Mon. Nov 25th, 2024

ന്യൂ ഡൽഹി :

തിരഞ്ഞെടുപ്പ് പ്രവചന രംഗത്തു വിശ്വാസ്യത പുലർത്തി വരുന്ന “ഇന്ത്യ ടുഡേ’ യുടെ ഇത്തവണത്തെ എക്സിറ്റ് പോൾ ഫലങ്ങളിൽ വ്യാപകമായി പിശകുകൾ കണ്ടെത്തിയത് മൂലം ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ അവരുടെ നിരവധി വെബ് പേജുകൾ പിൻവലിക്കേണ്ടി വന്നു.

ബി.ജെ.പി യുമായി രസത്തിലല്ലാത്ത രാജ്ദീപ് സർദേശായിയുടെ ഇന്ത്യ ടുഡേ ചാനൽ ഇത്തവണ വമ്പൻ വിജയമാണ് ബി.ജെ.പി ക്കു പ്രവചിച്ചിട്ടുള്ളത്. അവരുടെ സർവേ പ്രകാരം എൻ.ഡി.എ യ്ക്ക് 339 നും 365നും ഇടയിൽ സീറ്റ് കിട്ടും. യുപിഎ 77 നും 108നും ഇടയിലും മറ്റുള്ളവർക്ക് 69നും 95നും സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നാണു പ്രവചനം. 2014ൽ മോദി തരംഗമായിരുന്നെങ്കിൽ ഇത്തവണ മോദി സുനാമിയാണ് സംഭവിക്കുകയെന്നാണ് ഇന്ത്യാ ടുഡേ മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

എന്നാൽ ഓരോ സംസ്ഥാനങ്ങളിലെ കണക്കുകൾ വിശദമായി പരിശോധിക്കുമ്പോൾ ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലത്തിൽ നിറയെ പിശകുകൾ ഉള്ളതായി കാണാം. ഉത്തരാഖണ്ഡിലെ അഞ്ച് ലോക്സഭാ സീറ്റുകളുടേയും പേര് തെറ്റായാണ് കൊടുത്തിരിക്കുന്നത്. ചെന്നൈ സെൻട്രലിൽ കോൺഗ്രസ്സ് ജയിക്കുമെന്നാണ് പ്രവചനം. എന്നാൽ കോൺഗ്രസ്സ് ആ സീറ്റിൽ മത്സരിക്കുന്നു പോലുമില്ല. ഇവിടെ ഡി.എം.കെ നേതാവ് ദയാനിധി മാരനും പട്ടാളി മക്കൾ കച്ചി നേതാവ് സാം പോളുമാണ് മത്സരിക്കുന്നത്.സിക്കിം ലോക്സഭാ സീറ്റിൽ ഭരണ കക്ഷിയായ എസ്.ഡി.എഫ്(സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്) ജയിക്കുമെന്നായിരുന്നു ഇന്ത്യ ടുഡേ ആദ്യം പ്രവചിച്ചത്. ഇത് മാറി എസ്.കെ.എം (സിക്കിം ക്രാന്തികാരി മോർച്ച) ജയിക്കും എന്നാക്കുകയും ചെയ്തു.എസ്.ഡി.എഫ് 44ശതമാനം വോട്ട് നേടുമെന്നും എസ്.കെ.എം 46 ശതമാനം വോട്ടു നേടുമെന്നുമാണ് പ്രവചിച്ചത്. പിന്നീട് ഇത് സംബന്ധിച്ച കണക്കുകൾ പിൻവലിച്ചു.

ഇത്തരത്തിൽ ഗുരുതര പിഴവുകകൾ ഉള്ള സർവേയുടെ ആധികാരികതയാണ് കോൺഗ്രസ്സ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ ചോദ്യം ചെയ്യുന്നതും, വോട്ടെണ്ണൽ ദിനത്തിലേക്ക് പ്രതീക്ഷ വെക്കാൻ അവരെ പ്രേരിപ്പിക്കുന്നതും. എന്നാൽ തന്നെയും ഇതൊരു സൂചനയാണെന്നും കണക്കുകൾ കൃത്യമായില്ലെങ്കിലും ബി.ജെ.പിക്ക് തന്നെയാണ് ദേശീയ തലത്തിൽ മുൻ‌തൂക്കം എന്ന വിലയിരുത്തലിലേക്കു രാഷ്ട്രീയ കേന്ദ്രങ്ങൾ എത്തിക്കഴിഞ്ഞു.

എക്സിറ്റ് പോളിൽ വിശ്വസിക്കുന്നില്ലെന്നും ഇലക്ട്രാണിക് വോട്ടിങ് മെഷീനുകളിൽ മാറ്റം വരുത്താനോ അല്ലെങ്കിൽ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോൾ വന്ന എക്സിറ്റ് പോൾ ഫലമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അഭിപ്രായപ്പെട്ടു.

എക്സിറ്റ് പോളുകളിൽ തളരരുതെന്നും, വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിൽ നിരീക്ഷണം തുടരണമെന്നും പ്രിയങ്ക ഗാന്ധി പാർട്ടി പ്രവർത്തകരോട് ആഹ്വനം ചെയ്തു.

ബി.ജെ.പി യുടെ പോലും പ്രതീക്ഷകളെ കവച്ചു വെച്ച് അവർക്ക് വമ്പൻ വിജയങ്ങൾ പ്രവചിക്കുന്ന ഈ എക്സിറ്റ് പോൾ ഫലങ്ങൾ, ചാനലുകളെ കൂട്ട് പിടിച്ച് ഓഹരി വിപണി ഉയർത്താനുള്ള തന്ത്രമായിരുന്നോ എന്നാണ് ഇനി അറിയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *