Thu. Apr 25th, 2024
#ദിനസരികള്‍ 755

എങ്ങനെയാണ് സ്വന്തം മകളെ കൊല്ലുക? ഒരമ്മയും ഒരിക്കലും നേരിടാന്‍ ഇഷ്ടപ്പെടാത്ത ഒരു ചോദ്യമാണത്.

അതല്ലെങ്കില്‍ മക്കളെ കൊല്ലുന്നതിനെക്കുറിച്ച് സങ്കല്പിക്കാന്‍ പോലും ഒരമ്മയ്ക്കും ഒരിക്കലും കഴിയില്ല എന്നതല്ലേ വസ്തുത? ഇനി അഥവാ ഏതെങ്കിലും ഒരമ്മ അങ്ങനെ ചിന്തിക്കുന്ന അതേ നിമിഷത്തില്‍ അവര്‍ അമ്മ എന്ന പദവി നല്കുന്ന വിശുദ്ധമായ വിതാനങ്ങളില്‍ നിന്നും കീഴോട്ടു തള്ളപ്പെടുന്നു. മക്കളെ ജീവിതത്തിന്റെ വര്‍ണമനോഹരങ്ങളായ രാജവീഥികളിലേക്ക് കൈപിടിച്ചു നടത്തുകയെന്നല്ലാതെ മരണത്തിന്റെ വേതാളലോകങ്ങളിലേക്ക് ആനയിക്കുന്നതെങ്ങനെ?

എന്നാല്‍ എങ്ങനെയാണ് ഒരമ്മ തന്റെ മകളെ മുലയൂട്ടി താരാട്ടിന്റെ നനുത്ത താളത്തില്‍ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്, അതുപോലെ ഒട്ടും ആയാസപ്പെടാതെ, വേദനിക്കാതെ അവളെ എങ്ങനെയാണ് മരണത്തിലേക്ക് കൊണ്ടുപോകുക എന്ന് ആലോചിക്കുന്ന ഒരമ്മയെയാണ് സുഗതകുമാരി കൊല്ലേണ്ടതെങ്ങനെ എന്ന കവിതയില്‍ അവതരിപ്പിക്കുന്നത്. ആ അമ്മയോട്, മകളെ കൊല്ലാന്‍ ശ്രമിക്കുന്ന ക്രൂരതയോട് നമുക്ക് സ്വാഭാവികമായും തോന്നേണ്ടത് വെറുപ്പാണ്. എന്നാല്‍ കവിതയുടെ തുടക്കമുണ്ടാക്കുന്ന നടുക്കങ്ങള്‍ക്കപ്പുറം, ആ അമ്മയോട് ഐക്യപ്പെടുന്ന ഒരാളായി നാം മാറുകയും അമ്മയോടൊപ്പം
കൊല്ലേണ്ടതെങ്ങനെ?

ചിരിച്ച മുഖത്തുനോക്കി
യല്ലില്‍ തനിച്ചിവിടെയമ്മ തപസ്സിരിപ്പൂ
വല്ലാതെ നോവരുത്, വേവരുതെന്നു മാത്രം
എല്ലാം മറക്കുമൊരുറക്കം … ഇവള്‍ … ക്കെനിക്കും എന്ന വേദനയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു.

സുഗതകുമാരിയുടെ ഈ കവിത അമ്മയുടെ ‘വാത്സല്യപൂര്‍ണ’മായ മറ്റൊരു മുഖത്തെയാണ് നമുക്ക് കാട്ടിത്തരുന്നത്. മുപ്പത്തിയേഴു വയസ്സായ, അതിനൊപ്പം ശാരീരക വളര്‍ച്ചയുള്ള, എന്നാല്‍ മനസ്സു വളരാത്ത മകളെ ഈ ലോകത്ത് തനിച്ചാക്കി പോകുന്നതെങ്ങനെ എന്ന വ്യഥയ്ക്ക് ഉത്തരം പറയേണ്ടത് ഈ സമൂഹമാണ്. പക്ഷേ ആ ഉത്തരം എത്രയോ ഉദാഹരണങ്ങളായി അമ്മയുടെ കണ്‍മുന്നില്‍ തന്നെയുണ്ട്.

മുക്കൂട്ടു പാതയിലലഞ്ഞു നടന്നിടുന്നോള്‍
പിച്ചക്കിരിപ്പവള്‍ കിറുക്കി, യൊരുത്തി, കണ്ടേന്‍
ഇപ്പോള്‍ നിറഞ്ഞ വയറോടിരിപ്പു, കണ്ടെന്‍
ചിത്തം ഭയാകുലമുറക്കെ വിളിച്ചുപോയി!
ഇപ്പോള്‍ ഈ ചോദ്യം ചില പുതിയ മാനങ്ങളെ തേടുന്നു.

അമ്മയുടെ തേങ്ങല്‍ ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ മൂക്കില്‍‌തൊട്ടുനില്ക്കുന്നു. “എനിക്ക് പ്രായമായി. ഏതു നിമിഷവും ഞാന്‍ മരിച്ചു വീഴാം. എന്നാല്‍ ശരീരസൌഷ്ഠവങ്ങളിണങ്ങി നില്ക്കുന്ന എന്റെ മകളെ, പ്രത്യേകിച്ചും മനസ്സു വളര്‍ന്നിട്ടില്ലാത്ത എന്റെ മകളെ, എങ്ങനെയാണ് ഞാന്‍ നിങ്ങളെ ഏല്പിച്ചു പോകുക? പിച്ചയെടുത്തു ജീവിക്കുന്ന, കിറുക്കിയായ ഒരുത്തി ഇന്നിതാ നിറവയറുമായി പേറ്റുനോവിന്റെ കരയ്ക്കിരിക്കുന്നു. ആരാണുത്തരവാദി? എന്റെ മകളേയും അത്തരമൊരു കൂട്ടത്തിനിടയിലേക്ക് ജീവിക്കാന്‍ വിടുക എന്നു വെച്ചാല്‍ നാളെ അവളും ഈ വഴിയോരങ്ങളിലെ പടുകാഴ്ചയായി മാറുക എന്നുതന്നയല്ലേ? അതുകൊണ്ട് കൊല്ലേണ്ടതെങ്ങനെ എന്ന് പറയുക” അമ്മയുടെ ചോദ്യമിതാണ്; ഉത്തരം പറയാതെ നാം ശിരസ്സുകുനിച്ചിരിക്കുന്നു.

മുപ്പത്തിയേഴിന്റെ ശരീരത്തിന് മൂന്നു വയസ്സിൻ്റെ മനസ്സ് പാകമാകുന്നതെങ്ങനെ? ഫലത്തില്‍ മൂന്നുവയസ്സുകാരിയായ “കുഞ്ഞിനെ” ആര്‍ക്കും ലാളിക്കാം, ഉമ്മവെയ്ക്കാം കൂടെക്കിടത്താം. അവളതൊന്നും തിരിച്ചറിയില്ലെന്ന് അമ്മയ്ക്ക് നന്നായി അറിയാം. അവസാനം ഏതോ ഒരുവന്‍റെ സ്നേഹ സമ്മാനവുമായി പട്ടണങ്ങളില്‍ ഊരുചുറ്റുന്നവരിലൊരാളായി അവളും!

വയ്യോര്‍ക്കുവാന്‍ ! വഴിയിലൊക്കെയലഞ്ഞുഴന്നു
കൈനീട്ടിയെന്റെയുയിര്‍ തേടി നടക്കുമെന്നെ
അയ്യോ! മരിച്ചവളൊരമ്മ, യദശ്യ, യൊപ്പം
പൊയ്യല്ല, കേണു ഗതിയറ്റു നടക്കിലെന്താം – എന്ന് അമ്മ കടന്നു കാണുന്നത്,

സംഭവിക്കാനിടയില്ലാത്തതൊന്നുമല്ലെന്നു മാത്രമല്ല, ചുറ്റുപാടും സംഭവിച്ചുകൊണ്ടേയിരിക്കുന്നതുമാണ്. ജനിച്ച നാളുമുതല്‍ തനിക്ക് സ്വസ്ഥത തന്നിട്ടില്ലെങ്കിലും അവള്‍ എന്നും പ്രിയപ്പെട്ടവളാണ്. മാനസിക വളര്‍ച്ചയില്ലാത്ത കുട്ടിയേയും തന്നെയേയും ഉപേക്ഷിച്ച് അച്ഛന്‍ എന്നോ പോയതാണ്. എന്നിട്ടും അമ്മ സ്വന്തം ഉയിരോളം മകളെ സ്നേഹിച്ചു .

എന്നാലുമെങ്ങനെയെനിക്കിവള്‍ ജീവനായി
കണ്ണായി കണ്ണനമൃതായി വെളിച്ചമായി
എന്നെത്തിരിച്ചറിയുമോമനയെന്നു മാത്ര
മമ്മയ്ക്കു നിശ്ചയ, മെനിക്കതു പോരുമുണ്ണീ – തിരിച്ചറിയുന്നുവെന്ന ഒരൊറ്റ കാരണത്താല്‍ മാത്രമാണെങ്കില്‍ ഈ അമ്മ നിന്നെ കൈവെടിയാതെ കാത്തുകൊള്ളും. ഈ ലോകത്തിന്റെ കെടുതികളിലേക്ക് വലിച്ചെറിയില്ല. അതുകൊണ്ട്, ആരും നിന്നെ വേദനിപ്പിക്കാത്ത, ആരുടേയും കാരുണ്യത്തിന് കാത്തു നില്ക്കേണ്ടതില്ലാത്ത എപ്പോഴും അമ്മ കൂടെത്തന്നെയുള്ള ഒരു ലോകത്തേക്ക് നമുക്ക് പോവുക.

പേടിക്കവേണ്ട, തനിയെ വിടുകില്ല, യമ്മ
കൂടെത്തുണയ്ക്കുവരു, മെന്‍ മകള്‍ കേണിടൊല്ല
പാടില്ലയെന്ന് പറയൊല്ല , പറക്കയില്ലാ
കൂടില്ല, തള്ളയുമെഴാക്കിളി വാണിടൊല്ല ! – അമ്മയ്ക്കും മകള്‍ക്കും യാത്ര ! വിട.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *