കൊച്ചി:
സമരങ്ങളെ ഒതുക്കാന്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്യുന്ന രീതി പരിഷ്കരിച്ച് കേരള പോലീസ്. പ്രതിഷേധക്കാരുടെ തലപൊട്ടാതെ എങ്ങനെ ലാത്തിച്ചാര്‍ജ്ജ് നടത്താമെന്നുള്ള പരിശീലനമാണ് പോലീസുകാര്‍ക്ക് നല്‍കുന്നത്. സമരക്കാരെ തലങ്ങും വിലങ്ങും അടിച്ച് ലാത്തിച്ചാര്‍ജ്ജ് ചെയ്തിരുന്ന പോലീസ് ഇനി മുതല്‍ തോളിലും കാലിലും മാത്രമേ ലാത്തി പ്രയോഗിക്കൂ. ലാത്തിച്ചാര്‍ജ്ജ് രീതി പരിഷ്‌ക്കരിച്ച് അഡ്മിനിസ്‌ട്രേഷന്‍ ഡി.ഐ.ജി കെ. സേതുരാമന്‍ തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന പോലീസില്‍ നടപ്പാക്കുകയാണ്.
മനുഷ്യാവകാശ ലംലനം ഉണ്ടാകാതെ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്ന രീതിയിലുള്ള പോലീസ് നടപടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തൃപ്പൂണിത്തുറ എ.ആര്‍. ക്യാമ്പ് കോമ്പൌണ്ടിൽ വെച്ചാണ് പരിശീലനം നല്‍കുന്നത്. എണ്ണത്തില്‍ കുറവ് പോലീസുകാര്‍ വലിയ ആള്‍ക്കൂട്ടത്തെ നേരിടുമ്പോൾ ഉണ്ടാവുന്ന പാളിച്ചകള്‍ മറികടക്കാന്‍ സഹായിക്കുന്നതും പോലീസിനെ ആക്രമിക്കുന്നവരെ എളുപ്പം കീഴടക്കാന്‍ സഹായിക്കുന്നതുമാണ് പുതിയ രീതിയിലുള്ള പരിശീലനം.