Wed. Dec 25th, 2024
#ദിനസരികള്‍ 761

അയ്യേ! ഇനി നമ്മളെങ്ങനെയാണ് അയാളെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുക? അമ്പത്താറിഞ്ചിന്റെ നെഞ്ചളവും അതിനൊത്തെ കയ്യൂക്കുമായി 2014 ല്‍ വന്നു കയറിയ അയാള്‍ അഞ്ചു കൊല്ലങ്ങള്‍ക്കു ശേഷം വെറും വിഡ്ഢിയും വിടുവായനുമായ ഒരുത്തനായി ലോകത്തിന്റെ മുന്നില്‍ തലകുനിച്ചു നില്ക്കുന്നു.

ഇന്നലെ അമിത് ഷാ നടത്തിയ പത്രസമ്മേളനത്തിലെ പങ്കാളിത്തം കൂടി രാജ്യം കണ്ടതോടെ, കുട്ടികളെ ആകര്‍ഷിക്കാന്‍‌ വേഷം കെട്ടിച്ച് സര്‍ക്കസ് കൂടാരത്തിനു മുന്നില്‍ നിറുത്തിയ ഒരു വെറും കോമാളിയാണ് ഇയാളെന്നും, രാജ്യം ഭരിക്കുന്നത് ഈ കോമാളിയെ മുന്നില്‍ നിറുത്തിയാണ് എന്നും നമുക്കു മനസ്സിലാകുന്നു. ഇത്രയും അല്പനായ ഒരാളെയാണല്ലോ നാം പിന്നാലെ നടന്ന് പൊറുതിമുട്ടിച്ചത് എന്നോര്‍ക്കുമ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കുതന്നെ സങ്കടവും ലജ്ജയും തോന്നുന്നു. ഇയാളെയാണല്ലോ നാം പ്രധാനമന്ത്രി എന്നു വിളിച്ചത് എന്നോര്‍ക്കുമ്പോള്‍, ഹോ അസഹനീയം.

ബി.ജെ.പിയുടെ പ്രസിഡന്റ് അമിത് ഷായുടെ കൂടെ വിനീത വിധേയനായി ഈ പ്രധാനമന്ത്രി വാമൂടിയിരിക്കുമ്പോള്‍ രാജ്യത്തേയും ദേശസ്നേഹത്തേയും കുറിച്ച് വാ തോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നവരുടെ രാഷ്ട്രബോധത്തെക്കുറിച്ചും സംശയിക്കേണ്ടിയിരിക്കുന്നു. ജനം തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ തരം താഴ്ത്തിക്കൊണ്ട് ജനതക്ക് ബി.ജെ.പി. നല്കുന്ന സന്ദേശം എന്താണ്?

രാജ്യമല്ല, ബി.ജെ.പി. എന്ന രാഷ്ട്രീയ കക്ഷിയാണ് വലുത് എന്നു തന്നയല്ലേ? അധികാരത്തില്‍ വന്നതോടെ പ്രധാനമന്ത്രി സ്ഥാനത്തിന് വലിയ അന്തസ്സൊന്നുമില്ലെങ്കിലും ഭരണാഘടനാപരമായി ആ പദവി വഹിക്കുന്ന ഒരാള്‍, ഇനി എത്ര പൊട്ടന്‍ തന്നെയാകട്ടെ, ഇങ്ങനെ താഴ്ത്തിക്കെട്ടാമോ? ഇത് രാജ്യത്തിന്റെ അഭിമാനത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.

ഇനി എന്തായാലും അയാളെ പേരെടുത്തു് പറഞ്ഞ് വിമര്‍ശിക്കാന്‍ ഞാനൊന്ന് മടിക്കും. കാരണം ജന്മവൈകല്യത്താല്‍ ബുദ്ധിമാന്ദ്യമുള്ളവരെ കളിയാക്കുന്നത് അപരാധമാണെന്ന് മനുഷ്യത്വം എന്നെ പഠിപ്പിക്കുന്നു. എന്നാല്‍ അത്തരമൊരാളെ മുന്നില്‍ നിറുത്തി കുശാഗ്രബുദ്ധിയായ അമിത് ഷായ്ക്കും കൂട്ടര്‍ക്കും മുതലെടുക്കാനുള്ള അവസരങ്ങള്‍ അനുവദിച്ചു കൂട. ഇപ്പോള്‍ അമ്പത്താറിഞ്ചുകാരന്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നുവെന്നും അയാളുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞിരിക്കുന്നുവെന്നും മറ്റാരെക്കാളും അമിത് ഷായ്ക്ക് അറിയാം. ആ അവസരം മുതലെടുത്തുകൊണ്ട് ശേഷം താന്‍ തന്നെയാണ് അടുത്ത രാജാവെന്ന പ്രഖ്യാപനമാണ് അമിത് ഷാ നടത്തിയത്. പ്രതിരോധത്തിലായിരിക്കുന്ന പാവം അമ്പത്താറിഞ്ചുകാരന് നിന്നുകൊടുക്കുകയെന്നതല്ലാതെ മറ്റു പോം വഴികളൊന്നുംതന്നെയുണ്ടായിരുന്നില്ല.

വര്‍ഗ്ഗീയതയും വിവരക്കേടും മാത്രം കൈമുതലാക്കി അക്രമോത്സുക ഹിന്ദുത്വയെ നടപ്പിലാക്കാനുറച്ച് ഗുജറാത്തില്‍ നിന്നും പുറപ്പെട്ട ഒരു യാത്ര അവഹേളിക്കപ്പെട്ട് അവസാനിക്കുകയാണ്. ഇനി വരാനുള്ള ഇത്ര കാലം പാടിപ്പുകഴ്ത്തി കൂടെ നടന്ന ആരാധകന്മാരുടെ മറുകണ്ടം ചാടലും കുതികാല്‍ വെട്ടലുമാണ്. ഒന്ന് നിലവിളിക്കാന്‍ പോലും കരുത്തില്ലാത്ത വെറും പോടായ പാവത്തിന് ഇനി എന്തു വഴി? അയാള്‍ തന്നെ ഗാലറിയിലേക്കിരുത്തിയ അദ്വാനിയുടേയും ജോഷിയുടേയും മറ്റും കൂടെ ഇത്തിരി നേരമിരിക്കാം. അതിനുശേഷം നിതാന്ത വിസ്മൃതിയിലേക്ക് അവരൊടൊപ്പം പോയി വീഴാം.

അമിതിന് പക്ഷേ കാര്യങ്ങള്‍ ഇപ്പോള്‍ ചൊല്പടിക്കാണെങ്കിലും ഇനി അങ്ങോട്ടുള്ള യാത്ര അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. അമ്പത്താറിഞ്ചുകാരന്‍ ആശിര്‍വദിച്ച് കൂടെ നിറുത്തി കൊണ്ടുനടന്നയാള്‍ എത്രത്തോളം നന്ദികേട് കാണിക്കുമെന്നതൊരു ചോദ്യമാണ്. സ്വന്തം ഗുരുവായ അദ്വാനിയെ വെട്ടി പരിശീലിച്ച ശിഷ്യനായ റഡാറേന്ദ്രന്റെ അടവു നയങ്ങളാണ് അമിത് ഷായും സ്വീകരിക്കാന്‍ പോകുന്നതെങ്കില്‍ ബി.ജെ.പി. എന്ന ചീട്ടുകൊട്ടാരം പൊട്ടിപ്പൊളിഞ്ഞു വീഴാനുള്ള ചക്കളത്തിപ്പോരാട്ടത്തിനായിരിക്കും വേദിയാകക. നമുക്ക് കാത്തിരിക്കാം.

ഒരു കാര്യം ചരിത്രം വീണ്ടും പ്രഖ്യാപിക്കും: ഒരു ഫാസിസ്റ്റിനും ഇവിടെ ദീര്‍ഘകാലം ജനങ്ങളെ പറ്റിച്ചുകൊണ്ട് വാഴാന്‍ കഴിയില്ല.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *