കൊളംബോ:
ഒരു ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുടർന്ന്, ശ്രീലങ്കയിലെ ചിലാവ് ടൌണിലുണ്ടായ അക്രമങ്ങൾ കാരണം ശ്രീലങ്കയിൽ സാമൂഹിക മാധ്യമങ്ങൾക്ക്, സർക്കാർ, താത്കാലികമായ വിലക്കേർപ്പെടുത്തി. വാട്‌സാപ്പ്, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങൾക്കാണു വിലക്ക്.
ചിലാവ് ടൌണിൽ, ഞായറാഴ്ചയാണ് മുസ്ലീം പള്ളികൾക്കും, കടകൾക്കും നേരെ കല്ലേറുണ്ടായത്. ഒരാൾക്ക് മർദ്ദനവുമേറ്റു. സമീപപ്രദേശങ്ങളിലും അക്രമമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.
ചിലാവ് ടൌണിലും സമീപപ്രദേശങ്ങളിലും പോലീസ്, ഞായറാഴ്ച നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ വരെയാണ് നിരോധനാജ്ഞ ഉണ്ടായിരുന്നത്.
സിംഹളീയരും മുസ്ലീങ്ങളും തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, കുറച്ചു ദിവസം മുൻപും, ശ്രീലങ്ക സാമൂഹികമാധ്യമങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാനുള്ള മുൻകരുതലെന്നോണമാണ്, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, മറ്റുള്ള സാമൂഹിക മാധ്യമങ്ങൾ എന്നിവയ്ക്ക് അന്നു വിലക്കേർപ്പെടുത്തിയത്.
തീവ്രവാദി ആക്രമണം നടന്നപ്പോഴും, ശ്രീലങ്ക, സാമൂഹികമാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നു.
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ക്രിസ്ത്യൻ പള്ളികളിൽ ഈസ്റ്റർ ആരാധനയ്ക്കിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. 250 പേർ കൊല്ലപ്പെടുകയും, നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. അതിനു ശേഷം രാജ്യത്ത് പല അക്രമസംഭവങ്ങളും ഏറ്റുമുട്ടലുകളും റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്.