തിരുവനന്തപുരം:
സംസ്ഥാനത്തെ പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന റിപ്പോർട്ടുകൾ ശരിവെച്ച് ഇന്റലിജൻസ് റിപ്പോർട്ട്. ഇടതു അനുകൂലികൾ ഭരിക്കുന്ന പോലീസ് അസോസിയേഷൻ സ്വാധീനിച്ചെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ശബ്ദരേഖയിൽ പരാമർശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും പറയുന്നു. ഇന്നലെയാണ് ഇന്റലിജൻസ് മേധാവി വിനോദ് കുമാർ നാല് പേജുള്ള റിപ്പോർട്ട് ലോകനാഥ് ബെഹ്‌റക്ക് കൈമാറിയത്.
എല്ലാ ജില്ലയിലും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. വോട്ട് ചെയ്യുന്നതിനു മുമ്പും ശേഷവും പോലീസ് അസോസിയേഷന്റെ ഇടപെടൽ ഉണ്ടായി. ഭീഷണികാരണം പലരും തെളിവ് നൽകാൻ മടിക്കുകയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു.
പോസ്റ്റല്‍ വോട്ടുകള്‍ സി.പി.എം നിയന്ത്രിക്കുന്ന പോലീസ് അസോസിയേഷൻ നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്ന അസോസിയേഷൻ ഭാരവാഹിയുടെ ശബ്ദരേഖ പുറത്തു വന്നിരുന്നു. പോലീസ് അസോസിയേഷൻ നിർദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പോലീസുകാരൻ സമ്മതിച്ചിരുന്നു.
58,000-ഓളം പോലീസുകാരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്നത്. ഇതിൽ തന്നെ 1600 പോലീസുകാർക്കു അന്യ സംസ്ഥാനങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് ഡ്യുട്ടി. വീട്ടിലെ വിലാസത്തിലാണു പോസ്റ്റൽ ബാലറ്റിനു സാധാരണയായി അപേക്ഷിക്കുന്നത്.എന്നാൽ പോസ്റ്റൽ വോട്ട് ചെയ്യുന്ന പോലീസുകാർക്ക് തങ്ങൾക്ക് സൗകര്യമുള്ള വിലാസത്തിൽ നിന്ന് ബാലറ്റ് പേപ്പർ വരുത്താം. ഇത് മുതലെടുത്താണ് പോലീസ് അസോസിയേഷൻ നിയന്ത്രിക്കുന്ന ഇടത് അനുകൂലികളുടെ ഇടപെടൽ ഉണ്ടായത്.
തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പോലീസുകാരെ സമ്മർദ്ദം ചെലുത്തി അസോസിയേഷൻ നിർദ്ദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയക്കാൻ ആവശ്യപ്പെട്ടു എന്നാണ് സൂചന. അങ്ങനെ എത്തിയ പോസ്റ്റൽ ബാലറ്റുകളിൽ ഓരോ ബറ്റാലിയനിലും രൂപീകരിച്ചിട്ടുള്ള ഇലക്ഷൻ സെല്ലിലെ പോലീസുകാർ തിരിമറി നടത്തി എന്നാണ് ആരോപണം.