നോയ്പിഡോ:
മുന്‍ചക്രമില്ലാതെ വിമാനം സുരക്ഷിതമായി പൈലറ്റ് നിലത്തിറക്കി. ക്യാപ്റ്റന്‍ മിയാത് മോയ് ഓങ് ആണ് മ്യാന്‍മാറിലെ മണ്ടാലെ വിമാനത്താവളത്തില്‍ 89 യാത്രക്കാരുള്ള വിമാനം താഴെയിറക്കിയത്.
റണ്‍വേയില്‍ ഇറങ്ങാന്‍നേരം മുന്‍ചക്രങ്ങള്‍ വിന്യസിക്കാന്‍ സാധിക്കാതെ വന്നതോടെ മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ എംപറര്‍ 190 വിമാനമാണ് അപകടത്തെ മുന്നില്‍ കണ്ടത്. തുടര്‍ന്ന് രണ്ടുതവണ വിമാനത്താവളം വലംവെച്ച് ചക്രം വീഴ്ത്താനാവുമോയെന്ന് ശ്രമിച്ച ശേഷം ക്യാപ്റ്റന്‍ വിമാനം താഴെയിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ആദ്യം ഇന്ധനം കത്തിച്ചുകളഞ്ഞു. തുടര്‍ന്ന് വിമാനത്തിന്റെ മൂക്ക് നിലത്തുമുട്ടുന്നതിനു മുൻപ് പിറകിലെ ചക്രങ്ങളില്‍ നിലത്തിറക്കി.
25 സെക്കന്‍ഡ് വിമാനം തെന്നിയെങ്കിലും ഉടനെ പ്രവര്‍ത്തനം നില്‍ക്കുകയും യാത്രക്കാര്‍ സുരക്ഷിതരായി പുറത്തിറങ്ങുകയും ചെയ്തു.