വാഷിംഗ്‌ടൺ:
യു.എസ്സും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാര്‍ ലംഘിച്ചു എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് മറുപടിയായി യു.എസ്. നികുതി വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അടിയന്തര പ്രതിരോധ നടപടികളുമായി തിരിച്ചടിക്കുമെന്ന് ബെയ്ജിങ്ങും വ്യക്തമാക്കിയിരുന്നു.
ബെയ്ജിങ്ങിന്റെ ഈ പ്രസ്താവനയാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഫ്ലോറിഡയിലെ പ്രചാരണ റാലിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ‘അവര്‍ കരാര്‍ ലംഘിച്ചു. കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ അവര്‍ അനുഭവിക്കേണ്ടിവരും’ എന്ന് ട്രംപ് പറഞ്ഞു. യു.എസ്. വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈതൈസറിനെ വ്യാപാര ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയതിന് ചൈന കുറ്റപ്പെടുത്തി. എന്നാല്‍ ബെയ്ജിങുമായി ഇപ്പോഴും കരാറിന് സാധ്യതകളുണ്ടെന്ന് ലൈതൈസറിന്‍ പറഞ്ഞു.