ലാഹോർ:
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, ആറാഴ്ചത്തെ ജാമ്യ കാലാവധിയ്ക്കു ശേഷം ജയിലേക്കു തന്നെ തിരിച്ചുപോയി. അഴിമതിക്കേസിൽ ജയിലിൽ ആയിരുന്ന അദ്ദേഹത്തിന് ആരോഗ്യപരമായ കാരണങ്ങൾക്കാണ് ജാമ്യം നൽകിയിരുന്നത്. പാക്കിസ്ഥാൻ വിട്ടുപോവില്ലെന്ന നിബന്ധന വച്ചുകൊണ്ടാണ് സുപ്രീം കോടതി അദ്ദേഹത്തിനു ജാമ്യം നൽകിയത്. ചികിത്സയ്ക്കായി വിദേശത്തുപോകാൻ സുപ്രീം കോടതിയുടെ അനുവാദം തേടിയിരുന്നെങ്കിലും നിരസിയ്ക്കപ്പെടുകയാണുണ്ടായത്.
ചൊവ്വാഴ്ച ജാമ്യകാലാവധി അവസാനിച്ചതുകൊണ്ട് ഷെരീഫ് നവാസ്, കോട്ട് ലാഖ്‌പത് ജയിലിലേക്കു മടങ്ങി. അദ്ദേഹത്തിന്റെ പുത്രി മറിയവും, ഷെരീഫിന്റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്ലീം ലീഗ് നവാസിന്റെ പ്രവർത്തകരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ആദ്യം ആദിയാല ജയിലിൽ ആയിരുന്ന അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരമാണ് കോട്ട് ലാഖ്‌പത് ജയിലിലേക്കു മാറ്റിയത്. 2018 ഡിസംബർ 24 മുതൽ, ഒരു അഴിമതിക്കേസിന്റെ ശിക്ഷയായിട്ട് ഏഴുവർഷത്തെ ജയിൽ വാസം അനുഭവിക്കുകയാണ്.