തിരുവനന്തപുരം:
രാജ്യത്തെ നിയമ വിദ്യാഭ്യാസത്തിന്റെ പിതാവും, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറും, നിയമപണ്ഡിതനുമായ ഡോ. എൻ.ആർ. മാധവമേനോൻ (84) അന്തരിച്ചു. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശാന്തികവാടത്തിൽ.
തിരുവനന്തപുരം സ്വദേശിയായ മാധവമേനോൻ കേരളത്തിൽ നിന്നും നിയമ പഠനം പൂർത്തിയാക്കിയ ശേഷം 1955 ഇൽ അഭിഭാഷകൻ ആയാണ് അദ്ദേഹം ഔദോഗിക ജീവിതം ആരംഭിച്ചത്. ഡൽഹിയിൽ ജോലി ചെയ്യുന്നതിനിടെ അദ്ദേഹം അലിഗഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും നിയമത്തിൽ പി.എച്ച്.ഡി നേടിയ ആദ്യ വ്യക്തിയായി. തുടർന്ന് അദ്ദേഹം അലിഗഡ് യൂണിവേഴ്‌സിറ്റിയിലും, ദൽഹി യൂണിവേഴ്സിറ്റിയിലും പ്രൊഫസർ ആയി ജോലിചെയ്തു.
ഡൽഹിയിൽ ജോലി ചെയ്യുമ്പോൾ 1972 ഇൽ മാധവമേനോൻ ദേശീയ തലത്തിൽ നിയമ അധ്യാപകരുടെ കോൺഫറൻസ് സംഘടിപ്പിച്ചു. തുടർന്ന് അദ്ദേഹം ആൾ ഇന്ത്യ ലോ ടീച്ചേഴ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി. ഇന്ദിര ഗാന്ധിയുടെ ‘ഗരീബി ഹഡാവോ” പദ്ധതിയിലും അദ്ദേഹം സഹകരിച്ചിരുന്നു. പോണ്ടിച്ചേരി ലോ കോളേജ് പ്രിൻസിപ്പാൾ ആയും അദ്ദേഹം സേവനം അനുഷ്‌ഠിച്ചു. തുടർന്ന് അദ്ദേഹം ബാംഗ്ലൂരിലെ നാഷണൽ ലോ അക്കാദമിയിൽ 12 വർഷത്തോളം ഡയറക്ടർ ആയിരുന്നു.
1998 ഇൽ പശ്ചിമ ബംഗാൾ സർക്കാരിന്റെ ക്ഷണപ്രകാരം അദ്ദേഹം വെസ്റ്റ് ബംഗാൾ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യൽ സയൻസിന്റെ വൈസ് ചാൻസലർ ആയി. തുടർന്ന് സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഭോപ്പാലിൽ പുതുതായി ആരംഭിച്ച നാഷണൽ ജുഡീഷൽ അക്കാദമിയുടെ ആദ്യ ഡയറക്ടറായി വിരമിക്കുന്നത് വരെ പ്രവർത്തിച്ചു.
റിട്ടയർമെന്റിനു ശേഷവും കേന്ദ്ര സർക്കാരിന്റെ വിവിധ തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് ചെയർമാൻ, ബിലാസ്പൂരിലെ ഗുരു ഗാസിദാസ് സർവകലാശാല വൈസ് ചാൻസലർ എന്നീ തസ്തികകളിലും അദ്ദേഹം പ്രവർത്തിച്ചു.
2003-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. നിയമവുമായി ബന്ധപ്പെട്ട് “ലോ ആൻഡ് പ്രോപ്പർട്ടി” ഉൾപ്പടെ ഒട്ടേറെ പുസ്തകങ്ങളും മാധവമേനോൻ രചിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തന രംഗത്തും അദ്ദേഹം സജീവമായിരുന്നു