Fri. Nov 22nd, 2024
കേരളത്തിലെ തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞിരിക്കുന്നു. മുന്നണികൾ  വോട്ടെണ്ണൽ ദിവസം കാത്തിരിക്കുന്നു. ഉയർന്ന പോളിംഗ് ശതമാനത്തിന്റെ കണക്കുകൾ കൂട്ടിയും, കിഴിച്ചും, വിജയ പ്രതീക്ഷകളും, ആശങ്കകളും പങ്കുവെച്ച് പാർട്ടി നേതൃത്വങ്ങളും അണികളും. ജനാധിപത്യത്തെ തുരങ്കം വെക്കുന്ന കള്ള വോട്ടുകളുടെ കുറച്ചു വാർത്തകൾ അല്ലാതെ പൊതുവെ സമാധാനപരമാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം.
ഇക്കുറി കേരളത്തിലെ തിരഞ്ഞെടുപ്പ് വിലയിരുത്തിയാൽ പെട്ടെന്ന് പറയാനുണ്ടാകുക ബി.ജെ.പി യുടെ പ്രകടനം തന്നെ ആയിരിക്കും. ദേശീയ തലത്തിൽ മോദിയും ബി.ജെ.പിയും തളർന്നിരിക്കുകയാണെങ്കിലും, 2014 ലെ മോദി തരംഗത്തിൽ പോലും ഇല്ലാത്ത ആവേശമായിരുന്നു ഇക്കുറി ബി.ജെ.പിക്കാർ കേരളത്തിൽ  കാഴ്ച്ചവെച്ചത്. തിരുവനന്തപുരം മണ്ഡലത്തിൽ മാത്രം ഒതുങ്ങിയിരുന്ന ബി.ജെ.പി അപ്രതീക്ഷിതമായി മൂന്നു മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിന് കളമൊരുക്കിയ ശക്തിയായി വളർന്നു. അതിനു ഒരേയൊരു കാരണം ‘ശബരിമല വിഷയം’ മാത്രമാണെന്നാണ് പകൽ പോലെ വ്യക്തവുമാണ്.
അതിനാൽ തന്നെ ആവേശത്തോടെ പ്രചാരണം നടത്തിയ ബി.ജെ.പി തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വർഗ്ഗീയതയുടെ വിത്തുകൾ കേരള മണ്ണിൽ പാകി കൊണ്ടിരിക്കുകയാണ്. സിവിൽ സർവ്വീസുകാരായ സെൻകുമാർ, ആനന്ദബോസ്, ബാബുപോൾ, ടി.പി ശ്രീനിവാസൻ  എന്നിവരെയൊക്കെ തങ്ങളുടെ ക്യാമ്പിൽ എത്തിക്കാൻ ബി.ജെ.പി ക്കു കഴിഞ്ഞിരുന്നു. അത്തരത്തിൽ ബൗദ്ദിക നേതൃത്വത്തിലേക്ക് കോൺഗ്രസ്സിൽ നിന്നും ബി.ജെ. പി റിക്രൂട്ട് ചെയ്ത വ്യക്തിയാണ് കാലടി സർവകലാശാലയിലെ മുൻ വൈസ് ചാൻസലറും തത്വശാസ്ത്ര പ്രൊഫസറും ആയിരുന്ന കെ.എസ് രാധാകൃഷ്ണൻ. ‘നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ശ്രീലങ്കയിലെ ചാവേർ ആക്രമണത്തെ കുറിച്ച് എന്ത് പറയാന്‍ ഉണ്ടെന്നറിയാൻ  താല്പര്യമുണ്ട്’ എന്നായിരുന്നു രാധാകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചത്. അതായത് കേരളത്തിലെ ജനങ്ങളെ വർഗ്ഗീയമായി ചിന്തിപ്പിക്കുവാൻ ബി.ജെ.പി ക്കു കേരളത്തിൽ ആളുകൾ ആയിത്തുടങ്ങി എന്നർത്ഥം.അടുത്തൊരു തിരഞ്ഞെടുപ്പ് വരുമ്പോളേക്കും ബി.ജെ.പി ക്കു വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റുക എന്നതാണ് ഇവരുടെ ലക്‌ഷ്യം.
ബി.ജെ.പി ക്കു കേരളത്തിൽ കിട്ടിയ മൃതസഞ്ജീവനി ആയിരുന്നു ശബരിമല യുവതീപ്രവേശന വിഷയം. വളരെ വർഷങ്ങളായി കേരളത്തിൽ ബി.ജെ.പി ക്കു സംഘടനാ സംവിധാനങ്ങൾ കേരളത്തിൽ ഉണ്ടെങ്കിൽ തന്നെയും തുല്യശക്തികളായ ഇടതു വലതു മുന്നണികളുടെ ശക്തമായ മത്സരത്തിനിടയിൽ അവർക്ക് രാഷ്ട്രീയമായ ഇടം കിട്ടാറില്ലായിരുന്നു. ഇടതു വലതു മുന്നണികളുടെ നേതാക്കൾക്ക് പകരം വെക്കാനുള്ള നേതാക്കളില്ലാത്തതും ബി.ജെ.പി യെ തിരഞ്ഞെടുപ്പ് ഗോദയിൽ അപ്രസക്തരാക്കികൊണ്ടിരുന്നു. എന്നാൽ ഇക്കുറി വീണുകിട്ടിയ ശബരിമല വിഷയം ബി.ജെ.പി ക്കു കേവലം തിരഞ്ഞെടുപ്പ് രംഗത്തു മാത്രമല്ല സംഘപരിവാറിന് കേരളത്തിൽ അടിത്തറ ഉണ്ടാക്കാൻ കൂടി അവർ ഉപയോഗിക്കുന്നു എന്നത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്നത് കേരളത്തിലെ ജനങ്ങളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ആവശ്യമായിട്ടല്ല അത് സുപ്രീം കോടതിയിൽ വർഷങ്ങൾക്കു മുന്നേ എത്തിയത്. സംഘ പരിവാറിന്റെ തന്നെ പോഷക സംഘടന ആയിരുന്നു അത്തരം ഒരാവശ്യവുമായി കോടതിയിൽ പോയത്. സുപ്രീം കോടതി ഈ വിഷയത്തിൽ മുൻ സർക്കാറിനോട് അഭിപ്രായം ചോദിച്ചപ്പോൾ ആചാരങ്ങളുടെ കാര്യത്തിൽ മതനേതൃത്വങ്ങൾ തീരുമാനം എടുക്കട്ടെ എന്നൊരു നിലപാടായിരുന്നു യു.ഡി എഫ്  സ്വീകരിച്ചത്. എന്നാൽ ഭരണം മാറി ഒരു കമ്യുണിസ്റ് മന്ത്രിസഭ വന്നപ്പോൾ യുവതികൾക്കും കൂടി ക്ഷേത്ര പ്രവേശനം അനുവദിക്കണം എന്ന തികച്ചും പുരോഗമനപരമായ ഒരു നിലപാട് ആയിരുന്നു പിണറായി മന്ത്രിസഭ എടുത്തത്. പാർട്ടി ഭേതമന്യേ പുരോഗമന ചിന്താഗതിക്കാരുടെ കയ്യടി കിട്ടിയ തീരുമാനം കൂടിയായിരുന്നു അത്.
വിശ്വാസ കാര്യങ്ങളിലുള്ള സി.പി.എമ്മിന്റെ ഈ നിലപാട് വിവാദമാക്കി എളുപ്പം വർഗ്ഗീയ വികാരം ഇളക്കി വിടാമെന്ന് സംഘ പരിവാർ ബുദ്ധികേന്ദ്രങ്ങൾ കണക്കു കൂട്ടി. ഒരു കമ്യുണിസ്റ്റ്  സർക്കാർ ഹിന്ദു ആചാരങ്ങളെ തകർക്കാൻ ശ്രമിക്കുന്നു എന്ന തരത്തിൽ പ്രചാരണം നടത്തിയാൽ വിശ്വാസികളെ കയ്യിലെടുക്കാൻ പ്രയാസമില്ലെന്നു അവർ മനസ്സിലാക്കി.  അതോടെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന ആർ.എസ്.എസ്സിന്റെ മുൻ  നിലപാടിൽ നിന്നും അവർ ഉടൻ മലക്കം മറിഞ്ഞു.
ഈ ഒരു സാഹചര്യത്തിലാണ് ഇടതു സർക്കാരിന്റെ അതിബുദ്ധി വിനയായത്. ബി.ജെ.പി ഈ വിഷയത്തിൽ വിശ്വാസികളെ സംഘടിപ്പിച്ച് പ്രതിഷേധത്തിനിറങ്ങിയപ്പോൾ ചർച്ചയുടെയോ സംയമനത്തിന്റെയോ പാത സ്വീകരിക്കാതെ കടുംപിടുത്തവുമായി സമരക്കാരെ നേരിടാനാൻ സർക്കാർ തീരുമാനിച്ചത് വലിയൊരു രാഷ്‌ടീയ ചൂതാട്ടം തന്നെ ആയിരുന്നു. അതിനു ഇടതു സർക്കാരിനെ പ്രേരിപ്പിച്ചത് പലവിധ കാരണങ്ങളായിരുന്നു.
ബംഗാളിലും, ത്രിപുരയിലും ഭരണം നഷ്ടപ്പെട്ട സി.പി.എമ്മിന്റെ ലക്‌ഷ്യം   കേരളത്തിൽ ഒരു തുടർ ഭരണമാണ്.  പക്ഷെ ഇടതു വലതു മുന്നണികൾക്ക് അഞ്ചു വർഷം ഇടവിട്ടു ഭരണം കൈമാറി കൊടുക്കുകയാണ് കേരളത്തിലെ വോട്ടർമാരുടെ ശീലം. പതിറ്റാണ്ടുകളായി ആ രീതിക്കു ഒരു മാറ്റവും വന്നിട്ടില്ല. അങ്ങനെ നോക്കുമ്പോൾ രണ്ടു വർഷത്തിന് ശേഷം വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന  വലിയ പ്രതീക്ഷയൊന്നും ഇടതുമുന്നണിക്കില്ല. അതുകൊണ്ട് യു.ഡി.എഫിനെ എന്ത് വിലകൊടുത്തും തോൽപിക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പാറ്റേൺ വലിയൊരു സൂചന നൽകിയിരുന്നു. അതായത് എവിടെയൊക്കെ ബി.ജെ.പി ക്കു വോട്ടു വർദ്ധിക്കുന്നുവോ അവിടെയെല്ലാം കോൺഗ്രസ്സിന് വോട്ടു കുറയുകയും അതിന്റെ ഫലമായി ഇടതുമുന്നണിക്ക് അനായാസമായി ജയിച്ചു കയറാനും സാധിക്കുന്നു. അതിനാൽ ശബരിമല വിഷയം ഉപയോഗിച്ച് ബി.ജെ.പി കുറച്ചു വളർന്നാൽ തന്നെ അത് കേഡർ പാർട്ടിയായ സി.പി.എമ്മിന് കോട്ടമൊന്നും വരുത്തില്ലെന്നും പക്ഷെ കോൺഗ്രസ്സിനെ വലിയ തോതിൽ ക്ഷയിപ്പിക്കുമെന്നും ഇടതു ബുദ്ധി കേന്ദ്രങ്ങൾ കണക്കു കൂട്ടി.
ബി.ജെ.പി എത്ര വളർന്നാലും അവർക്കു ഹിന്ദു വോട്ടുകൾ മാത്രമേ വലിയ തോതിൽ സ്വാധീനിക്കാനാകു അതിനാൽ അവർ ഒരിക്കലും  ഏറ്റവും വലിയ കക്ഷിയാകില്ലെന്നും കോൺഗ്രസ്സിന്റെ സവർണ്ണ ഹിന്ദു വോട്ട് ബാങ്കുകളിൽ ബി.ജെ.പി വിള്ളൽ വീഴ്ത്തുമ്പോൾ ഇടതു വിജയം  എളുപ്പമാകുമെന്നും ആയിരുന്നു ഇടത്‌ മുന്നണി കരുതിയത്. അതിന്റെ ഫലമായി ശബരിമല വിഷയത്തിൽ കടുംപിടുത്തം പിടിച്ച് ഹിന്ദുക്കളെ പ്രകോപിപ്പിച്ചു അതിലൂടെ പരോക്ഷമായി ബി.ജെ.പിയെ വളർത്താൻ കൂട്ട് നിന്നു എന്ന് സാമാന്യ യുക്തിയിൽ മനസിലാക്കാം.
ശബരിമലയിൽ തുല്യ നീതിക്കു വേണ്ടി നിലകൊണ്ടാൽ പുരോഗമന ചിന്തക്കാരുടെയും, ബി.ജെ. പി യെ എതിർക്കുന്നതിനാൽ ന്യൂനപക്ഷങ്ങളുടെയും പ്രീതി പിടിച്ചു പറ്റാം എന്നതും ഇടതുമുന്നണിയെ ഈ നിലപാടെടുക്കാൻ പ്രേരിപ്പിച്ചിരുന്നു. ഈ വിഷയത്തിൽ ദളിത് വിഭാഗങ്ങളെ സവർണ്ണ വിഭാഗങ്ങളുമായി ഭിന്നിപ്പിച്ചു ദളിത് രക്ഷാകർതൃത്വം  ഏറ്റെടുക്കാനും സി.പി.എമ്മിന്റെ ഭാഗത്തു നിന്നും ബോധപൂർവ്വമായ ശ്രമം ഉണ്ടായി.
ശബരിമലയിലെ കടുംപിടുത്തം ന്യായീകരിക്കാൻ ഉള്ള ഒരു  മറ മാത്രമായിരുന്നു സർക്കാരിന്റെ നവോത്ഥാന വായ്ത്താരികൾ. അതല്ലാതെ സ്ത്രീ ശാക്തീകരണമോ, തുല്യ നീതിയോ ആയിരുന്നില്ല സർക്കാരിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്ന് പിന്നീടുള്ള സർക്കാരിന്റെ പ്രവർത്തികൾ തെളിയിച്ചു. രഹ്ന ഫാത്തിമയെയും, ലിബിയെയും അതുപോലെ മല കയറാൻ ലക്ഷ്യമിട്ട മറ്റു ആക്ടിവിസ്റ്റുകളെയും കേസിൽ കുരുക്കി ജയിലിൽ ഇട്ടതൊക്കെ സി,പി.എമ്മിന്റെ തുല്യ നീതി വാദങ്ങളിലെ പൊള്ളത്തരം തുറന്നു കാട്ടാൻ പര്യാപ്തമായ കാരണങ്ങളായിരുന്നു.
എന്തൊക്കെ പറഞ്ഞാലും അവസരത്തിനൊത്തു ഉയർന്ന ബി.ജെ.പി നാമജപ ഘോഷയാത്രകളും അക്രമങ്ങളും പ്രതിഷേധങ്ങളും ഒക്കെയായി ഈ സംഭവത്തെ വലിയ രീതിയിൽ പൊലിപ്പിച്ചെടുത്ത് തങ്ങളുടെ അജണ്ടകൾക്ക് അനുസൃതമായി ഈ വിഷയത്തെ മാറ്റിയെടുത്തു. സർക്കാരിനെതിരെ വലിയൊരു ഹിന്ദു വികാരം വളർത്തി കൊണ്ടുവരാൻ  അവർക്കു വലിയ പ്രയാസമുണ്ടായില്ല. തുടർന്ന് വിഷയം സുപ്രീം കോടതിയിൽ എത്തുകയും സർക്കാർ കടുംപിടുത്തങ്ങളിൽ  നിന്നും പിന്നോക്കം പോയി ശബരിമല കയറാൻ തയ്യാറായി വരുന്ന യുവതികളെ പിന്തിരിപ്പിക്കുന്ന അവസ്ഥയിലായി പിന്നീട് കാര്യങ്ങൾ.
ഈ സംഭവങ്ങളുടെ ചൂടാറും മുന്നെയാണ് തിരഞ്ഞെടുപ്പ് വന്നത്. ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്നു സംസ്ഥാന സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കൊണ്ട് ഉത്തരവ് ഇടീപ്പിച്ചെങ്കിലും അത് ഫലവത്തായില്ല എന്നതാണ് സത്യം. ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പിയും കോൺഗ്രസ്സും അത് തന്നെ ആയിരുന്നു പ്രചാരണ ആയുധമാക്കിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കോൺഗ്രസ്സിന്റെ വോട്ടുകളാണ് ചോർത്തിയതെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മിക്കയിടത്തും  ഇടതു വോട്ടു ബാങ്കുകളിലും കടന്നു കയറാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഫലമോ ആരും പ്രതീക്ഷിക്കാത്ത തൃശൂർ പോലുള്ള  മണ്ഡലത്തിൽ പോലും ബി.ജെ.പിക്ക് ഒരു ത്രികോണ മത്സരത്തിനുള്ള ശക്തി കൈവന്നു. എം.പി യായിട്ടും സംസ്ഥാനത്തെ ബി.ജെ.പി അണികൾ പോലും വിലവെക്കാതിരുന്ന സുരേഷ് ഗോപിക്ക് വീരപരിവേഷമാണ് തിരഞ്ഞെടുപ്പ് ഗോദയിൽ കിട്ടിയത്. ഇടതു മുന്നണിയുടെ ശബരി മല നയം ജനങ്ങൾ എങ്ങനെ സ്വീകരിച്ചു എന്നത് അറിയാൻ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം.
ഇടതു വലതു മുന്നണികൾ ഇനി ഉണർന്നു പ്രവർത്തിക്കേണ്ട സമയം ആണ്. ഇനിയുള്ള കാലം ആളുകളെ സംഘി ചാപ്പയടിച്ചോ, ട്രോളുകൾ ഇറക്കിയോ മാത്രം സംഘ പരിവാറിനെ പ്രതിരോധിക്കാൻ ആകില്ല. ശബരിമല വിഷയത്തിൽ വന്ന പാളിച്ചകൾ  ഇനി ആവർത്തിച്ചാൽ ഒരു തിരിച്ചു വരവിനു ഇനി സമയമുണ്ടാകില്ല. കൃത്യമായ രാഷ്ട്രീയ നീക്കങ്ങളും ആശയ പ്രതിരോധങ്ങളും സംഘ്പരിവാറിനെതിരെ നടത്തി അവർ  കേരളമണ്ണിൽ വേരൂന്നാതിരിക്കാൻ ഇനിയെങ്കിലും  ജനാധിപത്യ  പാർട്ടികൾ ശ്രദ്ധിക്കണം

Leave a Reply

Your email address will not be published. Required fields are marked *