കോഴിക്കോട്:
വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും, സി.പി.എം വിമതനുമായ സി.ഒ.ടി നസീറിനെ ആക്രമിച്ച സംഭവത്തിൽ തനിക്കും സി.പി.എമ്മിനും പങ്കില്ലെന്ന് പി. ജയരാജൻ വ്യക്തമാക്കി. നസീറും പാർട്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും നസീറിനെ സന്ദർശിച്ചശേഷം ജയരാജൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസമാണ് നസീറിനെ മൂന്നംഗ സംഘം ആക്രമിച്ചത്. കൈക്കും കാലിനും തലയ്ക്ക് പുറകിലും വയറിലും പരിക്കുണ്ട്. കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ള നസീർ ഇപ്പോൾ അപകട നില തരണം ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആരോപിച്ച് ബിജെപി.യും, കോൺഗ്രസ്സും ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്ത് വന്നിട്ടുണ്ട്. സി.പി.എമ്മിന്റെ തെറ്റായ ചെയ്തികൾ തുറന്ന് കാട്ടിയതിന്റെ പേരിലാണ് നിഷ്ഠൂരമായ രീതിയിൽ നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് കെപിസിസി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചിരുന്നു.
ഡി.വൈ.എഫ്.ഐ യുടെ പ്രാദേശിക നേതാവും തലശ്ശേരി നഗരസഭാ കൗൺസിലറുമായിരിക്കേ പാർട്ടി നേതൃത്വത്തിന് പ്രിയങ്കരനായിരുന്ന നസീർ പാർട്ടി അംഗത്വ ഫോറത്തിൽ മതം രേഖപ്പെടുത്തുന്ന കോളം പൂരിപ്പിക്കാൻ തയ്യാറാവാതെ പ്രതികരിച്ചു കൊണ്ടായിരുന്നു പാർട്ടിക്കെതിരെ ആദ്യമായി രംഗത്ത് വന്നത്. ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ വെച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ നസീർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് ഉമ്മൻ ചാണ്ടി കഴിഞ്ഞ വർഷം തലശ്ശേരി സന്ദർശിച്ചപ്പോൾ റസ്റ്റ് ഹൗസിൽപോയി കണ്ട് താൻ ആ കേസിൽ പ്രതിയാക്കപ്പെട്ടതാണെന്നും അതിൽ താൻ ഖേദിക്കുന്നതായും നസീർ പറഞ്ഞിരുന്നു. ഇതോടെ പാർട്ടി നേതൃത്വത്തിന് നസീർ അനഭിമതനാകുകയിരുന്നു.
തുടർന്ന് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ “മാറ്റി കുത്തിയാൽ മാറ്റം കാണാം” എന്ന മുദ്രാവാക്യം ഉയർത്തി നസീർ മത്സരിക്കാനിറങ്ങി. മുവ്വായിരത്തിലധികം സി.പി.എം വോട്ടുകൾ നസീർ പിടിക്കാനിടയുണ്ടെന്നു സൂചനകൾ ഉണ്ടായിരുന്നു. അതിനാലാണ് മറ്റു കക്ഷികൾ നസീറിന് നേരെ നടന്ന ആക്രമണത്തിൽ സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിർത്തുന്നത്.
സിപിഎമ്മില്‍ നിന്ന് പുറത്തേക്ക് വന്നതും പി ജയരാജനെതിരെ വടകരയില്‍ മത്സരിച്ചതുമാണ് തന്നോടുള്ള സിപിഎം വിരോധത്തിന് കാരണമെന്നാണ് നസീറിന്‍റെ മൊഴി.
ഒഞ്ചിയത്ത് ഇതേ കാരണങ്ങളാൽ തന്നെ വെട്ടേറ്റു കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ പ്രവർത്തനങ്ങളുമായി ഏറെ സാമ്യതയുണ്ട് നസീറിനും. ടി.പി യുടെ കൊലപാതകത്തിന് ശേഷം പ്രതിരോധത്തിലാകേണ്ടി വന്ന സി.പി.എമ്മിന് ഈ സംഭവത്തിലൂടെ ക്ഷീണം ഉണ്ടാകാതിരിക്കാനാണ് ജയരാജൻ ആശുപത്രിയിൽ ചെന്ന് നസീറിനെ സന്ദർശിച്ചതെന്നാണ് വിവരം.
സംഭവത്തില്‍ പങ്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. തലശേരി എ.എസ്.പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് സി.പി.എം പ്രവർത്തകർക്കെതിരെ തലശേരി പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.