ചണ്ഡീഗഡ്:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിയുടെ വേദിക്കു സമീപം പക്കോഡ വിറ്റു പ്രതിഷേധിച്ച 12 കോളജ് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ചണ്ഡീഗഡിലെ ബി.ജെ.പി സ്ഥാനാർത്ഥി കിരൺ ഖേറിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പങ്കെടുക്കുമ്പോൾ ആയിരുന്നു സംഭവം.
“എഞ്ചിനിയർമാർ ഉണ്ടാക്കിയ പക്കോഡ, ബി.എ, എൽ.എൽ.ബി ക്കാരുണ്ടാക്കിയ പക്കോഡ വില്‍പ്പനയ്ക്ക്’ തുടങ്ങിയ പ്ലക്കാർഡുകളുമായി ബിരുദം നൽകുമ്പോൾ അണിയുന്ന വേഷവിധാനങ്ങളോടെയാണ് വിദ്യാർത്ഥികൾ പക്കോഡ വിറ്റത്.
തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ചായിരുന്നു പ്രതിഷേധം. “ഒരു വ്യക്തി പക്കോഡ വില്ക്കുകയാണെങ്കില് വൈകുന്നേരമാകുമ്പോഴേക്കും 200 രൂപ ലഭിക്കും, അതിനെ ഒരു ജോലിയായി കണ്ടുകൂടെ’എന്നായിരുന്നു കഴിഞ്ഞ വർഷം ജനുവരിയിൽ ഒരു അഭിമുഖത്തിൽ മോദി ചോദിച്ചത്. മോദിയുടെ ഈ പരാമര്‍ശത്തിന്റെ വീഡിയോ അടക്കം പ്രദർശിപ്പിച്ചായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.