ന്യൂഡൽഹി:
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതി തള്ളിയ സാഹചര്യത്തിൽ വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പ് സുപ്രീം കോടതി പരിസരത്ത് പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തു. ഇതേത്തുടർന്ന് പ്രതിഷേധം സംഘടിപ്പിച്ച ഇരുപത്തിയഞ്ചോളം പേരെ സുപ്രീംകോടതിയ്ക്ക് മുന്നിൽ നിന്ന് അറസ്റ്റ് ചെയ്ത് മണ്ഡി മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ഒരുകിലോമീറ്റർ പരിധിയിൽ സുപ്രീം കോടതി പരിസരത്ത് 144 പ്രഖ്യാപിച്ചു.
തിങ്കളാഴ്ചയാണ് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റീസിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. മുൻ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.
പരാതിക്കാരിക്ക് അന്വേഷണ സമിതിയുടെ റിപ്പോർട്ട് നൽകാത്തത് നീതിയല്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കോടതിയുടെ നടപടിക്രമങ്ങൾ പൂർണമായും അനീതിയായാണ് തോന്നുന്നതെന്ന് സി.പി.എം നേതാവ് വൃന്ദാ കാരാട്ട് പറഞ്ഞു. സുപ്രീം കോടതി നടപടിക്രമങ്ങൾ സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർന്നുവരുമെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.
2003ലെ ഇന്ദിരാ ജയ്സിംഗ് കേസില്‍ സുപ്രീംകോടതി ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന് വിധിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരിക്ക് നൽകാതിരുന്നത്. എന്നാൽ ആരോപണവിധേയനായ ചീഫ് ജസ്റ്റീസിനു റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നൽകുകയും ചെയ്തു. കേസിൽ നീതി കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി നേരത്തേ പിന്മാറിയിരുന്നു. പരാതിക്കാരിയുടെ ഭാഗം കേൾക്കാതെ പരാതി തള്ളിയതിനെതിരെ ആയിരുന്നു പ്രതിഷേധ സമരം സംഘടിപ്പിച്ചത്.