ഇംഗ്ലണ്ട്:
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പില്‍ എത്തിയതിനു പിന്നാലെ, മന്ത്രി എ.കെ. ശശീന്ദ്രന്‍ പരിവാരസമേതം ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്നു.
ബ്രിട്ടനിലെ ഗതാഗത സംവിധാനത്തിലെ പുതിയ സമീപനങ്ങളും സാധ്യതകളും കണ്ടറിഞ്ഞു കെ.എസ്.ആർ.ടി.സി യെ ശക്തിപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. വിദേശയാത്രയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍നിന്നാണ് മന്ത്രിയുടെ യാത്രാച്ചെലവുകള്‍ വഹിക്കുക. മറ്റുള്ളവരുടെ യാത്രാച്ചെലവ് സംസ്ഥാന സര്‍ക്കാരിന്റെ ഇമൊബിലിറ്റി പ്രൊമോഷന്‍ ഫണ്ടില്‍നിന്നാണ്. ഫലത്തില്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നത് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാണ്. എന്തിനാണ് ഇത്തരത്തിലൊരു യാത്രയെന്ന് ആര്‍ക്കും പിടികിട്ടുന്നില്ല.
ദുബായിലെ പൊലീസ് സ്‌റ്റേഷനെ കുറിച്ച് പഠിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ യു.എ.ഇ സന്ദര്‍ശനത്തിനാണ്. ഇതിന് സമാനമായ രീതിയിലാണ് മന്ത്രി ശശീന്ദ്രന്റേയും സംഘത്തിന്റേയും വിദേശ യാത്ര.
കേരളത്തിലെ പൊതു ഗതാഗതം ശക്തിപ്പെടുത്താനാണ് ഈ യാത്രയെന്നാണ് പറയുന്നത്. എന്നാല്‍ ബ്രിട്ടണില്‍ പൊതുഗതാഗത സംവിധാനങ്ങളൊന്നുമില്ലെന്നതാണ് മറ്റൊരു വസ്തുത. അതായത് കേരളത്തിലെ ഗതാഗത സംവിധാനം പരിഷ്‌കരിക്കാനുള്ള സംവിധാനമൊന്നും അവിടെ മന്ത്രിക്ക് കാണാനാകില്ല. അതുകൊണ്ട് തന്നെ ഈ യാത്ര വെറും സുഖയാത്രയായി മാറുമെന്നും വ്യക്തമാണ്.
ബ്രിട്ടനില്‍ 3 % ജനങ്ങള്‍ മാത്രമാണ് ബസില്‍ സഞ്ചരിക്കുന്നതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. അവിടെ 80 % ആളുകളും സ്വകാര്യ കാറുകളും ടാക്‌സികളുമാണ് ഉപയോഗിക്കുന്നത്. നാലു വര്‍ഷംമുന്‍പ് നടന്ന സര്‍വേ പ്രകാരം ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ 66%പേരും ഗ്രാമപ്രദേശങ്ങളിലെ 62 % പേരും ബസുകളിലാണ് യാത്ര ചെയ്യുന്നത്. കേരളത്തില്‍ ബസുകളും ഓട്ടോകളുമാണ് പ്രധാന യാത്രാമാര്‍ഗം. ഇതൊന്നും ഇംഗ്ലണ്ടില്‍ കാണാന്‍ പോലും കഴിയില്ല. പിന്നെ എന്താണ് ഇംഗ്ലണ്ടില്‍ മന്ത്രി പഠിക്കാന്‍ പോകുന്നതെന്നാണ് ഉയരുന്ന ചോദ്യം.
മന്ത്രിക്കു പുറമേ കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ എം.പി. ദിനേശ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഗതാഗത കമ്മിഷണര്‍ സുധേഷ് കുമാര്‍ എന്നിവര്‍ക്കാണു കേന്ദ്രത്തിന്റെ യാത്രാനുമതി. ജൂണ്‍ 19 വരെയാണ് പര്യടനം.