മ്യാന്‍മര്‍:
റോഹിങ്ക്യന്‍ വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന് ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്ന കുറ്റം ചുമത്തി മ്യാൻമർ കോടതി കുറ്റം ചുമത്തി ജയില്‍ ശിക്ഷ വിധിച്ച രണ്ടു റോയിട്ടേഴ്‌സ് റിപ്പോർട്ടർമാരെ 500 ദിവസത്തെ ജയിൽവാസത്തിനു ശേഷം വിട്ടയച്ചു. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയിലെ മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോ ഊ എന്നിവരെയായിരുന്നു തടവിൽ ഇട്ടിരുന്നത്.
മ്യാന്‍മറിലെ റഖൈന്‍ സ്റ്റേറ്റില്‍ 10 റോഹിങ്ക്യന്‍ മുസ്ലിംങ്ങളെ കൊന്നതിന്റെ വാര്‍ത്ത ശേഖരിക്കുന്നതിനിടെ 2017 ഡിസംബറിലാണ് ഇവരെ അറസ്റ്റു ചെയ്തത്. കൂട്ടത്തോടെ ആളുകളെ സംസ്‌കരിച്ചിട്ടുള്ള കുഴിമാടം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ‘മ്യാൻമറിലെ കൂട്ടക്കൊല’ എന്ന റിപ്പോര്‍ട്ടിലേക്ക് വഴിതെളിച്ചത്. പത്ത് പേരെ കെട്ടിയിട്ടിരിക്കുന്നതിന്റെയും ശേഷം ഇവരെ വെടിയുതിര്‍ത്തു കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ഗ്രാമീണരില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് തന്നെ ലേഖകരെ അറസ്റ്റ് ചെയ്യുകയും തടവിനു വിധിയ്ക്കുകയുമായിരുന്നു. തടവില്‍ക്കഴിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകരായ സൈമണ്‍ ലെവിസ്, അന്റോണി സ്ലോഡ്‌കോവ്‌സ്‌കി എന്നിവരാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
തുടർന്ന് ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്ന കുറ്റം ചുമത്തി മ്യാൻമർ കോടതി ഇവര്‍ക്ക് 7 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിടെ തങ്ങളെ പൊലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടര്‍മാര്‍ വാദിച്ചിരുന്നു. പൊതുജനങ്ങളുടെ മൊബൈല്‍ ഫോണില്‍ വ്യാപകമായി ഉണ്ടായിരുന്ന വിവരങ്ങള്‍ മാത്രമാണ് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ലേഖകര്‍ കോടതിയില്‍ പറഞ്ഞു.
മ്യാൻമർ പുതുവത്സരദിനത്തിനോടനുബന്ധിച്ച പ്രസിഡന്റ് വിൻ മിന്റ് പ്രഖ്യാപിച്ച പൊതു മാപ്പിലൂടെയാണ് വാർത്ത ലേഖകരുടെ മോചനം സാധ്യമായത്. 6250 തടവുകാർക്ക് മ്യാൻമർ സർക്കാർ പൊതുമാപ്പിലൂടെ മോചനം നൽകിയിരുന്നു.
തടവിലാക്കപ്പെട്ട റോയിട്ടേഴ്‌സ് റിപ്പോർട്ടർമാരെ വിട്ടയക്കാൻ അന്താരാഷ്ട്ര തലത്തിൽ മ്യാന്മറിന് മേൽ സമ്മർദ്ദം ശക്തമായിരുന്നു. മനുഷ്യാവകാശ സംഘടനകളും, ആക്ടിവിസ്റ്റുകളും മ്യാൻമർ സർക്കാർ നടപടിക്കെതിരെ പ്രക്ഷോഭം നടത്തിവരികയായിരുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ടർമാർക്ക് തടവിൽ കിടക്കുന്നതിനിടെ ഈ വർഷത്തെ പുലിറ്റ്‌സർ മാധ്യമ പുരസ്‌കാരം ലഭിച്ചിരുന്നു.