Wed. Jan 22nd, 2025
തിരുവനന്തപുരം:

കേരളത്തിലെ ദേശീയപാത വികസനം അട്ടിമറിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയാണെന്ന ഗുരുതര ആരോപണവുമായി ധനമന്ത്രി ടി.എം. തോമസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.

പ്രളയത്തിനു പിന്നാലെ എറണാകുളത്തെ ഭൂമിയേറ്റെടുക്കൽ തടയണമെന്ന് ആവശ്യപ്പെട്ട് ശ്രീധരൻപിള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്തും തോമസ് ഐസക്ക് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു.ഈ കത്താണ് കേരളത്തെ ഒന്നാം വികസനപട്ടികയില്‍നിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാന്‍ കാരണമെന്നാണ് തോമസ് ഐസക്കിന്റെ ആരോപണം.

സംയുക്ത സമരസമിതിയുടെ ആവശ്യപ്രകാരമാണു കത്ത് അയയ്ക്കുന്നതെന്നാണു ശ്രീധരൻപിള്ള 2018 സെപ്റ്റംബർ 14ന് അയച്ച കത്തിൽ പറയുന്നത്. പ്രളയത്തിൽ തകർന്നടിഞ്ഞ എച്ച് 66ന്റെ ഭാഗമായി ഇടപ്പള്ളി – മൂത്തകുന്നം ഭാഗത്തെ ഭൂമിയേറ്റെടുക്കലിനെയാണു കത്തിൽ ശ്രീധരൻപിള്ള പരാമർശിച്ചിരിക്കുന്നത്. ഭൂമിയേറ്റെടുക്കൽ കുറച്ചുകാലത്തേക്ക് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരൻ പിള്ള. കേരളത്തിൻ്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻ്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ഈ നാടിൻ്റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം.

ഈ സർക്കാരിൻ്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിൻ്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബി.ജെ.പിയുടെ സംസ്ഥാനാധ്യക്ഷനും.എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി.

2020ൽ പദ്ധതി പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിൻ്റെ ചുമതലകൾ നിറവേറ്റുകയാണ് പിണറായി വിജയൻ സർക്കാർ. തൊണ്ടയാട‌്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ കഴിഞ്ഞ ഡിസംബറിൽ നാടിനു സമർപ്പിച്ചു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂർത്തീകരിക്കുന്നു. കരമന–കളിയിക്കാവിള റോ‌ഡ‌ും കിഫ്ബിയിൽ പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു.

വെല്ലുവിളികൾക്കു മുന്നിൽ അടിപതറി 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിൻ്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, എൽഡിഎഫ് സർക്കാർ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂർ കീഴാറ്റൂർ, മലപ്പുറം ഉൾപ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ‌് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിന‌ും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്.

നവകേരളത്തിൻ്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങൾ അതിവേഗം കരഗതമാക്കാൻ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരൻ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ പാർട്ടിക്കും കേരളം മാപ്പു നൽകില്ല.

സി.പി.എം മാനിയാക്കുകളെ പോലെ പെരുമാറുന്നു: ശ്രീധരൻ പിള്ള

സി.പി.എം മാനിയാക്കുകളെ പോലെ പെരുമാറുന്നുവെന്നാണ് ധനമന്ത്രി തോമസ് ഐസകിന്‍റെ ആരോപണത്തിനു ശ്രീധരൻ പിള്ളയുടെ പ്രതികരണം. പി.എച്ച്.ഡി കിട്ടിയതുകൊണ്ട് ഇംഗ്ലിഷ് അറിഞ്ഞിരിക്കണമെന്നു നിർബന്ധമില്ലെന്ന് ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

‘ബി.ജെ.പി യുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പലരും വന്നു മെമ്മൊറാണ്ടം തരാറുണ്ട്. വായിച്ചുനോക്കി അതു ബി.ജെ.പി യുടെ കവറിങ് ലെറ്റർ വച്ച് കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അയച്ചു നൽകാറുണ്ട്. അതാണ് ചെയ്തത്. സി.പി.എമ്മിന്റെ ഒരു നേതാവും തന്നെ കാണാൻ വന്ന സംഘത്തിലുണ്ടായിരുന്നു. പാർട്ടി നോക്കിയല്ല ആളുകളെ സഹായിക്കുന്നത്. ആവശ്യം കാര്യപ്രസക്തമാണെങ്കിൽ സഹായിക്കാവുന്നതുപോലെ സഹായിക്കും’ എന്നായിരുന്നു വാർത്ത സമ്മേളനത്തിൽ ശ്രീധരൻ പിള്ള പറഞ്ഞത്.

പ്രളയത്തിന്റെ ദുരിതത്തിൽപ്പെട്ടവരുടെ സ്ഥലം ഏറ്റെടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് ആ കത്തിലുള്ളതെന്നും അല്ലാതെ മന്ത്രി ആരോപിച്ചതുപോലെ ദേശീയപാത വികസനം അട്ടിമറിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ദേശീയപാത വികസനം മരവിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കേന്ദ്ര ഉപരിതലഗതാഗത മന്ത്രിക്കു കത്തയസിച്ചിരുന്നു. അതിനു പിന്നാലെയാണ് ധനമന്ത്രിയുടെ ഈ ആരോപണം. എന്തായാലും തോമസ് ഐസക്കിന്റെ ബി.ജെ.പി ക്കെതിരെയുള്ള ഈ ആരോപണം പുതിയൊരു രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *