Wed. Jan 22nd, 2025
#ദിനസരികള്‍ 756

ഒരു വിധത്തിലുള്ള ശാസ്ത്രീയാവബോധവും തൊട്ടു തെറിച്ചിട്ടില്ലാത്ത ഒരാളാണ് ആണവ ശക്തിയായ ഇന്ത്യയെ നയിക്കുന്നതെന്ന് ലോകം തിരിച്ചറിയുമ്പോള്‍ ഇന്ത്യക്കാരനെന്ന നിലയില്‍ നാം കുനിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക? അയാള്‍ പറയുന്നതുകേട്ട് ആ താളത്തിനൊപ്പം തുള്ളുന്ന് സൈനിക നേതൃത്വമാണ് നമുക്കുള്ളതെന്നു കൂടി വരുമ്പോള്‍ വിനാശകാരിയായ ആണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന ഒരു ഭീകര രാഷ്ട്രത്തിനു തുല്യമായി ലോകത്തിനു മുന്നില്‍ നമ്മളും മാറുകയാണ്. കേവലം മതജാതി വര്‍ഗ്ഗീയതയുടെ തോളില്‍ കയറി ജനങ്ങളെ തമ്മില്‍ത്തല്ലിച്ച് ഹിന്ദു വോട്ടു ബാങ്കിനെ സമര്‍ത്ഥമായി വിനിയോഗിച്ച് പ്രധാനമന്ത്രിയായ മോദിയുടെ വാക്കുകള്‍ കേട്ടാണ് (തന്റെ നിര്‍‌ദ്ദേശം കേട്ടാണ് മേഘങ്ങളുള്ള ആ ദിവസം തന്നെ സൈന്യം ആക്രമണം നടത്തിയത് എന്നു പറഞ്ഞത് മോദി തന്നെയാണ്) സൈന്യം അതിന്റെ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നടത്തുന്നതെങ്കില്‍ ഈതരത്തിലുള്ള ഇന്ത്യയെ എങ്ങനെയാണ് അയല്‍ രാജ്യങ്ങള്‍ വിശ്വാസത്തിലെടുക്കുക?

എന്തൊക്കെയാണ് വിടുവായന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്? ഒരന്തസ്സുമില്ലാത്ത, ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി എന്ന സ്ഥാനത്തിന് യോജിക്കാത്ത എന്തൊക്കെ പ്രസ്താവനകളാണ് മോദി നടത്തുന്നത്? ഫേക്കു എന്ന വിളിയെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള എത്രയെത്ര അസംബന്ധങ്ങളും വിഡ്ഢിത്തങ്ങളും നിറഞ്ഞ വെല്ലുവിളികളും പ്രസ്താവനകളുമാണ് മോദിയില്‍ നിന്നും ഉണ്ടാകുന്നത്. നോക്കുക ‘വ്യോമാക്രമണം നടത്തുന്ന ദിവസം കാലാവസ്ഥ അത്ര സുഖകരമല്ലായിരുന്നു. മേഘാവൃതമായ അന്തരീക്ഷവും കനത്ത മഴയുമുണ്ടായിരുന്നു. മേഘാവൃതമായ അന്തരീക്ഷം മൂലം നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമോ എന്ന സംശയമുയര്‍ന്നു. വിദഗ്ദ്ധരില്‍ ചിലര്‍ ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ പറഞ്ഞു. എന്റെ മനസ്സില്‍ രണ്ട് കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് രഹസ്യമായിരുന്നു. ഞാന്‍ ശാസ്ത്രത്തെക്കുറിച്ച് അത്ര വശമുള്ള ആളല്ല എന്നാലും ആ സമയത്താണ് എന്റെ മനസ്സില്‍ ഒരു കാര്യം തോന്നിയത്. മേഘവും മഴയും നമുക്ക് ഗുണകരമാണെന്ന് എനിക്ക് തോന്നി. റഡാറുകളില്‍ നിന്ന് നമ്മുടെ വിമാനങ്ങളെ മേഘം മറയ്ക്കുമെന്ന് എനിക്ക് തോന്നി. ഞാനത് അവതരിപ്പിച്ചു. എല്ലാവരും ആശയക്കുഴപ്പത്തിലായി. ഒടുവില്‍ ഈ ആശയത്തിൽ ആക്രമണം നടത്തുക തന്നെ ചെയ്തു.’

ഈ പ്രസ്താവന അസംബന്ധവും വിവരക്കേടുമാണെന്ന് ശാസ്ത്രജ്ഞന്മാരടക്കമുള്ള പലരും വ്യക്തമാക്കിയതോടെ മോദി നിര്‍‌ദ്ദേശിച്ച സമയത്താണ് സൈനികാക്രമണം നടന്നതെന്ന തരത്തിലുള്ള വ്യാപകമായ പ്രചാരണത്തില്‍ നിന്നും ബി.ജെ.പിക്ക് പിന്നോട്ടു പോകേണ്ടിവന്നു. സൈന്യത്തേയും അവരുടെ ശേഷിയേയും ഇലക്ഷനു വേണ്ടി ദുരുപയോഗം ചെയ്യാനുള്ള ശ്രമത്തിനാണ് തിരിച്ചടിയേറ്റതും ഒരു മണ്ടനായ പ്രധാനമന്ത്രി എന്ന വിശേഷണം ലോകം മോദിക്ക് ചാര്‍ത്തിക്കൊടുക്കുന്നതെന്നും.

രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിമാരെക്കുറിച്ച് നുണ പറഞ്ഞും സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും കഴിഞ്ഞ അഞ്ചുകൊല്ലക്കാലമായി താന്‍ ഭരിച്ചു പോരുന്ന ഇന്ത്യയെക്കുറിച്ചോ അതിന്റെ വികസന സങ്കല്പങ്ങളെക്കുറിച്ചും ഒരു വാക്കുപോലും പറയാതെയുമാണ് മോദി, പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടുകൊണ്ടിരിക്കുന്നത്. പശുസംരക്ഷണത്തിന്റെ പേരില്‍ നാട്ടിലെ കലാപങ്ങള്‍ അനിയന്ത്രിതമായപ്പോള്‍ ഇത് ഗാന്ധിയുടെ നാടാണ്, ഇവിടെ ഇത്തരം കലാപങ്ങള്‍ അനുവദനീയമല്ലെന്ന് ഒരിക്കല്‍ തന്ത്രപരമായി പ്രഖ്യാപിച്ച മോദി പക്ഷേ പിന്നീട് അത്തരം കലാപങ്ങളുടെ നേരെ കണ്ണടയ്ക്കുകയും രാജ്യത്തെ മതവിഭാഗങ്ങള്‍ തമ്മില്‍ അസഹിഷ്ണുത നിറഞ്ഞ സംഘര്‍ഷത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗാന്ധിയെ വീണ്ടു പ്രതീകാത്മകമായി ഹിന്ദു മഹാസഭ കൊന്നു വീഴ്ത്തിയപ്പോള്‍ നരേന്ദ്രമോദി എന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ഒരുവാക്കുപോലും എതിര്‍ത്തു പറയാതെ ഇരുന്നതുകൂടി നാം പരിഗണിക്കുക. മോദിയുടെ വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ ഒരു കാലത്തും പൊരുത്തങ്ങളുണ്ടായിട്ടില്ലെന്ന് മാത്രമല്ല, വിരുദ്ധമായ നടപടികള്‍ ധാരാളമായിട്ടുണ്ടായിട്ടുമുണ്ട്.

എന്തായാലും ഇത്തരത്തിലുള്ള ഒരു പ്രധാനമന്ത്രി ഭരിക്കുന്ന ഈ രാജ്യത്തിലെ ഒരു പൌരനെന്ന് പറയാന്‍ നാണക്കേടുകൊണ്ട് തല കുനിഞ്ഞുപോകാത്തവരായി സ്വയംബോധമുള്ള ആരുമുണ്ടാകുമെന്ന് കരുതുന്നില്ല ഇന്ത്യയെ ലോകത്തിനു മുന്നില്‍ മണ്ടന്മാരുടെ രാജ്യമാക്കി മാറ്റിയെടുത്തു എന്നതാണ് കഴിഞ്ഞ അഞ്ചുകൊല്ലക്കാലത്തെ മോദി ഭരണത്തിന്റെ ഒരേയൊരു നേട്ടം!

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *