കൊൽക്കത്ത:
താനും തന്റെ പാർട്ടിയും വിശ്വസിക്കുന്നത് ജയ് ഹിന്ദ് എന്നു പറയുന്നതിലാണെന്നും, ജയ് ശ്രീരാം എന്നു പറയുന്നതിലല്ലെന്നും, തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും, പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, വ്യാഴാഴ്ച പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിനു മാത്രമായി വ്യാഴാഴ്ച അനുവദിച്ച ഒരു അഭിമുഖത്തിലാണ് മമത ബാനർജി ഇങ്ങനെ പറഞ്ഞത്.
“ബി.ജെ.പി, പശ്ചിമ ബംഗാളിൽ, ജയ് ശ്രീരാം എന്നു പറഞ്ഞോട്ടെ, പക്ഷേ, ഞങ്ങൾ ജയ് ബംഗ്‌ള എന്നും ജയ് ഹിന്ദ് എന്നും പറയും,” ബി.ജെ.പിയെ എതിർത്തുകൊണ്ട് മമത ബാനർജി പറഞ്ഞു.
“ഹമാരാ സ്ലോഗൻ ജയ് ഹിന്ദ് ഹേ. ഹമാരാ സ്ലോഗൻ ഹേ വന്ദേ മാതരം. ഉൻകാ സ്ലോഗൻ കെ ബാരേ മേ ഹംസേ മത് പൂഛോ.” (എന്റെ മുദ്രാവാക്യം ജയ്ഹിന്ദ് എന്നാണ്. എന്റെ മുദ്രാവാക്യം വന്ദേ മാതരം എന്നാണ്. അവരുടെ (ബി.ജെ.പി.) മുദ്രാവാക്യത്തെക്കുറിച്ച് എന്നോടു ചോദിക്കരുത്.)
“ഞങ്ങൾ ഒരിക്കലും ഹിന്ദു- മുസ്ലീം രാഷ്ട്രീയം നടത്തില്ല. എല്ലാ മതവും എന്റെ മതമാണ്, എല്ലാ ജാതിയും എന്റെ ജാതിയും. ബി.ജെ.പി. ഇത്തരം രാഷ്ട്രീയക്കളികൾ നടത്തുന്നതെന്തിനാണെന്നു നിങ്ങൾ നരേന്ദ്ര മോദിയോടു ചോദിക്കണം,” അവർ പറഞ്ഞു.
പശ്ചിമബംഗാളിൽ തന്റെ പാർട്ടി, മോദിയിൽ നിന്നോ, ബി.ജെ.പിയിൽ നിന്നോ യാതൊരു വെല്ലുവിളിയും നേരിടുന്നില്ലെന്നും, എല്ലാ സമുദായങ്ങളേയും ഒരുമിച്ചു ചേർത്തുനിർത്തുന്നതിലാണു താൻ വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ, ബി.ജെ.പി. വൻപരാജയം അനുഭവിക്കുമെന്നും മമത ബനർജി പറഞ്ഞു.
“അതു തുടങ്ങിവച്ചത് മോദിയാണ്,” 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനിടയ്ക്ക് മോദിയും, അവരും, പരസ്പരം വ്യക്തിഗതപോരുകൾ നടത്തുകയാണല്ലോയെന്ന ചോദ്യത്തിനുത്തരമായി മമത ബാനർജി പറഞ്ഞു.
മമത ബാനർജി, മോദിയെ “എക്സ്പൈറി ബാബു” എന്നും, മോദി അവരെ “സ്പീഡ് ബ്രേക്കർ ദീദി” എന്നും വിളിച്ചിരുന്നു.
“ഞാൻ ജനാധിപത്യത്തെക്കുറിച്ചാണു സംസാരിക്കുന്നത്. പക്ഷേ മോദി ഉപയോഗിക്കുന്ന വാക്കുകൾ വളരെ മോശമാണ്,” മമത ബാനർജി പറഞ്ഞു.