Sat. Apr 27th, 2024
തിരുവനന്തപുരം :

കായംകുളം താലൂക്ക് ആശുപത്രിയെ സംബന്ധിച്ച് എ.എൽ.എ യായ യു. പ്രതിഭയുടെ ഫേസ്‌ബുക്ക് കമന്റിനെയും, പിന്നീട് വന്ന വിശദീകരണ പോസ്റ്റിനെയും വിമർശിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജ രംഗത്ത്‌ വന്നു. കാര്യങ്ങൾ പറയാൻ വ്യവസ്ഥാപിതമായ രീതികളുണ്ടെന്നും അതൊന്നും നോക്കാതെ വിമശിച്ച് ഫേസ്ബുക്ക് കമന്‍റിട്ടത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. ഹെൽത്ത് സെക്രട്ടറിയെ വിമർശിച്ച് എം.എൽ.എ കുറിപ്പിട്ടതും ശരിയായ നടപടിയല്ല . വീണ ജോ‍ർജിനെ അഭിനന്ദിക്കാനുള്ള കാരണം എംഎൽഎ എന്ന നിലയിൽ മികച്ച ഇടപെടൽ നടത്തിയതിനാലാണെന്നും മന്ത്രി ഓർമിപ്പിച്ചു.

ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികൾ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് എട്ട് ജില്ലാ ആശുപത്രികൾക്കും രണ്ട് മെഡിക്കൽ കോളേജുകൾക്കും ഒന്നാംഘട്ടത്തിൽ കാത്ത് ലാബ്സ് അനുവദിച്ചതെന്ന് തുടങ്ങുന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പോസ്റ്റിൽ യു.പ്രതിഭ എം.എൽ.എ യുടെ കമന്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്‍റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും, തങ്ങളെ പോലെയുള്ള എം.എൽ.എ മാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചാരണം വേദന ഉണ്ടാക്കിയിട്ടുണ്ടെന്നും, ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ടെന്നും ആരോഗ്യമന്ത്രിയുടെ പോസ്റ്റിനു താഴെ കമന്റിട്ടിരുന്നു.

കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് കമന്റിലൂടെ വന്ന ഒരു കുഞ്ഞിന്റെ ചികിത്സ അപേക്ഷയിൽ സത്വര നടപടികൾ എടുത്ത ആരോഗ്യമന്ത്രി കെ.കെ ശൈലജയെ സാമൂഹ്യമാധ്യമങ്ങൾ ആവോളം സ്തുതി പാടുമ്പോൾ സ്വന്തം പാർട്ടി എം.എൽ.എ യിൽ നിന്നും വന്ന ഈ കമന്റ് സി.പി.എം സൈബർ അണികൾക്കു ദഹിച്ചില്ല. അവർ കെ. കെ. ശൈലജയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു എന്ന തരത്തിലാണ് ഈ കമന്‍റിനെ കണ്ടത്. അതോടെ വ്യാപക വിമര്‍ശനങ്ങളാണ് യു. പ്രതിഭക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞത്.

ഇങ്ങനെയാണോ പാർട്ടിയുടെ കീഴ്‌വഴക്കമെന്നും ബ്രാഞ്ച് മുതൽ ഓരോ പാർട്ടി മെമ്പർമാരും പാലിക്കേണ്ട ചില അച്ചടക്കങ്ങൾ എംഎൽഎയ്ക്ക് ബാധകം അല്ലേയെന്നും ചോദിച്ചായിരുന്നു സി.പി,എം അണികൾ പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ ‘പാർട്ടി ക്‌ളാസ്’ നടത്തിയത്. ചിലർ അസഭ്യ വർഷങ്ങളും നടത്തി.

ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ പ്രതിഭ വിശദീകരണ കുറിപ്പ് പോസ്റ്റു ചെയ്തത്. 2001 മുതൽ പാർട്ടി മെമ്പർഷിപ്പിൽ ഉള്ള വ്യക്തിയാണ് താനെന്നും സ്തുതിപാഠകരുടെ ലാളനയോ, മാധ്യമലാളനയോ കിട്ടി പൊതുപ്രവർത്തനത്തിൽ നിൽക്കുന്ന ആളല്ലെന്നും പ്രതിഭ കുറിപ്പിൽ വ്യക്തമാക്കുന്നു. നിരവധി സഖാക്കൾ നൽകുന്ന കറ കളഞ്ഞ സ്നേഹം മനുഷ്യസ്നേഹികളായ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ കൂടെ നിൽക്കുന്ന നല്ല മനുഷ്യർ അവരൊക്കെയാണ് തന്റെ കരുത്ത്. പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ, എ.കെ. ബാലൻ, തൊഴിൽ, ഫിഷറീസ് മന്ത്രിമാർ എല്ലാം തന്നെ വിവിധ വകുപ്പികൾ അനുവദിച്ചപ്പോൾ ആരോഗ്യ വകുപ്പ് കായംകുളത്തെ താലൂക്ക് ആശുപത്രിക്കെതിരെ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്ന് യു.പ്രതിഭ വിശദീകരണ കുറിപ്പിൽ വിമർശിച്ചിരുന്നു.

ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കായംകുളത്തിനോടുള്ള പ്രത്യേക സമീപനം മൂലമാണ് നിരവധി പാവങ്ങളുടെ ആശാ കേന്ദ്രമായ താലൂക്ക് ആശുപത്രിയുടെ ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് കിഫ് ബി യിലേക്ക് നൽകാതിരുന്നത് എന്നാണ് പ്രതിഭയുടെ വിമർശനം.

ഇതോടെ ആരോഗ്യ മന്ത്രിയും യു.പ്രതിഭ എം.എൽ.എ ക്കെതിരെ രംഗത്തു വരികയായിരുന്നു. ഹെൽത്ത് സെക്രട്ടറിയെ വിമർശിച്ച് എം.എൽ.എ കുറിപ്പിട്ടതായിരുന്നു മന്ത്രിയെ മുഖ്യമായും ചൊടിപ്പിച്ചത്.

യു. പ്രതിഭ ആരോഗ്യമന്ത്രിയുടെ പോസ്റ്റിൽ ചെയ്ത കമന്റിന്റെ പൂർണ്ണ രൂപം

പ്രിയപ്പെട്ട ഷൈലജ ടീച്ചർ സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അനുമോദിക്കുന്നു. ഞാൻ കായംകുളം താലൂക്ക് ആശുപത്രിക്ക് വേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി Detailed project Report തയ്യാറാക്കി. അപ്പോൾ അവരെ Spv ആക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോർഡിനെ Spv ആക്കാൻ പറഞ്ഞു. അതും സമയബന്ധിതമായി ഞാൻ ചെയ്തു. എന്നാൽ അതും കിഫ് ബി യിൽ തന്നില്ല. അങ്ങേയറ്റം ആക്ഷേപം ഞാൻ കേൾക്കുന്നുണ്ട്.2000 നടുത്ത് രോഗികൾ വരുന്ന നാഷണൽ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്.. ഇപ്പോ KELനെ ടീച്ചർ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നൽകണം.. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേർ എന്നെ മെൻഷൻ ചെയ്തു അതു കൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട്.

യു.പ്രതിഭ എം.എൽ.എ യുടെ വിശദീകരണ പോസ്റ്റിന്റെ പൂർണ്ണ രൂപം

പ്രിയമുള്ളവരെ, കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഷൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റിൽ ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ല.ഷൈലജ ടീച്ചർ എന്ന ആരോഗ്യ വകുപ്പ് മന്ത്രി ചെയ്യുന്ന കാര്യങ്ങളെ അങ്ങേയറ്റം ആദരവോടെ കാണുന്ന സഖാവാണ് ഞാൻ. എന്നാൽ ഞാൻ പ്രതിനിധീകരിക്കുന്ന കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രി ധനമന്ത്രി ബജറ്റ് മറുപടി പ്രസംഗത്തിൽ കിഫ് ബി യിൽ ഉൾപ്പെടുത്തിയതാണ്. നാളിതുവരെ അതിന് പണം അനുവദിക്കപ്പെട്ടില്ല എന്നത് സത്യം തന്നെയാണ്. വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് എന്റെ ലക്ഷ്യം… 2001 മുതൽ പാർട്ടി മെമ്പർഷിപ്പിൽ ഉള്ള വ്യക്തിയാണ് ഞാൻ. സ്തുതിപാഠകരുടെ ലാളനയോ മാധ്യമലാളനയോ കിട്ടി പൊതുപ്രവർത്തനത്തിൽ നിൽക്കുന്ന ആളല്ല. നിരവധി സഖാക്കൾ നൽകുന്ന കറ കളഞ്ഞ സ്നേഹം മനുഷ്യ സ്നേഹികളായ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ കൂടെ നിൽക്കുന്ന നല്ല മനുഷ്യർ അവരൊക്കെയാണ് എന്റെ കരുത്ത്…

MLA ആയി ഞാൻ വരുമ്പോൾ കായംകുളത്തെ ഏറ്റവും വലിയ പ്രശ്നം അപകട മരണങ്ങൾ ആയിരുന്നു. ഇന്ന് തുടർച്ചയായ Campaign ലൂടെ അപകട നിവാരണ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ വലിയ അളവിൽ അപകടങ്ങൾ കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. പൂർണ്ണമായിട്ടില്ല. കായംകുളം ആശുപത്രിയിലേക്ക് ആണ് കരുനാഗപള്ളി കഴിഞ്ഞ് നടക്കുന്ന അപകടങ്ങളിൽ പെടുന്നവരെ കൊണ്ടുവരുന്നത്.കൂടാതെ കെപി റോഡ് ഉൾപ്പെടെ നടക്കുന്ന അപകടങ്ങളിൽ പെടുന്നവരും വരുന്നത് ഇവിടെയാണ്.പ്രതിദിനം 1500ൽ അധികം Opഉണ്ട്. നിരവധി തവണ ഇതൊക്കെ സബ്മിഷനിലൂടെ അല്ലാതെ ഒക്കെ പറഞ്ഞിട്ടുണ്ട്.. നിയമസഭയിലെ എല്ലാ പ്രവർത്തനത്തിലും കൃത്യമായി ഇടപെടുന്ന MLA ആണ് ഞാൻ .. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ സാറിന്റെ ഇടപെടലിലൂടെ എനിക്ക് നിരവധി റോഡ് കിട്ടിയിട്ടുണ്ട്. അത് സ്നേഹപൂർവം ഓർക്കുന്നു. ഏ കെ ബാലൻ മിനിസ്റ്ററുടെ വകപ്പിൽ നിന്ന് തിയേറ്റർ നിർമ്മിക്കാൻ 15 കോടി അനുവദിച്ചിട്ടുണ്ട്. ഫിഷറീസ് മന്ത്രിയും റോഡുകൾ തന്ന് നന്നായി സഹായിക്കാറുണ്ട്.. തൊഴിൽ വകുപ്പ് മന്ത്രി കേരളത്തിലെ അഞ്ചാമത്തെ കരിയർ ഡവലപ്പ്മെന്റ് സെന്റർ കായംകുളത്തിനാണ് നൽകിയത്‌.

എന്നാൽ ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കായംകുളത്തിനോടുള്ള പ്രത്യേക സമീപനം മൂലമാണ് നിരവധി പാവങ്ങളുടെ ആശാ കേന്ദ്രമായ താലൂക്ക് ആശുപത്രി Dpr കിഫ് ബി യിലേക്ക് നൽകാതിരുന്നത്. .. ഞാൻ അതിനു വേണ്ടി ഇപ്പോഴും എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആദ്യം ഹാബിറ്റാറ്റ് Dpr തയ്യാറാക്കി. പിന്നീട് ഹൗസിങ് ബോർഡ് കോർപ്പറേഷനും. രണ്ടും കിഫ് ബി യിലേക്ക് അയച്ചിട്ടില്ല. ഇത് നേരിട്ട് മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരമാണ് ഇതിന് പിന്നിൽ.. അതിന് മന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല.

മറ്റുള്ള സ്ഥലങ്ങളിലെ പോലെ വികസനം ചെയ്യാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട് എന്നും മന്ത്രിയുടെ അഭിനന്ദന Post എന്നെ പോലുള്ള MLA മാർക്കും Valuable ആണ് എന്നു പറഞ്ഞതിന് പ്രതികൂലമായി മറുപടി പറഞ്ഞവർക്കായി ഇത് ഇവിടെ എഴുതുന്നു…. ആരും ആഘോഷിക്കേണ്ടില്ല.. ഷൈലജ ടീച്ചർ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി തന്നെ. അതിൽ രാഷ്ട്രീയ എതിരാളികൾക്ക് പോലും വ്യത്യസ്ത അഭിപ്രായമില്ല…

Leave a Reply

Your email address will not be published. Required fields are marked *