കണ്ണൂര്‍:
പാറക്കണ്ടി പവിത്രന്‍ കൊലപാതകക്കേസില്‍ ഏഴ് ആർ.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തത്തോടൊപ്പം ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2007 നവംബര്‍ ആറിനാണ് പവിത്രൻ, ആർ.എസ്.എസ്. പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയാകുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ 2008 ആഗസ്റ്റ് 10 നാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ആർ.എസ്.എസ്. ബി.ജെ.പി. പ്രവര്‍ത്തകരായ പൊന്ന്യം വെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സി.കെ. പ്രശാന്ത് (36), പൊന്ന്യം നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ.സി. അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളി പാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ. മഹേഷ് (38) എന്നിവരെയാണ് കോടതി ഈ കേസിൽ ശിക്ഷിച്ചത്.
കതിരൂര്‍ പൊലീസാണ് സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. സി.പി.എം. പ്രവര്‍ത്തകനായിരുന്ന പവിത്രനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് ആർ.എസ്.എസ്. പ്രവര്‍ത്തകര്‍ ആക്രമിച്ചത്.