Fri. Nov 22nd, 2024
#ദിനസരികള്‍ 751

ഞങ്ങളുടെ കുട്ടിക്കാലത്തെ കളികളില്‍ ചതിക്കുഴികളുണ്ടാക്കി ആളുകളെ വീഴിക്കുക എന്നൊരു ഇനവും ഉള്‍‌പ്പെട്ടിട്ടുണ്ടായിരുന്നു. നടക്കുന്ന വഴികളോ കളിസ്ഥലങ്ങള്‍ക്കു സമീപമോ ഒരടി വീതിയും ഒന്നോ രണ്ടോ അടി താഴ്ചയുമുള്ള കുഴിയുണ്ടാക്കും. എന്നിട്ട് അതിനു മുകളില്‍ ചുള്ളിക്കമ്പുകള്‍ നിരത്തി പച്ചിലയും മറ്റും വിരിച്ച് കനം കുറച്ച് മണ്ണിട്ട് മൂടും. നമുക്ക് വീഴ്ത്തേണ്ട വ്യക്തിയെ ആ വഴിയേ എത്തിക്കുകയെന്നതാണ് അടുത്ത കടമ്പ.തോളില്‍ കയ്യിട്ടും ചേര്‍ത്തു പിടിച്ച് വിശേഷണങ്ങള്‍ പറഞ്ഞും അവനെ പതിയെ കൂടെ നടത്തും. നമ്മളും കൂടെ നടക്കുമ്പോള്‍ സംശയമൊന്നും തോന്നില്ലല്ലോ.

ഓരോന്നു പറഞ്ഞ് രസിപ്പിച്ചും ചിരിപ്പിച്ചുമൊക്കെ കൃത്യമായി നടത്തിക്കൊണ്ടുവന്ന് കുഴിയില്‍ വീഴ്ത്തും. വീണാലുടന്‍ കാത്തിരിക്കുന്നവരുടെ വക ആഹ്‌ളാദ പ്രകടനമാണ്. കുഴിയില്‍ വീണുകിടക്കുന്നവന്റെ ദേഷ്യമോ നിരാശയോ വേദനയോ ഒന്നും അവിടെ പരിഗണിക്കപ്പെടുന്നില്ല, കുഴി കുഴിച്ച് ആളെ വീഴിക്കാന്‍ കച്ച കെട്ടിയിറങ്ങിയവരെല്ലാം ചുറ്റും കൂടി ആര്‍ത്തു ചിരിച്ചു രസിക്കുന്നു. പലപ്പോഴും ഈ കളി അപകടമുണ്ടാക്കിയിട്ടുണ്ട്. കുഴിയില്‍ വീണവന്റെ കാലിന്റെ എല്ല് ഒടിയുക, മുഖമടച്ചു വീണ് മുറിയുക, കൈമുട്ടു പൊട്ടുക അങ്ങനെയങ്ങനെ ധാരാളം അപകടങ്ങള്‍. അങ്ങനെ കളി കാര്യമാകുന്ന സാഹചര്യത്തില്‍ കുറച്ചു നാളത്തേക്ക് എല്ലാം നിറുത്തിവെയ്ക്കും, പിന്നീട് വീണ്ടും തുടങ്ങും. അന്നും വീഴാന്‍ നിര്‍ഭാഗ്യവാനായ ഒരാളുണ്ടാകും.

സ്നേഹംനടിച്ച് ചതിക്കുഴികളിലേക്ക് നടത്തുന്ന കൂട്ടുകാരനെപ്പോലെയാണ് കേരളത്തില്‍ ബി.ജെ.പിയും സംഘപരിവാരവും പ്രവര്‍ത്തിക്കുന്നത്. ഏതു വഴിയില്‍ എവിടെയൊക്കെയാണ് അവര്‍ കുഴികള്‍ കുഴിച്ചു വെച്ചിരിക്കുന്നതെന്ന് മനസ്സിലാകില്ല. പോയി വീണതിനു ശേഷം മാത്രമേ അതൊരു കുഴിയായിരുന്നുള്ളുവെന്ന് നമുക്ക് തിരിച്ചറിയുകയുള്ളു. അല്ലെങ്കില്‍ കടുത്ത ജാഗ്രത പുലര്‍ത്തണം. കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നവര്‍ സംഘപരിവാരമാണെന്നും നമ്മള്‍ ഏതു നിമിഷവും ചതിക്കപ്പെടുമെന്നുമുള്ള ജാഗ്രത.

അത്തരത്തിലുള്ള ജാഗ്രത കാണിക്കാതെ കേരളത്തിലെ ചില വിശ്വാസികളെങ്കിലും പോയിവീണ ചതിക്കുഴിയാണ് ശബരിമലയെന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നു. ശബരിമലയെച്ചൊല്ലി സംഘപരിവരം പരസ്പരം കുറ്റപ്പെടുത്തലുകള്‍ തുടങ്ങിക്കഴിഞ്ഞു. ഒരു കാര്യവുമില്ലാതെ ആളുകളെ കൊണ്ടുപോയി ബലികൊടുത്തുവെന്നാണ് ഒരു പറ്റം ആരോപിക്കുന്നത്. മറ്റു സമൂദായങ്ങളുടെ മുന്നില്‍ ഹിന്ദുക്കളെ താറടിച്ചു കാണിക്കാനേ ശബരിമല വിഷയങ്ങളിലെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുള്ളുവെന്നാണ് അവരുടെ ആക്ഷേപം.

മാത്രവുമല്ല, സുപ്രീം കോടതി വിധി വരുന്നതുവരെ യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാടെടുത്തവര്‍ യാതൊരു കാരണമവുമില്ലാതെ തകിടം മറിഞ്ഞ് എതിര്‍ക്കുന്നവരുടെ ചേരിയിലേക്ക് ചേര്‍ന്നത് എന്തുകൊണ്ടെന്ന് ജനങ്ങളെ തൃപ്തിപ്പെടുത്താനും കഴിഞ്ഞിട്ടില്ല. വലിയ തോതില്‍ ഗുണമുണ്ടാകുമായിരുന്ന ശബരിമല വിവാദം ബി.ജെ.പിയുടെ അന്തസ്സില്ലാ‍ാത്ത നേതാക്കന്മാരുടെ അവസരവാദപരമായ നിലപാടുകള്‍ മൂലം അശ്ലീലമായി മാറിയെന്ന് അക്കൂട്ടര്‍ ആരോപിക്കുന്നു. എന്തായാലും ശബരിമല കേരളത്തിലെ ജനതയെ വീഴ്ത്താന്‍ സംഘപരിവാരം കുഴിച്ച കുഴിയായിരുന്നുവെന്നാണ് ഇത്തരം ചര്‍ച്ചകളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്ന വസ്തുത. ചതിക്കുഴിക്കളിയില്‍ കൂട്ടത്തിലെ ചെറിയ കുട്ടികള്‍ സത്യം വിളിച്ചു പറയുന്നതുപോലെ ചിലരൊക്കെ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങിയിരിക്കുന്നു.

ദേശീയ പാതാവികസനവുമായി ബന്ധപ്പെട്ട് തടസ്സവാദമുന്നയിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തയച്ച ബി.ജെ.പി. അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ നടപടി കൂടി ഇത്തരുണത്തില്‍ പരിശോധിക്കുക. നാഴികക്ക് നാല്പതുവട്ടം മോദിയുടെ ഭരണത്തെക്കുറിച്ചും ആ ഭരണം നാട്ടിലുണ്ടാക്കുന്ന വികസനത്തക്കുറിച്ചുമൊക്കെ വാതോരാതെ നാട്ടിലാകെ പ്രസംഗിച്ചു നടക്കുന്നയാള്‍ തന്നെ നാടിന്റെ വികസനത്തിന് തുരങ്കം വെക്കുക എന്ന പരിപാടി എത്രത്തോളം ആശാസ്യമാണെന്ന് സംഘപരിവാരത്തിലെ പലരും ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇത്, പിള്ളക്കെതിരെയുള്ള വെറുമൊരു ആരോപണം മാത്രമല്ല, അദ്ദേഹം എഴുതിയ കത്തടക്കം കേരളത്തിന്റെ മുഖ്യമന്ത്രി പുറത്തു വിട്ടിരിക്കുന്നു. “ഉയർന്ന ജനസാന്ദ്രതയുള്ളപ്പോഴും കേരളത്തിന്റെ ഗ്രാമീണ റോഡ‌് ശൃംഖല ലോകത്തിന‌ുതന്നെ മാതൃകയാണ‌്. ബഹുഭൂരിപക്ഷം വീടുകൾക്കും നേരിട്ട‌് റോഡുബന്ധം ഉള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ടാകില്ല. ജനങ്ങളുടെ സാമൂഹ്യപ്രതിബദ്ധതയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതയുമാണ‌് ഈ നേട്ടത്തിന‌് ആധാരം. എന്നാൽ, ദേശീയപാതയുടെ കാര്യമെടുത്താൽ ഏറ്റവും പിന്നോക്കംനിൽക്കുന്ന നാടാണ‌് കേരളം. നഗര മാർക്കറ്റുകൾക്ക‌് നടുവിലൂടെ കുപ്പിക്കഴുത്തുപോലെ കടന്നുപോകുന്ന, അസംഖ്യം വളവുതിരിവുകൾ നിറഞ്ഞ രണ്ടുവരി റോഡാണ‌് ഇവിടത്തെ ദേശീയപാത.

ഉപ്പുതൊട്ടുകർപ്പൂരംവരെ അയൽസംസ്ഥാനങ്ങളിൽനിന്ന‌് കയറ്റിവരുന്ന ട്രക്കുകളും അനുദിനം വർദ്ധിച്ചുവരുന്ന സ്വകാര്യവാഹനങ്ങളും പൊതുഗതാഗത സംവിധാനങ്ങളുമെല്ലാം ചേർന്ന‌് കേരളം വലിയൊരു ഊരാക്കുടുക്ക‌ാണ‌്. ആംബുലൻസുകളും ഫയർ എൻജിനുകളും പോലും കടന്നുപോകാൻ സാധിക്കാത്തവിധം സ‌്തംഭനമാണ‌് ദേശീയപാതകളിൽ പലയിടത്തും. കുരുക്കുകളിനിന്ന‌് മോചനം കിട്ടുമ്പോൾ നടത്തുന്ന മരണപ്പാച്ചിലുകളിൽ സംഭവിക്കുന്ന അപകടങ്ങൾ കുറച്ചൊന്നുമല്ല. റോഡപകട മരണങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്ന‌് കേരളമാണ‌്. റോഡുകളുടെ അപര്യാപ‌്തതയും നിലവാരത്തകർച്ചയുമാണ‌് ഇതിനെല്ലാം കാരണം.” എന്ന് ദേശാഭിമാനി പറയുന്നു.

നമ്മുടെ ദേശീയ പാതയുടെ അവസ്ഥ ദിവസവും തെക്കുവടക്കോടുന്ന ശ്രീധരന്‍ പിള്ളയ്ക്ക് മനസ്സിലാകാഞ്ഞിട്ടല്ല, മറിച്ച് ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ജനത്തിന് ഗുണമുണ്ടാകുന്ന ഒന്നും തന്നെ ഈ നാട്ടില്‍ നടക്കരുതെന്ന പിടിവാശിയാണ് അയാളെ നയിക്കുന്നത്.

ചിന്തിക്കേണ്ടതും മറുപടി പറയേണ്ടതും ഇത്തരം ചതിയന്മാരായ ആളുകളുടെ പിന്നാലെ പോകുന്ന അണികളാണ്. തങ്ങള്‍ നയിക്കപ്പെടുന്നത് കുഴികളിലേക്കാണെന്ന് ഇനിയെങ്കിലും ഇവര്‍ തിരിച്ചറിയേണ്ടതുണ്ട്. സംഘപരിവാരത്തില്‍ നിന്നു പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നേതാക്കാന്മാരെ വിശ്വസിക്കാത്ത അണികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നുവെന്നു തന്നെയാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *