കാസർഗോഡ്:
പോലീസിലെ പോസ്റ്റൽ വോട്ട് തിരിമറി വിവാദം അവസാനിക്കുന്നില്ല .കാസർഗോഡ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ 33 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്നാണ് പുതിയ പരാതി. യു.ഡി.എഫ് അനുഭാവികളായ പോലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് നല്‍കിയില്ലെന്നാണ് ആരോപണം. നേരത്തെ സി.പി.എം നിയന്ത്രണത്തിലുള്ള പോലീസ് അസോസിയേഷൻ, തിരഞ്ഞെടുപ്പ് ഡ്യുട്ടിയിലുള്ള പോലീസുകാരുടെ പോസ്റ്റൽ വോട്ടുകൾ ഒന്നായി ശേഖരിച്ച് തങ്ങൾക്കു അനുകൂലമായവർക്കു വോട്ട് രേഖപ്പെടുത്തി എന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ പരാതി ഉയർന്നിട്ടുള്ളത്.
44 പൊലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ. പൊലീസുകാർ കളക്ടർക്ക് ഇ മെയിൽ വഴി പരാതി അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരായ പോലീസ് ഉദ്യോഗസ്ഥർക്കാണു ബാലറ്റ് കിട്ടാതിരുന്നത്. ആകെ 44 അപേക്ഷകളാണ് ബേക്കൽ സ്റ്റേഷനിൽനിന്ന് പോസ്റ്റൽ ബാലറ്റിനായി അയച്ചത്. സി.ഐ യുടെ കൗണ്ടർ സൈൻ സഹിതം സ്റ്റേഷൻ റൈറ്റർ മറ്റൊരു സിവിൽ പോലീസ് ഓഫിസർ വശമാണ് അപേക്ഷകൾ തപാൽ ഓഫിസിൽ എത്തിച്ചത്. ഇതിൽ 11 അപേക്ഷകർക്കു മാത്രമേ ബാലറ്റ് പേപ്പർ ലഭിച്ചുള്ളൂ.
അതേ സമയം എല്ലാ പോസ്റ്റൽ ബാലറ്റുകളും നൽകിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസർ പറയുന്നത്. പോലീസുകാരുടെ പരാതിയിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു. പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.