയെക്കാള്‍ ഏറെ പിന്നിലണ് ഈ അമ്മദര്‍ശനം എന്ന് പറയാതെ വയ്യ!

        ഇനിയും കവിതയെഴുത്ത് വഴങ്ങാത്ത തലമുതിര്‍ന്നവരെ വെറുതെ വിടുക. എല്ലുമൂപ്പുകൊണ്ട് മുറി കൂടുവാന്‍ അത്ര എളുപ്പമല്ലെന്ന് അത്തരക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.എന്നാല്‍ പുതതലമുറയെയെങ്കിലും കവിതകളുടെ ശരിയായ വഴികളിലൂടെ കൈപിടിച്ചു നടത്താനുള്ള ശ്രമമെങ്കിലും നാം നടത്തേണ്ടതാണ്.

എന്നാലേ,

      അമ്പത്തൊന്നക്ഷരാളീ കലിത തനുലതേ എന്നു തുടങ്ങുന്ന ശ്ലോകം മാത്രമല്ല, കം തകം പാതകം എന്നതും കവിത തന്നെയാണെന്ന ശിക്ഷ അവര്‍ക്കുണ്ടാകൂ.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *