പാലാ:
കെ.എം മാണിയുടെ പിൻഗാമിയായി ജോസ് കെ മാണിയെ കേരളാ കോൺഗ്രസ്(എം) ചെയർമാനാക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം ചരട് വലികൾ തുടങ്ങി. ഈ ആവശ്യവുമായി പാർട്ടിയുടെ 9 ജില്ലാ പ്രസിഡന്റുമാർ പാർട്ടി ഡപ്യൂട്ടി ചെയർമാന്‍ സി.എഫ്. തോമസിനെ സമീപിച്ചു. പി.ജെ ജോസഫ് വിഭാഗത്തിന് ചെയർമാന്‍ സ്ഥാനവും പാര്‍ലമെന്ററി നേതൃസ്ഥാനവും വിട്ടുകൊടുക്കാനാകില്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്.
14 ജില്ലകളിൽ 10 ലും മാണി വിഭാഗത്തിലുള്ളവരാണ് ജില്ലാ പ്രസിഡന്‍റ് പദവിയിലുള്ളത്. ഇതിൽ ഒൻപത് പേരാണ് സി.എഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചത്. സി.എഫ് തോമസ് പാർലമെന്‍ററി പാർട്ടി നേതാവാകണമെന്നും ഇവർ സംയുക്തമായി ആവശ്യപ്പെട്ടു. പാർട്ടിയുടെ നേതൃത്വത്തിൽ നിന്നും പി.ജെ ജോസഫിനെ പൂർണമായും ഒഴിവാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് മാണി വിഭാഗം പാർട്ടി ചെയർമാൻ സ്ഥാനത്തിനൊപ്പം പാർലമെന്‍ററി പാർട്ടി നേതാവ് സ്ഥാനവും ആവശ്യപ്പെടുന്നത്.
അതേസമയം ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തിൽ സി.എഫ്. തോമസ് അതൃപ്തി അറിയിച്ചു. കാരണം ജോസഫ് വിഭാഗം ചെയർമാനായി മുന്നോട്ടു വച്ചിരുന്ന പേര് സി.എഫ്. തോമസിന്റേതാണ്. മാത്രമല്ല നേരത്തെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നിരുന്ന സി.എഫ്. തോമസിനു ജോസ് കെ. മാണിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ വിമുഖതയുമുണ്ട്.
തിങ്കളാഴ്ച യു.ഡി.എഫ് യോഗത്തിനുശേഷം മുതിർന്ന നേതാക്കൾ ഒരുമിച്ചിരുന്നു പ്രശ്നം ചർച്ച ചെയ്യാനായിരുന്നു തീരുമാനം. അതിനിടെയാണ് ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ നിർണായക നീക്കം നടക്കുന്നത്. കെ.എം. മാണിയുടെ 41ന് ശേഷമാണ് ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുക എന്നിരിക്കെ അതിന് മുന്‍പെ രഹസ്യ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ സംഘടനകാര്യങ്ങള്‍ അടക്കമുള്ള കാര്യങ്ങളാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് ജില്ലാ പ്രസിഡന്റുമാരുടെ പ്രതിനിധി അറിയിച്ചു. ആരെ ചെയര്‍മാന്‍ ആക്കണമെന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ വഷളാക്കരുതെന്ന് ജില്ലാ പ്രസിഡന്റുമാരോട് സി.എഫ് തോമസ് പറഞ്ഞതായാണ് സൂചന.